ബിസിസിഐക്കു വീണ്ടും സുപ്രീംകോടതിയുടെ മൂക്കുകയർ
ബിസിസിഐക്കു വീണ്ടും സുപ്രീംകോടതിയുടെ മൂക്കുകയർ
Friday, October 21, 2016 12:12 PM IST
ന്യൂഡൽഹി: ഭരണ പരിഷ്കരണത്തിനുള്ള ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാത്ത ബിസിസിഐക്ക് സുപ്രീംകോടതിയുടെ മൂക്കുകയർ. ബിസിസിഐയുടെ എല്ലാ സാമ്പത്തിക ഇടപാടുകൾക്കും വിലക്കേർപ്പെടുത്തിയ സുപ്രീംകോടതി, ഭരണസമിതി നടത്തിയ എല്ലാ ഉന്നത ഇടപാടുകളും പരിശോധിക്കുന്നതിനായി സ്വതന്ത്ര ഓഡിറ്റർമാരെ നിയോഗിക്കാനും ജസ്റ്റീസ് ലോധ കമ്മിറ്റിയോടു നിർദേശിച്ചു. ബിസിസിഐ അടിമുടി ഉടച്ചുവാർക്കുന്നതിനുള്ള പരിഷ്കാര നിർദേശങ്ങൾ അംഗീകരിക്കുന്നതുവരെ സംസ്‌ഥാന സമിതികൾക്ക് ഒരു പൈസ പോലും ലഭിക്കില്ല. ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണമെന്ന കാര്യത്തിൽ അനുസൃതമായ ഉറപ്പ് നൽകാനും കോടതി ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ, സെക്രട്ടറി അജയ് ശിർക്കെ എന്നിവരോടു നിർദേശിച്ചു.

ബിസിസിഐ പരിഷ്കരണത്തിനുള്ള നിർദേശങ്ങൾ നടപ്പിലാക്കാതെ അത് അട്ടിമറിക്കാൻ ശ്രമിക്കുന്ന നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് ആർ.എം. ലോധ അധ്യക്ഷനായ സമിതിയുടെ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ നടപടി. ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി നൽകിയ ഹർജി സുപ്രീം കോടതി അടുത്തിടെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി കൂടുതൽ കടുത്ത നടപടികളിലേക്കു കടന്നത്. നിലവിലുള്ള ഭരണസമിതി പിരിച്ചുവിടണമെന്ന ലോധ കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഭരണസമിതിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും നിയന്ത്രണം കോടതി ലോധ കമ്മിറ്റിയുടെ പരിധിയിലാക്കി.

സ്വയംഭരണാവകാശത്തോടെ പ്രവർത്തിച്ചിരുന്ന ബിസിസിഐ ഭരണസമിതിക്ക് ഏതെല്ലാം കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നു ലോധ കമ്മിറ്റി നിശ്ചയിക്കണം. കമ്മിറ്റിയുടെ അംഗീകാരത്തോടെ കരാറുകൾ ഉണ്ടാക്കേണ്ടതിന്റെ പരിധി എത്രയാണ്, എത്രമാത്രം തുക വകയിരുത്താവുന്ന കരാറുകൾ ഉണ്ടാക്കുന്നതിനു ഭരണസമിതിക്ക് അധികാരമുണ്ട് തുടങ്ങിയ കാര്യങ്ങളിലും ലോധ കമ്മിറ്റി തീരുമാനമെടുക്കണം.


ബിസിസിഐ ഭരണസമിതി നടത്തിയ സാമ്പത്തിക ഇടപാടുകളും അവർ നൽകിയ വൻകിട കരാറുകളും പരിശോധിക്കാൻ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാനും കോടതി ഉത്തരവിട്ടു. ലോധ കമ്മിറ്റി ശിപാർശകൾ നടപ്പിലാക്കുന്നതു സംബന്ധിച്ച് ഡിസംബർ മൂന്നിനു മുൻപ് സത്യവാങ്മൂലം സമർപ്പിക്കാനും ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കുർ, സെക്രട്ടറി അജയ് ഷിർക്കെ എന്നിവർക്ക് സുപ്രീം കോടതി നിർദേശം നൽകി.

ശിപാർശകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 18ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഇതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചു, ശിപാർശകൾ പൂർണമായും നടപ്പിലാക്കാൻ വേണ്ട കാലദൈർഘ്യമെത്ര തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ സമർപ്പിക്കേണ്ടത്.

ബിസിസിഐ ഭരണ പ്രവർത്തനങ്ങളുടെയും പരിഷ്കരണ നടപടികളുടെയും മേൽനോട്ടത്തിനായി നിയോഗിച്ച ജസ്റ്റീസ് ആർ.എം. ലോധ സമിതിയെ മറികടന്ന് സംസ്‌ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് കോടികൾ അനുവദിക്കാനുള്ള ബോർഡ് തീരുമാനം നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു.

രഞ്ജി ട്രോഫി, ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കായി 16.73 കോടി രൂപ വീതമുള്ള ബിസിസിഐ ധനസഹായം വേണ്ട സംസ്‌ഥാന അസോസിയേഷനുകൾ ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാമെന്നു ഉറപ്പ് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാതിരുന്ന ബിസിസിഐ ഭരണസമിതി, നാലിൽ മൂന്ന് സംസ്‌ഥാന അസോസിയേഷനുകളും അംഗീകരിക്കാത്തതിനാൽ ഉത്തരവ് നടപ്പിലാക്കുന്നതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.