പടിക്കൽ കലമുടച്ചു
പടിക്കൽ കലമുടച്ചു
Thursday, October 20, 2016 11:59 AM IST
ന്യൂഡൽഹി: ഹർദിക് പാണ്ഡ്യയും ഉമേഷ് യാദവും മികച്ച ഒരു വിജയം ഇന്ത്യക്കായി സ്വന്തമാക്കുമെന്നു സ്വപ്നം കണ്ട ആരാധകർക്കു നിരാശ. പുകൾപെറ്റ ബാറ്റ്സ്മാന്മാർ കളി മറന്നപ്പോൾ ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആറു റൺസ് പരാജയം. ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിംഗിനയച്ചു. നിശ്ചിത 50 ഓവറിൽ അവർ ഒമ്പതു വിക്കറ്റ് നഷ്‌ടത്തിൽ 242 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.3 ഓവറിൽ 236 റൺസിന് എല്ലാവരും പുറത്തായി.

മത്സരത്തിന്റെ അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യയും ഉമേഷ് യാദവും ചേർന്ന് ജയത്തിനരികിൽ വരെ ഇന്ത്യയെ എത്തിച്ചു. അഞ്ചു മത്സരങ്ങളുടെ പരമ്പര ഇപ്പോൾ 1–1 എന്ന നിലയിലാണ്.

നായകൻ കെയ്ൻ വില്യംസന്റെ (118) സെഞ്ചുറിയാണ് കിവീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 128 പന്ത് നീണ്ടുനിന്ന ഇന്നിംഗ്സിൽ 14 ബൗണ്ടറികളും ഒരു സിക്സറും വില്യംസൺ പറത്തി. ടോം ലാഥം 46 റൺസ് നേടി പുറത്തായി. അക്കൗണ്ട് തുറക്കുംമുമ്പേ വിക്കറ്റ് നഷ്ടമായ കിവീസിനെ രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 120 റൺസാണ് രക്ഷപ്പെടുത്തിയത്. റോസ് ടെയ്ലർ (21), കോറി ആൻഡേഴ്സൺ എന്നിവർകൂടി മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്. 204/4 എന്ന ശക്തമായ നിലയിൽനിന്നാണ് കിവീസ് തകർന്നത്.

അമിത് മിശ്ര കിവീസ് മധ്യനിരയെ തകർത്തപ്പോൾ വാലറ്റത്തെ ചുരുട്ടിക്കെട്ടുന്ന ചുമതല ജസ്പ്രീത് ബുംറ ഏറ്റെടുത്തു. ഇരുവരും മൂന്നു വിക്കറ്റ് വീതം നേടി. ഉമേഷ് യാദവ്, കേദാർ ജാദവ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നേടിയ ഇന്ത്യൻ നായകൻ എം.എസ്.ധോണി കിവീസിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിനെ തന്നെ ഇന്ത്യ കളത്തിലിറക്കിയപ്പോൾ മൂന്നു മാറ്റങ്ങളുമായാണ് കിവീസ് ബാറ്റിംഗിനിറങ്ങിയത്.

തിരിച്ചടി ദയനീയം



243 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ഒരു ബൗണ്ടറിയും ഒരു സിക്സുമടിച്ചു തുടങ്ങിയ രോഹത് ശർമ പക്ഷേ, 15 റൺസുമായി കൂടാരം കയറിയതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി. തൊട്ടുപിന്നെലെയെത്തിയ വിരാട് കോഹ്്ലി ഒമ്പതു റൺസെടുത്തു പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 11.4 ഓവറിൽ 40 മാത്രം. ക്രീസിൽ ഒത്തുചേർന്ന അജിങ്ക്യ രഹാനെയും മനീഷ് പാണ്ഡെയും പിടിച്ചുനിന്നു. എന്നാൽ, സൗത്തിയുടെ പന്തിൽ ആൻഡേഴ്സൺ പിടിച്ച് രഹാനെയും പുറത്തായതോടെ ഇന്ത്യ തകർന്നു.

പ്രതീക്ഷ പകർന്ന് ധോണിയും കേദാറും പാണ്ഡ്യയും

ധോണിയും കേദാർ യാദവും താളം കണ്ടെത്തിയതോടെ ഇന്ത്യൻ ഇന്നിംഗ്സിനു ജീവനായി. ഒരറ്റത്ത് ധോണി നങ്കൂരമിട്ടപ്പോൾ കേദാർ യാദവ് അടിച്ചുതകർത്തു. 37 പന്തിൽ രണ്ടു ബൗണ്ടറിയും രണ്ടു സിക്സുമടിച്ച കേദാർ യാദവ് ഹെൻറിക്കു വിക്കറ്റ് നൽകി മടങ്ങി. 66 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് കേദാർ മടങ്ങിയത്. പിന്നീട് അക്്ഷറിനെ കൂട്ടുപിടിച്ച് ധോണി മുന്നേറിയെങ്കിലും ധോണിക്ക് അധികം ആയുസ് ഉണ്ടായില്ല. 65 പന്തിൽ 39 റൺസെടുത്ത നായകനെ സൗത്തി സ്വന്തം പന്തിൽ പിടിച്ചു പുറത്താക്കി. ഒമ്പതാം വിക്കറ്റിൽ ഹർദിക് പാണ്ഡ്യയും ഉമേഷ് യാദവും ചേർന്ന് ഇന്ത്യക്കു പ്രതീക്ഷ നൽകി. മികച്ച സ്ട്രോക് പ്ലേ കാഴ്ചവച്ച പാണ്ഡ്യ മികച്ച ഫോം പ്രകടിപ്പിച്ചു. എന്നാൽ, നിർണായക ഘട്ടത്തിൽ പാണ്ഡ്യ വിക്കറ്റ് കളഞ്ഞുകുളിച്ചതോടെ ഇന്ത്യ മത്സരം കൈവിട്ടു. അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കേ 10 റൺസ് മാത്രമായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. 18 റൺസെടുത്ത ഉമേഷ് യാദവ് നിരാശനായി ഒററ്റത്ത് പുറത്താകാതെ നിന്നു.

ന്യൂസിലൻഡിനു വേണ്ടി ടിം സൗത്തി മൂന്നും ട്രെന്റ് ബൗൾട്ട് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.

സ്കോർബോർഡ്

ന്യൂസിലൻഡ് ബാറ്റിംഗ്

മാർട്ടിൻ ഗ–പ്ടിൽ ബി ഉമേഷ് 0, ലാഥം എൽബിഡബ്ല്യു ബി കേദാർ യാദവ് 46, വില്യംസൺ സി രഹാനെ ബി മിശ്ര 118, റോസ് ടെയ്ലർ സി രോഹിത് ശർമ ബി അമിത് മിശ്ര 21, കോറി ആൻഡേഴ്സൺ എൽബിഡബ്ല്യു ബി മിശ്ര 21, റോഞ്ചി സി ധോണി ബി പട്ടേൽ 6, സാന്റ്നർ നോട്ടൗട്ട് 9, ഡേവ്സിച്ച് സി പട്ടേൽ ബി ബുംറ 7, ടിം സൗത്തി ബി ബുംറ 0, ഹെൻറി ബി ബുംറ 6, ബൗൾട്ട് നോട്ടൗട്ട് 5, എക്സ്ട്രാസ് 3.

ആകെ 50 ഓവറിൽ ഒമ്പതിന് 242

ബൗളിംഗ്

ഉമേഷ് യാദവ് 9–0–42–1, പാണ്ഡ്യ 9–0–42–0, ബുംറ 10–0–35–3, അക്്ഷർ പട്ടേൽ 10–049–1, അമിത് മിശ്ര 10–0–60–3, കേദാർ യാദവ് 2–0–11–1.

ഇന്ത്യ ബാറ്റിംഗ്

രോഹിത് ശർമ സി റോഞ്ചി ബി ബൗൾട്ട് 15, രഹാനെ സി ആൻഡേഴ്സൺ ബി സൗത്തി 28, വിരാട് കോഹ്്ലി സി റോഞ്ചി ബി സാന്റ്നർ 9, മനീഷ് പാണ്ഡെ റണ്ണൗട്ട് 19, ധോണി സി ആൻഡ് ബി സൗത്തി 39, കേദാർ യാദവ് സി റോഞ്ചി ബി ഹെൻറി 41, അക്്ഷർ പട്ടേൽ സി സാന്റ്നർ ബി ഗപ്ടിൽ 17, ഹർദിക് പാണ്ഡ്യ സി സാന്ഞറ്നർ ബി ബൗൾട്ട് 36, അണിത് മിശ്ര സി ബ്രേസ് വെൽ ബി ഗപ്ടിൽ 1, ഉമേഷ് യാദവ് നോട്ടൗട്ട് 18, ബുംറ ബി സൗത്തി 0, എക്സ്ട്രാസ് 13.

ആകെ 49.3 ഓവറിൽ 236

ബൗളിംഗ്

ഹെൻറി 10–0–51–1, ബൗൾട്ട് 10–2–25–2, സൗത്തി 9.3–0–52–3, ഡേവ്റിച്ച് 9–0–48–0, സാന്റ്നർ 10–0–49–1, ഗപ്ടിൽ 1–0–6–2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.