കരുതലോടെ ഇന്ത്യ
കരുതലോടെ ഇന്ത്യ
Saturday, October 22, 2016 11:50 AM IST
മൊഹാലി: വേണ്ട സമയത്ത് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മെച്ചപ്പെട്ട ന്യൂസിലൻഡിനെതിരേ ഇന്ത്യ കരുതലോടെയായിരിക്കും ഇറങ്ങുക. രണ്ടാം ഏകദിനം ആറു റൺസിനു കൈവിടേണ്ടിവന്നതിന്റെ കേട് തീർക്കാൻ മഹേന്ദ്രസിംഗ് ധോണിയും കൂട്ടരും ഒരു വൻജയമായിക്കും മൊഹാലിയിൽ പ്രതീക്ഷിക്കുന്നത്. ന്യൂസിലൻഡ് രണ്ടാം ഏകദിനം ജയിച്ചതോടെ കാണികൾക്കും ആരാധകർക്കും വലിയൊരു ആവേശമാണ് നൽകിയിരിക്കുന്നത്. ടെസ്റ്റ് ഏകപക്ഷീയമായ മത്സരമായപ്പോൾ ഏകദിനത്തിലെ കിവീസിന്റെ തിരിച്ചുവരവ് പരമ്പരയ്ക്കു തന്നെ ഉണർവു നൽകി. പതിമ്മൂന്ന് വർഷത്തിനുശേഷം ഇന്ത്യയിൽ കിവീസ് നേടിയ ആദ്യ ജയത്തിനു പ്രധാനമായും നായകൻ കെയ്ൻ വില്യംസണിന്റെ ബാറ്റിംഗാണ് തുണച്ചത്. വില്യംസൺ സെഞ്ചുറി നേടുകയും ചെയ്തിരുന്നു.

ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ 243 റൺസ് പിന്തുടർന്ന ഇന്ത്യ അപ്രതീക്ഷിത തോൽവിയാണ് ഏറ്റുവാങ്ങിയത്. അനായാസമായി മറികടക്കാവുന്ന ലക്ഷ്യത്തിനു മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഉത്തരവാദിത്തം മറന്നപോലെ കളിച്ചു. പലരും വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ–അജിങ്ക്യ രഹാനെ ഓപ്പണിംഗ് സഖ്യത്തിനു ഫോമിലെത്താൻ സാധിക്കാതിരുന്നത് ഇന്ത്യയുടെ ചേസിംഗിനെ ബാധിച്ചു. ഇവരിൽനിന്നും മികച്ച ഒരു കൂട്ടുകെട്ടാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ആദ്യ ഏകദിനത്തിൽ തിളങ്ങിയ വിരാട് കോഹ് ലിക്കു കോട്ലയിൽ അധിക നേരം ക്രീസിൽ ചെലവഴിക്കാനായില്ല. മനീഷ് പാണ്ഡെയും ഫോമിലെത്തേണ്ടിയിരിക്കുന്നു. കേദാർ യാദവ് 41 റൺസുമായി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ധോണിയുമായി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ യാദവ് 66 റൺസിന്റെ സഖ്യം തീർത്തിരുന്നു. ഈ കൂട്ടുകെട്ട് മൂന്നു നാല് ഓവർ കൂടി ക്രീസിൽ നിൽക്കുകയായിരുന്നെങ്കിൽ ഫലം ചിലപ്പോൾ മാറിയേനെ. സുരേഷ് റെയ്നയുടെ കാര്യത്തെക്കുറിച്ച് തീരുമാനമാകത്തതുകൊണ്ട യാദവ് ഇന്നും കളിക്കുമെന്നാണ് കരുതുന്നത്. തന്റെ സ്‌ഥാനം കൂടുതൽ ദൃഢമാക്കാനുള്ള അവസരാണ് യാദവിനു ലഭിച്ചിരിക്കുന്നത്. നായകൻ ധോണി പഴയ ഫോമിന്റെ അയലത്തുപോലുമല്ലെന്നത് ഏവരെയും വിഷമിപ്പിക്കുന്ന കാര്യമായിരിക്കുകയാണ്. റൺസ് കണ്ടെത്താൻ ധോണി ബുദ്ധിമുട്ടുന്നതാണ് കണ്ടത്. മൂന്നു വർഷം മുമ്പാണ് ധോണി ഒരു ഏകദിന സെഞ്ചുറി നേടുന്നത്.


രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാർ തുടക്കത്തിൽ നിരാശപ്പെടുത്തിയെങ്കിലും അവസാനം തിരിച്ചുവന്നു.

ഉമേഷ് യാദവ്, ഹർദിക് പാ ണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർ മികവ് തുടരുന്നു.

അമിത് മിശ്രയും അക്ഷർ പട്ടേലും തങ്ങളുടെ റോൾ ഭംഗിയാക്കുന്നുണ്ട്.

സെഞ്ചുറി നേടിക്കൊണ്ട് വില്യംസൺ ഫോമിലെത്തിയത് കിവീസിന് ആശ്വാസം നല്കുന്നു. ഒപ്പം ടോം ലാഥത്തിന്റെ സ്‌ഥിരതയും. ഇവർക്കു പുറമെ മറ്റ് ബാറ്റ്സ്മാന്മാരുടെ പ്രകടനം ഇപ്പോഴും കിവീസിനു നിരാശയാണ് നൽകുന്നത്. ബൗളിംഗിൽ ടിം സൗത്തി, ട്രെന്റ് ബൗൾട്ട് എന്നിവർ മികവ് പുറത്തെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.