ഇന്ത്യക്കു സമനില
ഇന്ത്യക്കു സമനില
Saturday, October 22, 2016 11:49 AM IST
കുവാന്റൻ(മലേഷ്യ): ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കു സമനില. ദക്ഷിണകൊറിയയാണ് ഇന്ത്യയെ സമനിലയിൽ കുടുക്കിയത്. ഇരുടീമും ഓരോ ഗോൾ വീതം നേടി. ലോകറാങ്കിംഗിൽ 11–ാം സ്‌ഥാനത്തുള്ള കൊറിയയാണ് ആദ്യം ഗോൾ നേടിയത്. കുവാന്റൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ജുൻവൂ ജിയോംഗ് ആണ് കൊറിയയ്ക്കു ലീഡ് സമ്മാനിച്ചത്. എന്നാൽ, 33–ാം മിനിറ്റിൽ ലളിത് ഉപാധ്യായയിലൂടെ ഇന്ത്യ ഗോൾ മടക്കി. നായകനും മലയാളിയുമായ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്റെ തകർപ്പൻ രക്ഷപ്പെടുത്തലുകൾ ഇല്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. മിന്നുന്ന പ്രകടനവുമായി കളം നിറഞ്ഞ ശ്രീജേഷ് മൂന്നു നിർണായക സെവുകളാണ് നടത്തിയത്.


ഏഷ്യയിലെ ഉയർന്ന റാങ്കുള്ള ഇന്ത്യ തുടക്കം മുതൽ ആക്രമിച്ചു കളിച്ചെങ്കിലും അപ്രതീക്ഷിതമായി കൊറിയയാണ് ആദ്യഗോൾ നേടിയത്. പിന്നീട് കളിയുടെ നിയന്ത്രണം കൊറിയയ്ക്കായി. രണ്ടാം ക്വാർട്ടറിൽ ശക്‌തമായി മത്സരത്തിലേക്കു തിരിച്ചുവന്ന ഇന്ത്യ തുടർച്ചയായി പെനാൽറ്റി കോർണറുകൾ സ്വന്തമാക്കി. ഇതിനു ഫലമായാണ് ആദ്യഗോൾ ഇന്ത്യ നേടിയത്. ഗോൾ വീണശേഷം 35–ാം മിനിറ്റിൽ രണ്ട് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ ഇന്ത്യക്കായില്ല.

ടൂർണമെന്റിലെ ഹൈ വോൾട്ടേജ് പോരാട്ടത്തിൽ ഇന്ത്യ, ഇന്ന് പരമ്പരാഗത വൈരികളായ പാക്കിസ്‌ഥാനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.