അഖിലേന്ത്യ അന്തർ സർവകലാശാല വോളി പാലായിൽ
അഖിലേന്ത്യ അന്തർ സർവകലാശാല വോളി പാലായിൽ
Tuesday, November 29, 2016 1:36 PM IST
കോട്ടയം: ദക്ഷിണമേഖല, അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ വോളിബോൾ മത്സരങ്ങൾ ഡിസംബർ രണ്ടു മുതൽ ആറു വരെയും എട്ടു മുതൽ 12 വരെയും പാലാ സെന്റ് തോമസ് കോളജ് സ്റ്റേഡിയത്തിൽ നടക്കും. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി ഈ വർഷത്തെ അന്തർ സർവകലാശാലാ വോളി മത്സരങ്ങൾ നടത്താൻ എംജി സർവകലാശാലയ്ക്ക് അനുമതി നൽകിയതോടെയാണ് പാലാ സെന്റ് തോമസ് സ്റ്റേഡിയം ഇതിനായി തെരഞ്ഞെടുത്തതെന്ന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരളം, തമിഴ്നാട്, കർണാടകം, പോണ്ടിച്ചേരി സംസ്‌ഥാനങ്ങളിൽ നിന്നുള്ള 83 സർവകലാശാലകളുടെ ടീമുകളാണ് പങ്കെടുക്കുന്നത്. ദക്ഷിണ, ഉത്തര, പൂർവ, പശ്ചിമ മേഖലകളിൽനിന്നു യോഗ്യത നേടുന്ന നാലു ടീമുകൾ വീതം 16 ടീമുകളാണ് അഖിലേന്ത്യാ മത്സരങ്ങളിൽ പങ്കെടുക്കുക. 1200 കളിക്കാരും 300 ഒഫീഷ്യലുകളും പാലായിൽ നടക്കുന്ന വോളി ടൂർണമെന്റിൽ പങ്കെടുക്കും. ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം ഉൾപ്പെടെ നാലു കോർട്ടുകളിലായിരിക്കും മത്സരങ്ങൾ. മലയാളികളായ മുൻ ദേശീയ താരങ്ങൾ വിവിധ ദിവസങ്ങളിൽ അതിഥികളായി പങ്കെടുക്കും.


ഡിസംബർ രണ്ടിന് വൈകുന്നേരം 5.30ന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. സിൻഡിക്കറ്റ് അംഗം പി.കെ. ഹരികുമാർ അധ്യക്ഷത വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.