എൽ ക്ലാസിക്കോ വരുന്നു
എൽ ക്ലാസിക്കോ വരുന്നു
Wednesday, November 30, 2016 1:47 PM IST
ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പോരാട്ടത്തിന് അരങ്ങൊരുങ്ങി. സ്പാനിഷ് ലാ ലിഗയിൽ ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ (ദി ക്ലാസിക്) ശനിയാഴ്ച ന്യൂകാമ്പിൽ നടക്കും. ഇന്ത്യൻ സമയം 8.45നാണ് കിക്കോഫ്. കാൽപ്പന്തിനെ സ്നേഹിക്കുന്നവരെല്ലാം ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ക്ലബ് ഫുട്ബോളിലെ ബാഴ്സലോണ– റയൽ മാഡ്രിഡ് രാജകീയ അങ്കം. ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളായ ഡിയേഗോ മാറഡോണയും സിനദിൻ സിദാനും റൊണാൾഡീഞ്ഞോയും റൊണാൾഡോയും(ബ്രസീൽ) ഫിഗോയും ഡേവിഡ് ബക്കാമും ആൽഫ്രെഡോ ഡി സ്റ്റെഫാനോയും ജിയോവാനിയും തുടങ്ങി ഏറ്റവും ഒടുവിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും സുവാരസുമെല്ലാം റയലിലോ ബാഴ്സയിലോ പന്തു തട്ടി ഖ്യാതി നേടിയവരാണ്. ഇവരുടെയൊക്കെ ബൂട്ടുകളിലെ ചാരുത നിരവധി തവണ നുകർന്ന ആരാധകർക്കു വിരുന്നൊരുക്കാൻ ഇരുടീമും തയാറായിക്കഴിഞ്ഞു.

റയലിന്റെ പരിശീലകനായ ശേഷം സിനദിൻ സിനദാന്റെ രണ്ടാമത്തെ എൽക്ലാസികോയാണ്. കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ അവരുടെ തട്ടകത്തിൽ വച്ച് 2–1ന് തോൽപ്പിച്ചുകൊണ്ട് സിദാൻ പരിശീലകക്കുപ്പായം തനിക്കിണങ്ങുന്നതാണെന്ന് തെളിയിച്ചു. ഈ ലാലിഗ സീസണിൽ റയൽ മികച്ച ഫോമിലാണ്. ലീഗിൽ ഇതുവരെ പതിമൂന്നു മത്സരം പൂർത്തിയായപ്പോൾ ഒരു തോൽവി പോലും അറിഞ്ഞിട്ടില്ല. പത്ത് ജയവും മൂന്നു സമനിലയുമായി ഒന്നാം സ്‌ഥാനത്താണ്. ബാഴ്സലോണയുടെ പ്രകടനം സമ്മിശ്രമാണ്. എട്ട് ജയം, മൂന്നു സമനില, രണ്ടു തോൽവി എന്നിങ്ങനെയായി രണ്ടാം സ്‌ഥാനത്താണ്.

ഏറ്റവും മികച്ച ഫുട്ബോളർ ആരെന്നുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള പോരാട്ടത്തിനു കൂടിയാണ് എൽക്ലാസികോ വേദിയാകുന്നത്. ബാഴ്സയുടെ മുന്നേറ്റനിരയിലെ പ്രസിദ്ധമായ എംഎസ്എൻ (മെസി, സുവാരസ്, നെയ്മർ) ത്രയം ഇറങ്ങും. റയലിന്റെ ബിബിസി ത്രയത്തിൽ (ബെൻസമ, ബെയ്ൽ, ക്രിസ്റ്റ്യാനോ) ഗാരത് ബെയ്ലിന് പരിക്ക് മൂലം ഇറങ്ങാനാവില്ല. ലീഗിലും ചാമ്പ്യൻസ് ലീഗിലും മികച്ച ഫോമിൽ കളിക്കുന്ന ബെയ്ലിന്റെ അഭാവം റയലിന്റെ മുന്നേറ്റത്തെ ബാധിക്കും. എന്നാൽ ബെൻസമയും റൊണാൾഡോയും ഗോളടിക്കുന്നത് റയലിന് ആശ്വാസം നൽകുന്നു. ബാഴ്സയിൽ മെസിയെ കേന്ദ്രീകരിച്ചാണ് പ്രകടനങ്ങളെല്ലാം. നെയ്മറും സുവാരസും തങ്ങളുടെ പ്രതിഭയ്ക്കൊത്ത പ്രകടനം നടത്തുന്നുമില്ല. മധ്യനിര ജനറൽ ആന്ദ്രെ ഇനിയെസ്റ്റ പരിക്ക് ഭേദമായി തിരിച്ചെത്തുന്നത് ലൂയിസ് എൻറികെയ്ക്ക് ആശ്വാസം നൽകുന്നു.

മാറഡോണയ്ക്കും റൊണാൾഡീഞ്ഞോയ്ക്കും കൈയടി

കറ്റാലന്മാരുടെ വ്യക്‌തിത്വമാണ് ബാഴ്സലോണ. അതുപോലെ സ്പാനിഷ് വ്യക്‌തിത്വം റയൽ മാഡ്രിഡും. മിക്ക എൽ ക്ലാസിക്കോ പോരാട്ടവും കൈയാങ്കളിയിലാണ് അവസാനിച്ചിരുന്നത്. റയലിൽ കളിക്കുന്ന താരങ്ങളെ ബാഴ്സലോണക്കാരും ബാഴ്സയിൽ കളിക്കുന്ന താരങ്ങളെ റയൽ താരങ്ങളും ഒരിക്കലും ഇഷ്‌ടപ്പെട്ടിരുന്നില്ല. അവർ എത്ര വലിയ കളിക്കാരാണെങ്കിൽ പോലും. ഇനി രാജ്യാന്തര തലത്തിൽ സ്പെയിനിനു വേണ്ടി കളിക്കുന്നവരാണെങ്കിൽപ്പോലും അവരെ കണ്ടിരുന്നത് ബാഴ്സ, റയൽ മനോഭാവത്തോടെയാണ്. റയൽ താരങ്ങൾ ബാഴ്സയിലേക്കും ബാഴ്സ താരങ്ങൾ റയലിലേക്കും കൂടുമാറുന്നതു പോലും അപൂർവമാണ്.


എന്നാൽ, ബാഴ്സയിൽ കളിച്ച രണ്ടു താരങ്ങൾക്ക് റയലിന്റെ തട്ടകത്തിൽ കാണികൾ എഴുന്നേറ്റു നിന്നു കൈയടിച്ച് ആദരവ് പ്രകടിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. അത് ഇതിഹാസ താരങ്ങളായ സാക്ഷാൽ ഡിയേഗോ മാറഡോണയ്ക്കും റൊണാൾഡീഞ്ഞോയ്ക്കുമാണ്.

2005 നവംബറിൽ ബ്രസീലിയൻ താരം റൊണാൾഡീഞ്ഞോയുടെ അനുപമ പ്രകടനം കണ്ടാണ് സാന്റിയാഗോ ബർണേബു കൈയടിച്ചത്. റൊണാൾഡോ, റൊബർട്ടോ കാർലോസ്. ബെക്കാം, സിദാൻ, റൗൾ തുടങ്ങിയ വമ്പന്മാർ അണിനിരന്ന് റയലിനെതിരേ റൊണാൾഡീഞ്ഞോയുടെ ഒറ്റയാൾ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. 3–0ന് ബാഴ്സ ജയിച്ച മത്സരത്തിൽ രണ്ടു ഗോളും നേടിയത് റൊണാൾഡീഞ്ഞോയായിരുന്നു. സാമുവൽ എറ്റു നേടിയ മൂന്നാം ഗോളിനു വഴിതെളിച്ചതും റൊണാൾഡീഞ്ഞോ തന്നെ.

ആ മാസ്മരിക പ്രകടനം കണ്ട സാന്റിയാഗോ ബർണാബുവിലെ കാണികൾ എഴുന്നേറ്റുനിന്നു കൈയടിച്ചു. അവർക്ക് നന്ദിയും പറഞ്ഞാണ് റൊണാൾഡീഞ്ഞോ മാഡ്രിഡ് വിട്ടത്. സമാനമായ സംഭവമായിരുന്നു 1983ൽ മാറഡോണയുടേതും. ലീഗ് കപ്പിലായിരുന്നു മാറഡോണയുടെ ഉജ്വല പ്രകടനം. മാറഡോണയുടെ പ്രകടനത്തിന്റെ മികവിൽ ബാഴ്സ കിരീടം നേടി. മാറഡോണയെ അഭിനന്ദിക്കാൻ ഒരു പിശുക്കും മാഡ്രിഡ് ആരാധകർ കാണിച്ചില്ല.

ലിവർപൂൾ സെമിയിൽ

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ലിവർപൂൾ സെമി ഫൈനലിൽ. ക്വാർട്ടറിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനു ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ചാണ് ലിവർപൂൾ സെമിയിലെത്തിയത്. ഡിവോക് ഒറിഗി (76), ബെൻ വുഡ്ബേൺ (81) എന്നിവരുടെ ഗോളുകളാണ് ലിവറിനെ സെമിയിലേക്കെത്തിച്ചത്. ഗോളിലൂടെ വുഡ്ബേൺ ലിവർപൂളിനുവേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ആദ്യ പകുതിയിൽ ലീഡ്സിനു ലഭിച്ച മികച്ച ഗോളവസരം വലയിലെത്തിയില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമിനും അവസരം ലഭിച്ചെങ്കിലും അതും ഫലം കണ്ടില്ല. കളി തീരാൻ പതിനാലു മിനിറ്റുള്ളപ്പോൾ ആദ്യ ഗോൾ വന്നു. രണ്ടാം ഗോൾ നേടിക്കൊണ്ടു വുഡ്ബേൺ ലിവർപൂളിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി. പതിനേഴു വയസും 45 ദിവസവുമാണ് വുഡ്ബേണിന്റെ പ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.