ഹ്യൂമേട്ടന്റെ പെനാൽറ്റിയിൽ കോൽക്കത്തയ്ക്കു ജയം
ഹ്യൂമേട്ടന്റെ പെനാൽറ്റിയിൽ കോൽക്കത്തയ്ക്കു ജയം
Saturday, October 22, 2016 11:49 AM IST
കോൽക്കത്ത: ഹ്യൂമേട്ടന്റെ പെനാൽറ്റിയിൽ ചാമ്പ്യൻ ടീം അത്ലറ്റിക്കോ ഡി കോൽക്കത്തയ്ക്കു ജയം മറുപടി ഇല്ലാത്ത ഒരു ഗോളിന് അവർ ഡൽഹി ഡൈനാമോസിനെ പരാജയപ്പെടുത്തി.

ഗോൾരഹിതമായ ഒന്നാം പകുതിക്കു ശേഷം സംഭവ ബഹുലമായ രണ്ടാം പകുതിയിൽ 78–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് ഹ്യൂം ഗോളാക്കി മാറ്റിയത്. 74–ാം മിനിറ്റിൽ ചുവപ്പ് കാർഡ് ലഭിച്ചു സെറീനോ ഫൊൺസേക്കയ്ക്കു പുറത്തു പോകേണ്ടിവന്നതിനാൽ കോൽക്കത്ത പത്തുപേരുമായാണ് മത്സരം പൂർത്തിയാക്കിയത്. എന്നാൽ ഈ അവസരം ഡൽഹിക്കു മുതലെടുക്കാനായില്ല. പകരം പെനാൽറ്റി വഴങ്ങേണ്ടിയും വന്നു. കിം കിമ കോൽക്കത്തയുടെ സമീഗ് ഡ്യൂറ്റിയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഇയാൻ ഹ്യൂം വലയിലെത്തിക്കുകയായിരുന്നു.

ഒൻപത് കോർണറുകളും 11 ഷോട്ടുകളും കൈയിൽ വന്ന പെനാൽറ്റിയും തുലച്ച് ഡൽഹി തോൽവി ഇരന്നുവാങ്ങുകയായിരുന്നു. ആറ് പോയിന്റോടെ ഡൽഹി അഞ്ചാം സ്‌ഥാനത്തു തുടരുന്നു.

കോൽക്കത്തയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ജയം കൂടിയാണിത്. ജയത്തോടെ കോൽക്കത്ത ഒൻപത് പോയിന്റോടെ രണ്ടാം സ്‌ഥാനത്തേക്കുയർന്നു. ആദ്യമായാണ് കോൽക്കത്ത ഐഎസ്എലിൽ ഡൽഹിയെ തോൽപ്പിക്കുന്നത്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ തോൽവിയറിയാത്ത ഇരുടീമും തമ്മിലുള്ള മത്സരം ഏറ്റവും നിർണായകമായിരുന്നു അതുകൊണ്ടു തന്നെ കോൽക്കത്തയയുടെ പരിശീലകൻ ഹോസെ മൊളീനോ ടീമിൽ നാല് മാറ്റങ്ങളും ഡൽഹിയുടെ പരിശീലകൻ ജിയാൻ ലൂക്ക സാംബ്രോട്ട അഞ്ച് മാറ്റങ്ങളും വരുത്തി, കോൽക്കത്ത ഹാവി ലാറയെ ആദ്യ ഇലവനിൽനിന്ന് ഒഴിവാക്കിയപ്പോൾ പരിക്കുമൂലം പോസ്റ്റിഗയ്ക്ക് ഈ മത്സരവും നഷ്‌ടപ്പെട്ടു. ഡൽഹിയുടെ നായക പദവി ഫ്ളോറന്റ് മലൂദയ്ക്കായിരുന്നു. ഡൽഹിയുടെ ഗോൾവലയം കാക്കുന്നതിനു ഡോബ്ലാസ് തിരിച്ചുവന്നു.


രണ്ടു ടീമും മുന്നിൽ ഒരു സ്ട്രൈക്കറെ മാത്രം ഉൾപ്പെടുത്തിയായിരുന്നു തന്ത്രം മെനഞ്ഞത്. ഡൽഹിയുടെ മുൻ നിരയിൽ ഗാഡ്സെയെ കുന്തമുനയാക്കി മാഴ്സലീഞ്ഞോയും മറ്റു മധ്യനിരക്കാരും അണിനിരന്നു. കോൽക്കത്ത ബെലൻകോസയ്ക്കു പിന്നിൽ ഇയാൻ ഹ്യൂമിനെയും ഇറക്കി. തൊട്ടുപിന്നാലെ ഡൽഹി ക്യാപ്റ്റൻ മലൂദയ്ക്കു പകരം എമേഴ്സൺ ഗോമസ് മൗറയെ ഇറക്കി.

74ാം മിനിറ്റിൽ ബോക്സിനകത്തുവച്ച് ഗാഡ്സെയെ ഫൗൾ ചെയ്ത സെറീനോ ഫോൺസേക്കയ്ക്ക് എതിരായി മഞ്ഞക്കാർഡ്. ഇതോടെ അദ്ദേഹം പുറത്തേക്കും ഡൽഹിക്കു പെനാൽറ്റിയും. സ്പോട് കിക്കെടുത്ത മാഴ്സിലീഞ്ഞോ പന്ത് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് അടിച്ചു തുലച്ചു.

ഈ ഗോളോടെ മെൻഡോസയെ പിന്തള്ളി ഇയാൻ ഹ്യൂം 18 ഗോളുകളോടെ ഐഎസ്എലിലെ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച താരമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.