ലീഗ് കപ്പ്: ആർസനലിനും ലിവർപൂളിനും ജയം
ലീഗ് കപ്പ്: ആർസനലിനും ലിവർപൂളിനും ജയം
Wednesday, October 26, 2016 12:05 PM IST
ലണ്ടൻ: യുവതാരങ്ങൾ മാറ്റുരച്ച കളിയിൽ ടോട്ടനത്തിനെതിരെ ലീഗ് കപ്പിൽ ലിവർപൂളിനു ജയം. റീഡിംഗിനെതിരെ ആർസനൽ വിജയിച്ചപ്പോൾ ന്യൂകാസിൽ യുണൈറ്റഡ് ആറ് ഗോളുകൾക്കു പ്രസ്റ്റൺ നോർത്ത് എൻഡിനെ തകർത്തു.

നാലു പ്രീമിയർ ലീഗ് മത്സരങ്ങളിൽ പുറത്തിരുന്ന ഡാനിയേൽ സ്റ്ററിജിന്റെ ഇരട്ട ഗോളുകളാണു ലിവർപൂളിനെ വിജയത്തിലേക്കു നയിച്ചത്. രണ്ട് ടീമുകളും യുവതാരങ്ങൾക്കു അവസരം കൊടുത്തപ്പോൾ ടോട്ടനം നിരയിൽ ക്യാപ്റ്റൻ എറിക് ഡയർ മാത്രമാണു മുഖ്യ ടീമിൽനിന്നു കളിച്ചത്.

ഒമ്പതാം മിനിറ്റിൽത്തന്നെ വല ചലിപ്പിച്ചു സ്റ്ററിജ് ചുവന്ന ചെകുത്താന്മാരെ മുന്നിലെത്തിച്ചു. പിന്നീട് രണ്ട് ടീമുകളും പൊരുതിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.

രണ്ടാം പകുതിയുടെ 64–ാം മിനിറ്റിൽ ടോട്ടനം പ്രതിരോധ താരം ജോർജീനോയെ നിഷ്പ്രഭമാക്കി സ്റ്ററിജ് തന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. ഗോളിനായി പൊരുതിയ ടോട്ടനത്തെ പെനാൽറ്റിയുടെ രൂപത്തിൽ ഭാഗ്യം തുണച്ചു. ലാമല്ലെയെ ലൂക്കാസ് ബോക്സിനുള്ളിൽ പുറകിൽ നിന്നു ഫൗൾ ചെയ്തതിനു റഫറി പെനാൽറ്റി വിധിച്ചു. ഷോട്ടെടുത്ത വിൻസെന്റ് യാൻസനു പിഴച്ചില്ല. സമനില ഗോളിനുള്ള അവസരം ഹാരിസൺ പാഴാക്കിയതോടെ പ്രീമിയർ ലീഗിലെ അഞ്ചാം സ്‌ഥാനക്കാർ പരാജയം സമ്മതിച്ചു.


അലക്സ് ചേംബർലെയ്ൻ നേടിയ ഇരട്ട ഗോളിന്റെ ബലത്തിലാണു റീഡിംഗിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തത്. പീറ്റർ ചെക്കിനടക്കം വിശ്രമം അനുവദിച്ച ആർസീൻ വെംഗർ യുവ ആർസനൽ നിരയെയാണ് കളത്തിലിറക്കിയത്.

ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ ഗണേഴ്സ് റീഡിംഗിനെതിരെ നിറയൊഴിച്ചു. ചേംബർലെയ്ന്റെ വലത്തെക്കാലിൽ നിന്നു പാഞ്ഞ കനത്ത ഷോട്ട് തടയാൻ റീഡിങ്ങ് ഗോളി അലി അൽ ഹബ്സിക്കു കഴിഞ്ഞില്ല. 78–ാം മിനിറ്റിൽ ചേംബർലെയ്ൻ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ പെനാൽറ്റി ബോക്സിന്റെ വെളിയിൽനിന്നെടുത്ത ഷോട്ട് ഗോൾ പോസ്റ്റിന്റെ ഇടത് മൂലയിൽ പതിച്ചു. അലക്സാണ്ടർ മിട്രോവിക്കിന്റെയും മുഹമ്മദ് ഡയാമിയുടെയും ഇരട്ട ഗോളുകളിലൂടെയാണു ന്യൂകാസിൽ പ്രസ്റ്റണെ മുക്കിയത്. മാറ്റ് റിച്ചിയും പെരസും ന്യൂകാസിലിന്റെ പട്ടിക പൂർത്തിയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.