ഇന്ത്യൻ ഗോൾവർഷം: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ സെമിയിൽ
ഇന്ത്യൻ ഗോൾവർഷം: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ സെമിയിൽ
Tuesday, October 25, 2016 12:02 PM IST
ക്വാൻടൻ (മലേഷ്യ): ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ചൈനയെ ഗോൾമഴയിൽ മുക്കി ഇന്ത്യ സെമിയിൽ. മറുപടിയില്ലാത്ത ഒമ്പത് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യക്കായി ആകാഷ്ദീപ് സിംഗ്, ജസ്ജിത് സിംഗ് കുമാർ, അഫാൻ യൂസഫ് എന്നിവർ ഇരട്ട ഗോൾ നേട്ടം സ്വന്തമാക്കി. ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ് ഗോൾവല കാക്കാൻ ഇറങ്ങാതിരുന്ന മത്സരത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ ജയമാഘോഷിച്ചത്. പരിശീലനത്തിനിടെ കാലിനു പരിക്കേറ്റതാണ് മലയാളി താരം ശ്രീജേഷിനു വിനയായത്. ശ്രീജേഷിനു പകരം ചികെ്‌തയാണ് ഗോൾവല കാക്കാൻ എത്തിയത്.

താരതമ്യേന ദുർബലരായ ചൈനയ്ക്കെതിരേ കളിയുടെ സർവ മേഖലയിലും ഇന്ത്യ മേധാവിത്വം പുലർത്തി. മത്സരം ഏകപക്ഷീയമാണെന്നതിന്റെ സൂചന ആദ്യ ക്വാർട്ടർ മുതൽ വെളിപ്പെട്ടു. മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ ഇന്ത്യ 4–0നു മുന്നിൽ. ശ്രീജേഷിനു പകരം ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞ രുപീന്ദർ പാൽ സിംഗിന്റെ നേതൃത്വത്തിൽ ഇന്ത്യ ഒത്തിണക്കത്തോടെ കളം നിറയുന്നതാണ് കണ്ടത്.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ആകാഷ്ദീപിലൂടെ ഇന്ത്യ മുന്നിലെത്തി. മികച്ച ഫിനിഷിംഗിലൂടെ ആകാഷ്ദീപ് ഇന്ത്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. 18–ാം മിനിറ്റിൽ ചൈനീസ് പ്രതിരോധത്തിന്റെ പിഴവ് മുതലാക്കി അഫാൻ യൂസഫ് ഇന്ത്യയുടെ ലീഡ് ഉയർത്തി. തുടർന്ന് രണ്ടാം ക്വാർട്ടറിൽ ജസ്ജിത് സിംഗ് കുലറും ക്യാപ്റ്റൻ രുപീന്ദർ പാലും ഗോൾ നേടിയതോടെ ഇന്ത്യൻ ലീഡ് 4–0 ആയി. ടൂർണമെന്റിൽ പെനാൽറ്റി കോർണർ വിദഗ്ധൻ രുപീന്ദറിന്റെ എട്ടാം ഗോളായിരുന്നു ഇത്.


ഇടവേളയ്ക്കുശേഷം മൂന്നാം ക്വാർട്ടറിനിറങ്ങിയ ഇന്ത്യൻ താരങ്ങൾ തുടർന്ന് ഗോൾ നേടാൻ മത്സരിക്കുന്നതാണു കണ്ടത്. മൂന്നാം ക്വാർട്ടറിൽ നിക്കിൻ, ലളിത്, ആകാഷ്ദീപ്, അഫാൻ യൂസഫ് എന്നിവർ ലക്ഷ്യം നേടിയതോടെ ഇന്ത്യൻ സ്കോർ 8–0 ആയി. തുടർന്ന് നാലാം ക്വാർട്ടറിൽ ജസ്ജിത് ഇന്ത്യയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

ജയത്തോടെ ഇന്ത്യയുടെ പോയിന്റ് സമ്പാദ്യം പത്ത് ആയി. ഇന്ന് ആതിഥേയരായ മലേഷ്യക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പാക്കിസ്‌ഥാൻ 4–3ന് ജപ്പാനെ പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.