ലാ ലിഗയിൽ പോരാട്ടം കടുക്കുന്നു; റയൽ തലപ്പത്ത്; സെവിയ്യ തൊട്ടുപിന്നാലെ
ലാ ലിഗയിൽ പോരാട്ടം കടുക്കുന്നു; റയൽ തലപ്പത്ത്; സെവിയ്യ തൊട്ടുപിന്നാലെ
Monday, October 24, 2016 11:56 AM IST
മാഡ്രിഡ്: ലാ ലിഗയിൽ ഒന്നാം സ്‌ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനെതിരേ സെവിയ്യയ്ക്ക് നാടകീയ ജയം. 1–0നാണ് സെവിയ്യ അത്ലറ്റിക്കോയെ പരാജയപ്പെടു ത്തിയത്. തോൽവിയോടെ അത്ലറ്റിക്കോ അഞ്ചാം സ്ഥാനത്തായി.

അത്ലറ്റിക്കോ ബിൽബാവോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തകർത്ത റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്കു കയറി.

ലീഗിൽ ഒമ്പതു മത്സരങ്ങൾ പൂർത്തിയായപ്പോൾ 21 പോയിന്റുമായി റയൽ മാഡ്രിഡ് തന്നെയാണ് മുന്നിൽ. അത്ലറ്റികോ മാഡ്രിഡിനെ ഒരു ഗോളിനു തോൽപ്പിച്ച സെവിയ്യ 20 പോയിന്റുമായി രണ്ടാമതാണ്. 19 പോയിന്റുമായി ബാഴ്സലോണ മൂന്നാമതും നിൽക്കുന്നു.

റയലിനായി ഇസ്കോയും അൽവാരോ മൊറാട്ടയുമാണ് ഗോളുകൾ നേടിയത്. ബിൽബാവോയുടെ ആശ്വാസഗോൾ മെറിനോ സാബിന്റെ വകയായിരുന്നു.

ഏഴാം മിനിട്ടിൽ തന്നെ വല ചലിപ്പിച്ച റയൽ തുടക്കം ഗംഭീരമാക്കി. ബിൽബാവോയുടെ എൻറിക് സബോറിറ്റിന്റെ പിഴവ് മുതലാക്കിയ ഇസ്കോയും കരിം ബെൻസേമയും ചേർന്നു നടത്തിയ നീക്കത്തിൽ ഇസ്കോ റയലിന്റെ ആദ്യ ഗോൾ നേടി. സമനില ഗോളിനായുള്ള ബിൽബാവോയുടെ ശക്‌തമായ ശ്രമങ്ങൾക്കൊടുവിൽ 27–ാം മിനിട്ടിൽ മെറിനോ സാബിൻ റയൽ വല ചലിപ്പിച്ചു. പ്രതിരോധ നിരയിലുള്ള റയലിന്റെ പാളിച്ചകൾ മുതലാക്കിയ ഹാവിയർ ഇറാസോയുടെ സുന്ദരനീക്കത്തിനൊടുവിൽ കൊടുത്ത ക്രോസിൽനിന്നായിരുന്നു ഇസ്കോയുടെ ഗോൾ. രണ്ടാം ഗോളിനായി ഇരുടീമും പൊരുതിയെങ്കിലും ആദ്യ പകുതി സമനിലയിൽത്തന്നെ അവസാനിച്ചു. രണ്ടാം പകുതിയിൽ അത്ലറ്റിക്കോയ്ക്കു ലഭിച്ച സുവർണാവസരം ഇനാകി വില്യംസിനു മുതലാക്കാനായില്ല. കളി തീരാൻ 15 മിനിട്ടുകൾ മാത്രം ശേഷിക്കേ റയൽ കോച്ച് സിനദിൻ സിദാൻ സ്പാനിഷ് താരം അൽവാരോ മൊറാട്ടയെ കളത്തിലിറക്കി.


കോച്ചിന്റെ വിശ്വാസം കാത്ത മൊറാട്ട 83–ാം മിനിട്ടിൽ റയലിന്റെ വിജയഗോൾ നേടി. ബെയ്ലിന്റെ താഴ്ന്നിറങ്ങിയ ക്രോസിൽ നിന്നായിരുന്നു മൊറാട്ടയുടെ ഗോൾ. വീണ്ടും അത്ലറ്റിക്കോയുടെ വില്യംസിനു മികച്ചൊരവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല.

ലീഡ് വർധിപ്പിക്കാൻ റയലും പരിശ്രമിച്ചുകൊണ്ടിരുന്നു. ടോണി ക്രൂസിനു പാസ് കൊടുക്കുന്നതിനു പകരം ഷോട്ടുതിർത്ത സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിനു ലഭിച്ച മികച്ച അവസരം പാഴാക്കി. തീർത്തും നിറം മങ്ങിയ പ്രകടനമായിരുന്നു പോർച്ചുഗൽ താരത്തിന്റേത്. ഇത് റയൽ ആരാധകരുടെ കളിയാക്കലുകൾക്കും ഇടയാക്കി.

സെവിയ്യയ്ക്കെതിരേ സീസണിലെ ആദ്യതോൽവിയായിരുന്നു അത്ലറ്റിക്കോയുടേത്. ഈ സീസണിൽ അത്ലറ്റിക്കോയിൽ നിന്നും വായ്പാടിസ്‌ഥാനത്തിൽ സെവിയ്യയിലെത്തിയ ലൂസിയാനോ വിയറ്റയാണ് മത്സരത്തിലെ ഏക ഗോളിനുള്ള വഴിയൊരുക്കിയത്.കളി തീരാൻ 17 മിനിട്ടുകൾ മാത്രം ശേഷിക്കേ അത്ലറ്റിക്കോയുടെ പ്രതിരോധ ഭടന്മാരെ മറികടന്നു വിയറ്റ നൽകിയ പന്ത് സ്റ്റീവൻ സോൻസി ഗോളിലേക്കു തിരിച്ചുവിട്ടു. 77–ാം മിനിട്ടിൽ കോകെ ചുവപ്പുകാർഡ് കണ്ടു പുറത്തായതും അത്ലറ്റിക്കോയ്ക്ക് തിരിച്ചടിയായി.

മറ്റു മത്സരങ്ങളിൽ സെഡറിക് ബക്കാംബു അധികസമയത്തു നേടിയ വിജയഗോളിൽ വിയ്യാറയൽ ലാസ് പാൽമാസിനെ 2–1ന് തോൽപ്പിച്ചു. സെൽറ്റ വിഗോ, ലാഗോ അസ്പാസിന്റെ ഇരട്ടഗോളിൽ ഡിപ്പോർട്ടീവോ ലാ കൊറൂണയെ 4–1ന് തകർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.