റൊണാൾഡോയും ബെയ്ലും ബാലൺ ഡി ഓർ പട്ടികയിൽ
റൊണാൾഡോയും ബെയ്ലും ബാലൺ ഡി ഓർ പട്ടികയിൽ
Monday, October 24, 2016 11:53 AM IST
പാരീസ്: ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ നാമനിർദേശ പട്ടികയിൽ റയൽ മാഡ്രിഡ് താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരെത്ത് ബെയിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്വേറോ, യുവന്റസിന്റെ ഗോൾകീപ്പർ ജിയാൻലുയിജി ബഫൺ എന്നിവർ ഇടം പിടിച്ചു. ഫ്രഞ്ച് കായിക മാസികയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാമനിർദേശം ചെയ്യപ്പെട്ട മറ്റു 30 താരങ്ങളുടെ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് മാസിക റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഏഴു വർഷമായി ബാലൺ ഡിഓർ പുരസ്കാരം കൈകളിലേന്തുന്നത് അർജന്റീനയുടെ ബാഴ്സലോണ താരം ലയണൽ മെസിയും പോർച്ചുഗലിന്റെ റയൽ മാഡ്രിഡ് താരം റൊണാൾഡോയുമാണ്. 2009, 2010, 2011, 2012,2015 വർഷങ്ങളിൽ മെസിയും 2013, 2014 വർഷങ്ങളിൽ റൊണാൾഡോയും പുരസ്കാരം നേടി. ലാലിഗയിൽ പന്തു തട്ടുന്നവരിൽ ഒരാൾക്ക് ഇത്തവണ പുരസ്കാരം ലഭിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. യൂറോ കപ്പിൽ പോർച്ചുഗലിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് റൊണാൾഡോയെ സാധ്യതയിൽ മുന്നിൽനിർത്തുന്നു.


നെയ്മർ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയസ്റ്റ, കൊക്കെ, റോബർട്ട് ലെവൻഡോവ്സ്കി, കെവിൻ ഡിബ്രുയിൻ, അന്റോണിയോ ഗ്രീസ്മാൻ, പൗളോ ഡിബാള എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു താരങ്ങൾ. ബാലൺ ഡി ഓറിന്റെ പേരിലുള്ള പുരസ്കാരം ഈ വർഷത്തോടെ ഫിഫ നിർത്തലാക്കും. ബാലൺ ഡി ഓർ പബ്ലിക്കേഷനുമായി ഫിഫയ്ക്കുള്ള കരാർ ജനുവരിയോടെ അവസാനിക്കുന്ന പശ്ചാത്ത ലത്തിലാണിത്. കരാർ നീട്ടാൻ താത്പര്യമില്ലെന്ന് ബാലൺ ഡി ഓറും അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.