പോഗ്ബയുടെ മികവിൽ യുണൈറ്റഡ്
പോഗ്ബയുടെ മികവിൽ യുണൈറ്റഡ്
Friday, October 21, 2016 12:11 PM IST
മാഞ്ചസ്റ്റർ/റോം: യൂറോപ്പ ലീഗ് ഫുട്ബോളിൽ മില്യൻ ഡോളർ ബോയി പോൾ പോഗ്ബയുടെ ഇരട്ട ഗോൾ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു മികച്ച ജയം. ഇന്റർ മിലാൻ ജയിച്ചപ്പോൾ എഎസ് റോമയ്ക്കു സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആദ്യപകുതിയിൽ പോഗ്ബ നേടിയ ഇരട്ടഗോൾ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് എയിൽ തുർക്കി ക്ലബ് ഫെനെർബാഹ്ചെയെ 4–1ന് തകർത്തു. തന്റെ പഴയ ക്ലബ്ബിന്റെ ഗ്രൗണ്ടിൽ റോബിൻ വാൻ പേഴ്സി ഫെനർബാഹ്ചെയുടെ ആശ്വാസ ഗോൾ നേടി. ഇരട്ട ഗോളോടെ ലോകത്തെ ഏറ്റവും വിലയേറിയ ഫുട്ബോൾ താരമായ പോഗ്ബ വിമർശകരുടെ നാവടച്ചു.

സ്വന്തം ഓൾഡ് ട്രാഫോർഡിൽ നായകൻ വെയ്ൻ റൂണിയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയാണ് ഹൊസെ മൗറീഞ്ഞോ ടീമിനെ ഇറക്കിയത്. സ്വന്തം കാണികളുടെ മുന്നിൽ തുടക്കം മുതലേ യുണൈറ്റഡായിരുന്നു കളിയിൽ നിയന്ത്രണം പുലർത്തിയത്. പോഗ്ബയുടെ പല നീക്കങ്ങളും അപകടകരമായിരുന്നു. 30–ാം മിനിറ്റിൽ യുണൈറ്റഡിനെ പോഗ്ബ പെനാൽറ്റിയിലൂടെ മുന്നിലെത്തിച്ചു. യുവാൻ മാട്ടയെ പെനാൽറ്റി ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനായിരുന്നു സ്പോട് കിക്ക്.

പോഗ്ബ അനായാസമായി വല കുലുക്കി. 33–ാം മിനിറ്റിൽ യുണൈറ്റഡിനു വീണ്ടും പെനാൽറ്റി. ആന്റണി മാർഷലിന്റെ കിക്ക് പിടിക്കാനായി ഗോൾ കീപ്പർ വോൾക്കൻ ഡെമിറൽ കൃത്യമായി ചാടിയെങ്കിലും കൈയിലാക്കാനായില്ല. ഇതിനിടെ വാൻ പേഴ്സിയിലൂടെ ഫെനർബാഹ്ചെ മുന്നേറ്റം നടത്തിയെങ്കിലും ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ തടസമായി. ഇഞ്ചുറി ടൈമിൽ ശക്‌തമായ ഒരു ഷോട്ടിലൂടെ പോഗ്ബ വീണ്ടും വല കുലുക്കി. ജെസെ ലിൻഗാർഡ് ബോക്സിനുള്ളിൽനിന്നും നൽകിയ പാസ് പെനാൽറ്റി ബോക്സിനു വെളിയിൽനിന്ന പോഗ്ബയുടെ വലം കാലൻ അടി വലയിൽ തറച്ചുകയറി. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയതെ വെയ്ൻ റൂണിയുടെ പാസിൽ ജെസെ ലിൻഗാർഡ് യുണൈറ്റഡിന്റെ നാലാം ഗോളും നേടി. അവസാനം വാൻ പേഴ്സി തന്റെ പഴയ ക്ലബ്ബിന്റെ വല കുലുക്കിക്കൊണ്ട് ഫെനർബാഹ്ചെയ്ക്ക് ആശ്വാസം നൽകി. ഈ ഗോളിനു കാണികളും കളി കാണാനെത്തിയ അലക്സ് ഫെർഗുസനും കയ്യടിച്ചു.


ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ഫെയെനൂർദ് 1–0ന് സോർഹയ ലുഹാൻസ്കിനെ തോൽപ്പിച്ചു. ഗ്രൂപ്പ് കെയിൽ പത്തുപേരുമായി ചുരുങ്ങിയ ഇന്റർ മിലാൻ ഏകപക്ഷീയമായ ഒരു ഗോളിനു സതാംപ്ടണെ കീഴടക്കി. രണ്ടാം പകുതിയിൽ അന്റോണിയോ കാഡ്രെവയുടെ ഗോളിലായിരുന്നു ജയം. 77–ാം മിനിറ്റിൽ മാഴ്സലോ ബ്രോസോവിച്ച് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായി. മറ്റൊരു മത്സരത്തിൽ സ്പാർട പ്രാഗ് ഏകപക്ഷീയമായ ഒരു ഗോളിനു ഹാപോൽ ബീർ ഷെവയെ തോൽപ്പിച്ചു.

ഗ്രൂപ്പ് ഡിയിൽ ഡുൻഡാൽകിനെ 2–1ന് സെനിത് സെന്റ് പീറ്റേഴ്സ്ബർഗ് പരാജയപ്പെടുത്തി. ഗ്രൂപ്പ് ഇയിൽ ലീഡ് നേടിയശേഷം റോമ ഓസ്ട്രിയ വിയനോടു 3–3ന് സമനില വഴങ്ങി. റാഫേൽ ഹോൾസ്ഷൗസറിലൂടെ വിയന്നയായിരുന്നു ആദ്യം മുന്നിലെത്തിയത്. പിന്നീട് സ്റ്റെഫാൻ എൽ ഷരാവെ രണ്ടു ഗോളടിച്ച് റോമയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ അലസാൻഡ്രോ ഫ്ളോറൻസിയിലൂടെ റോമ ലീഡ് ഉയർത്തി. ഇതിനുശേഷമാണ് റോമയുടെ വിജയ മോഹങ്ങൾ തകർത്തുകൊണ്ട് അവസാന എട്ട് മിനിറ്റിനിടെ ഡൊമിനിക് പ്രോകോപും ഒലേറെൻവാജു കയോഡെയും റോമയുടെ വല കുലുക്കി സമനില നൽകി. അത്ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത രണ്ടു ഗോളിനു ജെൻക് പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.