ഗോവയ്ക്ക് ആദ്യജയം
ഗോവയ്ക്ക് ആദ്യജയം
Friday, October 21, 2016 12:11 PM IST
മുംബൈ: *ഒടുവിൽ ഗോവ ജയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ പരാജയങ്ങൾക്കു ശേഷം ഗാവ എഫ്സി കരുത്തരായ മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തി. 41–ാം മിനിറ്റിൽ ബ്രസീലിയൻ മിഡ്ഫീൽഡർ റിച്ചാർലിസൺ നേടിയ ഏക ഗോളിനായിരുന്നു ഗോവയുടെ വിജയം. ഗോൾ നേടിയ റിച്ചാർലിസൺ മാൻ ഓഫ് ദി മാച്ചായി. ഈ ആദ്യ ജയത്തോടെ ഗോവയ്ക്ക് അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് ലഭിച്ചു. പക്ഷേ, അവസാന സ്‌ഥാനത്തു നിന്നും മോചനം ലഭിച്ചില്ല. മുംബൈ സിറ്റി ആറ് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റോടെ രണ്ടാം സ്‌ഥാനം തുടർന്നു.

അന്ധേരിയിലെ മുംബൈ ഫുട്ബോൾ അരീനയിൽ ഇന്നലെ മുംബൈ മൂന്നു മാറ്റങ്ങൾ വരുത്തി. ഗിയേഗോ ഫോർലാൻ മുൻ നിരയിലെത്തി, ഗോവ രണ്ടു മാറ്റങ്ങളും വരുത്തി. ഒപ്പം ടീം ഫോർമേഷനിലും ഇന്നലെ ഗോവ മാറ്റം വരുത്തി. 4–3–3 എന്ന നിലയിലും മുംബൈ 4–2–3–1 എന്ന നിലയിലും ടീമിനെ അണിനിരത്തി. മുംബൈ സിറ്റിയെ ഫോർലാനും ഗോവയെ ലൂസിയോക്കു പകരം ഗ്രിഗറി അർണോളിനും ആയിരുന്നു നയിച്ചത്.

ഇരുടീമും കടുത്ത ടാക്ലിങ്ങിലൂടെയാണ് കളി തുടങ്ങിയത്. ഡി ഫെഡറിക്കോയെ മാർക്ക് ചെയ്താണ് ഗോവ കളിച്ചത്. ജോഫ്രെ, റോബിൻസിംഗ്, ജൂലിയോ സീസർ എന്നിവരിലൂടെയായിരുന്നു ഗോവയുടെ ആക്രമണം. 35– ാം മിനിറ്റിൽ ഗോവയുടെ കീനാൻ അൽമെയ്ഡയിലൂടെയാണ് ആദ്യ അപകടമണി മുഴക്കിയ മുന്നേറ്റം. വലത്തെ വിംഗിൽ നിന്നുള്ള അൽമെയ്ഡയുടെ പാസ് റോബിൻ സിംഗിനു കണക്ട് ചെയ്യാനായില്ല.


41–ാം മിനിറ്റിൽ ഗോവ ഗോൾ രഹിത നില അവസാനിപ്പിച്ചു. കീനൻ അൽമെയ്ഡയുടെ മുന്നേറ്റത്തിനിടെ സെനാ റാൽട്ടെയുടെ ചലഞ്ച്. ഫൗൾ ഗോൾ മുഖത്തിനടുത്ത്. ഗോവയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ജൂലിയോ സീസർ അളന്നുമുറിച്ച് ബോക്സിനു മുന്നിൽ മാർക്ക് ചെയ്യാതെ നിന്ന റിച്ചാർലിസണിലേക്ക് കൊടുത്തു. ഒരു ഹാഫ് വോളിയിലൂടെ റിച്ചാർലിസൺ ഗോൾ വലയം ലക്ഷ്യമാക്കി. ഗോളി റോബർട്ടോ നെറ്റോയ്ക്ക് അവസരം കൊടുക്കാതെ പറന്നുയർന്ന പന്ത് ക്രോസ് ബാറിനു താഴെ ഇടിച്ചു വലയിലേക്ക് (1–0).

രണ്ടാം പകുതിയിൽ പല മാറ്റങ്ങൾ വരുത്തിയിട്ടും ഗോൾ നേടാനാകാതെ വന്നതോടെ ഗോവയുടെ ആദ്യജയം നിഷേധിക്കാൻ മുംബൈക്കായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.