കേരള ബ്ലാസ്റ്റേഴ്സിനു മികച്ച ജയം അനിവാര്യം
കേരള ബ്ലാസ്റ്റേഴ്സിനു മികച്ച ജയം അനിവാര്യം
Monday, November 28, 2016 11:15 AM IST
കോൽക്കത്ത: രവീന്ദ്രസരോവർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിക്കണം. ഇന്നു ജയിക്കുന്ന ടീമിന് ഏറെക്കുറെ സെമി ഉറപ്പിക്കാം എന്നിരിക്കേ, പോരാട്ടം കനക്കുമെന്നുറപ്പ്. 12 മത്സരങ്ങളിൽനിന്ന് അഞ്ചു ജയവും ആറു പരാജയവും രണ്ടു സമനിലയുമുള്ള കേരളത്തിന് 18 പോയിന്റുണ്ട്. അത്രതന്നെ കളികളിൽനിന്ന് അത്ലറ്റിക്കോ ഡി കോൽക്കത്തയ്ക്കും 18 പോയിന്റാണുള്ളത്. ഈ മത്സരം ആരു ജയിച്ചാലും അവർ സെമിയിലെത്തും. സ്വന്തം തട്ടകത്തിൽ കേരളം കോൽക്കത്തയോട് പരാജയപ്പെട്ടു. കൊച്ചിയിൽ കേരളം പരാജയപ്പെട്ട ഏക മത്സരവും അതായിരുന്നു. അതിനുള്ള പ്രതികാരം ചെയ്യാൻ കോൽക്കത്തയിൽ കേരളത്തിനു സാധിച്ചാൽ ആത്മവിശ്വാസത്തോടെ സെമി കളിക്കാം. അവസാന മത്സരം ഡിസംബർ നാലിന് കൊച്ചിയിലാണ്.

കണക്കിലെ കളിയിൽ കോൽക്കത്തയ്ക്കാണ് മുൻതൂക്കം. മുംബൈക്കെതിരായ കനത്ത പരാജയത്തിനു ശേഷം കൊച്ചിയിൽ പൂനയ്ക്കെതിരേ ത്രസിപ്പിക്കുന്ന വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. അതിന്റെ ആത്മവിശ്വാസം ടീമിനുണ്ടെന്ന് പരിശീലകൻ സ്റ്റീവ് കോപ്പൽ പറയുന്നു.

എഫ്സി ഗോവയെ 2–1നു പരാജയപ്പെടുത്തിയ കോൽക്കത്തയും നിറഞ്ഞ പ്രതീക്ഷയിലാണ്. എന്നാൽ, പരിക്കാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്നം. സ്റ്റീഫൻ പിയേഴ്സൺ, സമീഗ് ഡ്യൂറ്റി, ലാൽറിൻഡിഗ റാൽത്തെ എന്നീ മുൻനിര താരങ്ങൾ പരിക്കിലായത് കോൽക്കത്തയ്ക്കു തിരിച്ചടിയായി. ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇയാൻ ഹ്യൂമിന്റെ നേതൃത്വത്തിലുള്ള ടീം കരുത്തരാണ്. ഫുട്ബോൾ പ്രണയികളുടെ കേന്ദ്രമായ കോൽക്കത്തയിലെത്തുമ്പോൾ അവർക്ക് വർധിത വീര്യം കൈവരുമെന്നുറപ്പ്.

സെമിയിൽ പരിഗണിക്കുന്നത് നേർക്കുനേർ പോരാട്ടം

മുംബൈ സിറ്റിയും ഡൽഹി ഡൈനാമോസും സെമിയിലെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള രണ്ടു സ്‌ഥാനങ്ങളിലേക്ക് കോൽക്കത്ത, നോർത്ത് ഈസ്റ്റ്, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾ തമ്മിലാണ് പോരാട്ടം. ഇന്നത്തെ മത്സരത്തിൽ കോൽക്കത്ത വിജയിച്ചാൽ അവരുടെ സെമിയിലെ സ്‌ഥാനം ഉറപ്പാകും. എന്നാൽ, കേരളത്തിനു ജയിച്ചാൽ മാത്രം പോരാ. മറ്റു സാഹചര്യങ്ങൾ കൂടി പരിഗണിക്കണം. നേർക്കുനേർ പോരാട്ടമാണ് മൂന്നു ടീമിനും തുല്യ പോയിന്റ് വന്നാൽ പരിഗണിക്കുന്ന വിഷയം. കേരളം ഇന്നു പരാജയപ്പെടുകയും അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരേ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്താൽ കേരളത്തിനു സെമിയിൽ ഇടമുണ്ടാകും. എന്നാൽ, നോർത്ത് ഈസ്റ്റ് ഇനിയുള്ള രണ്ടു മത്സരങ്ങളും വിജയിക്കുകയും കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിൽ മാത്രം വിജയിക്കുകയും ചെയ്താൽ കേരളത്തിന്റെ നില പരുങ്ങലിലാകും. കാരണം ഇരുടീമിനും അപ്പോൾ 21 പോയിന്റ് വീതമാകും. ഗോൾ ശരാശരിയിൽ കേരളത്തേക്കാൾ മുന്നിലാണ് നോർത്ത് ഈസ്റ്റ്. അതുപോലെ തന്നെയാണ് കോൽക്കത്തയുടെയും അവസ്‌ഥ. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെടുകയും അവസാന മത്സരത്തിൽ പൂന സിറ്റിയെ പരാജയപ്പെടുത്തുകയും ചെയ്താൽ മൂന്ന് ടീമിനും 21 പോയിന്റ് വീതമാകും.


അപ്പോഴും നഷ്‌ടം കേരള ബ്ലാസ്റ്റേഴ്സിനാകും. തമ്മിൽത്തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആരാണു വിജയിച്ചത് എന്നതും സെമി സ്‌ഥാനം നിർണയിക്കുന്നതിൽ പ്രധാനമാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ എവേ മത്സരത്തിൽ പരാജയപ്പെട്ടത് കേരളത്തിന് പ്രതികൂല ഘടകമാണ്. നോർത്ത് ഈസ്റ്റിന് അടുത്ത മത്സരം 30–ാം തീയതി ഡൽഹി ഡൈനാമോസി നെതിരാണ്.

സ്റ്റീവ് കോപ്പൽ ചോദിക്കുന്നു; ഐഎസ്എലിന്റെ പ്രാഥമിക ഉദ്ദേശ്യം എന്ത് ?




കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രാഥമിക ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കോപ്പൽ രംഗത്ത്. കുട്ടികൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഏറ്റവും മികച്ച താരങ്ങളെ വാർത്തെടുത്ത് അടുത്ത അഞ്ചു മുതൽ പത്തു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഫിഫ റാങ്കിംഗിൽ ആദ്യ നൂറിൽ എത്താനുള്ള ശ്രമമാണ് നടത്തേണ്ടത്. കൂടുതൽ ഫുട്ബോൾ, അതായത് കൂടുതൽ മത്സരങ്ങൾ കളിക്കുക. അതായിരിക്കണം മുഖ്യ ലക്ഷ്യം.താത്പര്യം വർധിപ്പിക്കുക, താരങ്ങളെ വാർത്തെടുക്കുക എന്നതാണോ മികച്ച ടീമിനെ കണ്ടെത്തുക എന്നുള്ളതാണോ ലക്ഷ്യമെന്ന് മുൻ ഇംഗ്ലീഷ് താരമായ കോപ്പൽ ചോദിച്ചു.

ഇന്ത്യയിലെ ഫുട്ബോൾ മേഖലയിലെ അടിസ്‌ഥാന സൗകര്യങ്ങൾ മോശമാണ്. യുവാക്കൾക്കു അത്യാവശ്യം സൗകര്യങ്ങളെങ്കിലും ലഭ്യമാക്കണം. എന്നിരുന്നാലും ഐഎസ്എൽ പ്രചോദിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, ഇന്ത്യൻ കളിക്കാരും വിദേശ കളിക്കാരും തമ്മിലുള്ള അനുപാതം സംഘാടകർ പുനർചിന്തിച്ചാൽ മാത്രമേ പ്രാദേശിക കളിക്കാർക്ക് കൂടുതൽ അവസരം ലഭ്യമാകുകയുള്ളുവെന്നും കോപ്പൽ പറഞ്ഞു. മൂന്നോ നാലോ വർഷം കൂടുമ്പോൾ ഒരു രാജ്യാന്തര താരത്തെ സൃഷ്‌ടിച്ചാൽ അടുത്ത വർഷം ആറ് ഇന്ത്യൻ താരങ്ങൾ മികച്ച കളിക്കാരാകുമെന്നും അദ്ദേഹം പറഞ്ഞു.

അറുപത്തിയൊന്നുകാരനായ കോപ്പലിന് ഒമ്പത് ആഴ്ചകൾ മാത്രം നീണ്ടു നിൽക്കുന്ന ലീഗ് വ്യവസ്‌ഥയോടും താത്പര്യം കുറവാണ്. നീണ്ട സീസണുകളാണ് മികച്ച താരങ്ങളെ സൃഷ്‌ടിക്കാൻ സഹായിക്കുകയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ മധ്യനിരക്കാരനും കൂടിയായ കോപ്പൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.