ഫുട്ബോൾ ലോകം തേങ്ങി
ഫുട്ബോൾ ലോകം തേങ്ങി
Wednesday, November 30, 2016 1:47 PM IST
സാംപൗളോ : ആഗോള ഫുട്ബോൾ ലോകത്തിന് കറുത്ത ദിനം. വിമാനം തകർന്ന് മരിച്ച ബ്രസീിലിയൻ ക്ലബ്ബ് ടീമായ ചാപെകോയൻസിന്റെ താരങ്ങൾക്കു വേണ്ടി ലോകമെങ്ങും പ്രാർഥനകൾ നടന്നു. കാൽപ്പന്തുകളിയിലെ ബ്രസീലിന്റെ ഇതിഹാസം പെലെയും ഇന്നത്തെ മുൻനിര താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ തുടങ്ങിയ പ്രമുഖർ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ 71 പേർ കൊല്ലപ്പെട്ടപ്പോൾ അവിശ്വസനീയമായി ആറു പേർ രക്ഷപ്പെട്ടു. ശൂന്യതയിൽ നിന്നും ഉയർന്നു വന്ന സംഘമായിരുന്നു ചാപെകോയൻസ്. ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ലബ് ടൂർണമെന്റായ കോപ്പ സുഡമേരിക്കാന (ദക്ഷിണ അമേരിക്കൻ കപ്പ്) ഫൈനൽ മത്സരത്തിനായി പോകവേയാണ് ലോകത്തെ നടുക്കിയ ദുരന്തമുണ്ടായത്. വൈദ്യുതി തകരാർ മൂലം അടിയന്തര ലാൻഡിംഗിനു ശ്രമിക്കുമ്പോൾ മെഡെലിൻ നഗരത്തിനു സമീപമാണ് വിമാനം തകർന്നു വീണത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. ടീമിനെ കൂടാതെ 20 ബ്രസീലിയൻ മാധ്യമ പ്രവർത്തകരും മരിച്ചവരിൽ ഉൾപ്പെടുന്നു. രക്ഷപ്പെട്ട ഗോൾകീപ്പർ ജാക്സൺ ഫോൾമാന്റെ വലതു കാൽ മുറിച്ചുമാറ്റിയെന്ന് സാൻ വിതെന്റെ ആശുപത്രി അധികൃതർ അറിയിച്ചു. ചാപെകോയൻസ് ടീം ഒരു കുടുബം പോലെയായിരുന്നു. സുഹൃത്തുക്കളുടെ ഒരു സംഘം. –ക്ലബ്ബിന്റെ ഉപദേശക സംഘത്തിന്റെ തലവൻ ലിനിയോ ഫിലോ പറഞ്ഞു.

ബൊളീവിയയിൽനിന്നും ടീം വിമാനത്തിൽ കയറുന്നതിനു മുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചാപെകോയൻസിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമായ മാർക്കോസ് ഡനീലോ പഡിയ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ദക്ഷിണ അമേരിക്കൻ കപ്പ് സെമി ഫൈനലിൽ മാർക്കോസ് ഡനിലോ അവസാന മിനിറ്റിൽ നടത്തിയ സേവാണ് ടീമിനെ ഫൈനലിലെത്തിച്ചത്.

ലോകമെങ്ങും നിന്ന് കണ്ണീരിൽ കുതിർന്ന അനുശോചന പ്രവാഹങ്ങളാണ് എത്തുന്നത്. ബ്രസീലയൻ ഫുട്ബോൾ തേങ്ങുകയാണ്. അത്രയും വലിയ ദുരന്തമാണിത് –ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ട്വിറ്ററിൽ കുറിച്ചു. ഫുട്ബോളിൽ ശക്‌തരാവുന്നതിലേക്കുള്ള വഴിയിലാണ് അവരെ നഷ്ടമായിരിക്കുന്നത്. അവർഎടുത്തത് തെറ്റായ വിമാനമായിപ്പോയി. അർജന്റീനയുടെ മുൻ സൂപ്പർതാരം ഡിയേഗോ മാറഡോണ ഫേസ്ബുക്കിൽ കുറിച്ചു.


സ്പെയിനിൽ പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് റയൽ മാഡ്രിഡും ബാഴ്സലോണയും ഒരു നിമിഷത്തെ നിശബ്ദ പ്രാർഥന നടത്തി. അർജ ന്റീനിയൻ താരം ലയണൽ മെസിയും ഉറുഗ്വെ താരം ലൂയിസ് സ്വാരസും ബ്രസീലിയൻ താരം നെയ്മറും മരിച്ചവരുടെ കുടുബത്തെ അനുശോചനം അറിയിച്ചു.

ദക്ഷിണ അമേരിക്കൻ കപ്പ് ചാപെകോയൻസിനു നൽകണമെന്നാവശ്യം

ബ്രസീലിയൻ ക്ലബ് ചാപെകോയൻസിനു ദക്ഷിണഅമേരിക്കൻ കപ്പ് നൽകണമെന്ന് അത്ലറ്റിക്കോ നാഷണൽ ക്ലബ്ബ് ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനോട് അഭ്യർഥിച്ചു. കോപ്പ് സുഡമേരിക്കാന 2016ന്റെ ചാമ്പ്യൻസ് ചാപെകോയൻസാണ്. അത്ലറ്റിക്കോ നാഷണൽ സ്ട്രൈക്കർ എസക്കിയേൽ റസ്്കാൽഡാനി പറഞ്ഞു.

സ്നേഹസ്പർശവുമായി ബ്രസീൽ ക്ലബ്ബുകൾ

വിമാനാപകടത്തിൽ കളിക്കാരെ നഷ്‌ടപ്പെട്ട ചാപെകോയൻസിനു താരങ്ങളെ വായ്പ അടിസ്‌ഥാനത്തിൽ ഒരു തുകയും വാങ്ങിക്കാതെ നൽകാൻ തയാറാണെന്ന് ബ്രസീലിലെ വിവിധ ക്ലബ്ബുകൾ അറിയിച്ചു. കൊറിന്ത്യൻസ്, ഫ്ളെമെംഗോ, ഫ്ളൂമിനൻസ്, സാന്റോസ്, സാംപൗളോ തുടങ്ങിയവരാണ് ചാപെകോയൻസ് ക്ലബ്ബിനെ നിലനിർത്താനായി കളിക്കാരെ വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചത്. സീസണിലെ അവസാന മാച്ചിൽ ചാപെകോയൻസിന്റെ ജേഴ്സി ധരിക്കാൻ അനുവദിക്കണമെന്ന് ബ്രസീലിയൻ ലീഗ് ചാമ്പ്യൻസായ പാൽമെയിറസ് അഭ്യർഥിച്ചു. ഒന്നാം ഡിവിഷൻ ലീഗിൽ തന്നെ ചാപെക്കോയൻസിനെ നിലനിർത്തണമെന്നും ഫുട്ബോൾ കോൺഫെഡറേഷനോട് വിവിധ ക്ലബ്ബുകൾ അഭ്യർഥിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.