ഹബാസിനോടൊപ്പം പൂന സിറ്റി
ഹബാസിനോടൊപ്പം പൂന സിറ്റി
Saturday, October 22, 2016 11:49 AM IST
പൂന: ഇന്ത്യൻ സൂപ്പർ ലീഗിൽ പൂന സിറ്റി എഫ്സി ആദ്യമായി പരിശീലകൻ ആന്റോണിയോ ലോപ്പസ് ഹബാസിനൊടൊപ്പം. നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സിക്കെതിരേ സ്വന്തം മൈതാനത്താണ് പൂനയുടെ പോരാട്ടം.

കഴിഞ്ഞ സീസണിൽ ലഭിച്ച സസ്പെൻഷനെ തുടർന്ന് ഈ സീസണിലെ ആദ്യ നാലു മത്സരങ്ങളിൽ ഹബാസിനെക്കൂടാതെയാണ് പൂന സിറ്റി ഇറങ്ങിയത്. സഹപരിശീലകൻ മിഗുവേലിനായിരുന്നു ഇക്കാലയളവിൽ ടീമിന്റെ ചുമതല. ആദ്യ സീസണിൽ ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവച്ച പൂന എന്നാൽ ഇത്തവണ ഹോം ഗ്രൗണ്ടിൽ കളിച്ച മൂന്നിൽ കേരള ബ്ലാസ്റ്റേഴ്സുമായി സമനില പിടിച്ചതൊഴികേ രണ്ടു മത്സരങ്ങളിലും തോറ്റു. ആകെ ഒരു പോയിന്റ് മാത്രം. സ്വന്തം ഗ്രൗണ്ടിൽ നിരാശയായിരുന്നുവെങ്കിലും ഗോവയിൽ നടന്ന എവേ മത്സരത്തിൽ നേടിയ 2–1 ജയം പൂന സിറ്റിക്കു പ്രതീക്ഷ നൽകുന്നു.ടീം നന്നായി പുരോഗമിക്കുന്നതായി സഹകോച്ച് മിഗുവേൽ പറഞ്ഞു. കേരള ബ്ലാസ്്റ്റേഴ്സിനെതിരെ സമനില പിടിച്ച മത്സരത്തിൽ നന്നായി കളിച്ചു. ഒരു പക്ഷേ ജയിക്കാനുള്ള അർഹതയും തങ്ങൾക്കായിരുന്നുവെന്ന് മിഗുവേൽ ചൂണ്ടിക്കാട്ടി. ടീം നന്നായി അധ്വാനിക്കുന്നതായും കളിയിൽ പുരോഗതി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുൻപ് നാലു തവണ ഇരുടീമും തമ്മിൽ ഏറ്റുമുട്ടിയതിൽ മൂന്നു തവണയും ചെന്നൈയിൻ എഫ്സി ജയിച്ചു. ഒരു മത്സരം സമനിലയിൽ കലാശിച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി ആകട്ടെ നാല് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയും ഒരു തോൽവിയും അടക്കം ഏഴ് പോയിന്റോടെ മൂന്നാം സ്‌ഥാനത്താണ്. നാല് മത്സരങ്ങളിൽ ഒരു ജയം ഒരു സമനില രണ്ട് തോൽവി എന്ന നിലയിൽ നാലു പോയിന്റുമായി പൂന സിറ്റി ഏഴാം സ്‌ഥാനത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.