മെസിട്രിക്ക്; സിറ്റി വീണു
മെസിട്രിക്ക്; സിറ്റി വീണു
Thursday, October 20, 2016 11:59 AM IST
ബാഴ്സലോണ: ഫുട്ബോൾ ആരാധകർക്കു കളിയഴകിന്റെ സുന്ദരനിമിഷങ്ങൾ സമ്മാനിച്ച് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാംദിനവും ഗോളുകളാൽ മുങ്ങി. മൂന്നാംറൗണ്ട് മത്സരത്തിൽ വമ്പൻ ടീമുകളെല്ലാം വൻ വിജയം കണ്ടു. ബാഴ്സലോണ, ബയേൺമ്യൂണിക്ക്, ആഴ്സണൽ, പിഎസ്ജി ടീമുകളെല്ലാം ഗോളുകൾ കൊണ്ട് എതിരാളികളുടെ വല നിറച്ചാണ് ജയം ആഘോഷിച്ചത്്. അത്ലറ്റിക്കോ മാഡ്രിഡ്, ബെൻഫിക്ക എന്നീ ടീമുകളും ജയം കണ്ടു.

ഏവരും ഉറ്റുനോക്കിയ ബാഴ്സലോണ– മാഞ്ചസ്റ്റർസിറ്റി പോരാട്ടം സംഭവബഹുലമായിരുന്നു. ബാഴ്സ സൂപ്പർതാരം ലയണൽ മെസിയുടെ ഹാട്രിക്കും സിറ്റിയുടെ ഗോൾവലയം കാത്ത മുൻ ബാഴ്സ ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോയുടെ പുറത്താകലുമാണ് ന്യൂകാമ്പിൽ നടന്ന മത്സരത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. മെസി–സുവാരസ്–നെയ്മർ ത്രയത്തിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിക്കാനായി 96000 കാണികളാണ് ബാഴ്സയുടെ തട്ടകത്തിൽ എത്തിച്ചേർന്നത് . ലയണൽ മെസിയുടെ ഹാട്രിക്കായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. ഏതു പ്രതിരോധവും ലയണൽമെസിക്കു മുന്നിൽ വിലപ്പോകില്ലെന്നു സിറ്റിയുടെ കോച്ച് പെപ് ഗാർഡിയോള മനസിലാക്കിയ മത്സരമായിരുന്നു ഇത്. ബാഴ്സയുടെ പ്രഹരശേഷി എത്രത്തോളമെന്നു തിരിച്ചറിവുള്ള ഗാർഡിയോള അതിനനുസരിച്ചാണ് തന്ത്രങ്ങൾ ആവിഷ്കരിച്ചതെങ്കിലും കളി തുടങ്ങിയതോടെ അദ്ദേഹത്തിന്റെ തന്ത്രങ്ങളെല്ലാം പൊളിഞ്ഞു. മെസി–സുവാരസ്–നെയ്മർ ത്രയത്തെ പിടിച്ചുകെട്ടാൻ ഗാർഡിയോള ആവിഷ്കരിച്ച മാഞ്ചസ്റ്റർ പ്രതിരോധത്തിനായില്ല. മെസിയുടെ മികവിനു മുന്നിൽ സമ്പൂർണ തോൽവി വഴങ്ങുകയായിരുന്നു അവർ.

ബാഴ്സയുടെ മുൻ ഗോളിയായിരുന്ന ചിലിയൻതാരം ക്ലോഡിയോ ബ്രാവോയെ നിഷ്പ്രഭനാക്കിയായിരുന്നു മെസിയുടെ ഗോളുകൾ പതിനേഴാം മിനിറ്റിൽ മാഞ്ചസ്റ്റർസിറ്റി പ്രതിരോധത്തെ ഛിന്നഭിന്നമാക്കി കടന്നു കയറിയ മെസി അടുത്ത നിമിഷത്തിൽ പന്തു തടയാനെത്തിയ ബ്രാവോയെയും ചടുലമായ നീക്കത്തിൽ മനോഹരമായി കബളിപ്പിച്ചാണ് ആദ്യഗോൾ നേടിയത്. നേരത്തെ ബാഴ്സ ഗോൾകീപ്പറായിരുന്ന ബ്രാവോ ഈ സീസണിലാണ് സിറ്റിയിലെത്തുന്നത്. മത്സരത്തിന്റെ അമ്പത്തിമൂന്നാംമിനിറ്റിൽ ബ്രാവോയ്ക്കു ചുവപ്പുകാർഡും ലഭിച്ചു. തന്റെ സ്‌ഥാനം വിട്ടു ബോക്സിനു പുറത്തേക്കു കയറിയ ക്ലോഡിയോ ബ്രാവോ സുവാരസിന്റെ കിക്ക് തടയാൻ പന്തു കൈകൊണ്ടു തട്ടിയതിനു റഫറി ചുവപ്പുകാർഡ് ഉയർത്തി. പകരമായി എത്തിയത് വില്ലി കബല്ലേറോയായിരുന്നു. അദ്ദേഹത്തിനും രക്ഷയുണ്ടായില്ല. 61, 69 മിനിറ്റുകളിൽ ഗോൾനേടി മെസി ഹാട്രിക് തികച്ചു. 87–ാം മിനിറ്റിൽ മെസിയെ വീഴ്ത്തിയതിനു പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത നെയ്മറിനെ ലക്ഷ്യം നേടുന്നതിൽ നിന്നു സിറ്റി ഗോളി തടഞ്ഞു. 89ാം മിനിറ്റിൽ ഗോളടിച്ച നെയ്മർ അതിനു പ്രായശ്ചിത്തം ചെയ്തതോടെ സിറ്റിയുടെ തകർച്ച പൂർണമായി. പക്ഷേ, സ്കോർ സൂചിപ്പിക്കും പോലെ തികച്ചും ഏകപക്ഷീയമായിരുന്നില്ല മത്സരം. മാഞ്ചസ്റ്റർസിറ്റിക്കും സുവർണാവസരങ്ങൾ ലഭിച്ചു. എന്നാൽ ബാഴ്സ ഗോൾകീപ്പർ ആന്ദ്രേ ടെർസ്റ്റീഗൻ വിലങ്ങുതടിയായി. സിറ്റിയുടെ നോളിറ്റോയുടെ ഒറ്റപ്പെട്ട ശ്രമങ്ങൾ അപകടം വിതച്ചെങ്കിലും ബാഴ്സ ഗോൾകീപ്പർ അതെല്ലാം രക്ഷപ്പെടുത്തുകയായിരുന്നു. സി ഗ്രൂപ്പിൽ മൂന്നു മത്സരവും ജയിച്ചു ഒമ്പതു പോയിന്റുമായി ബാഴ്സയാണ് ഒന്നാമത് .


മറ്റു മത്സരങ്ങളിൽ ആഴ്സണൽ എതിരില്ലാത്ത ആറു ഗോളുകൾക്കു ലുഡോഗോറസ്റ്റസിനെ തോൽപ്പിച്ചു. 12ാം മിനിറ്റിൽ അലക്സിസ് സാഞ്ചസ്, 42ാം മിനിറ്റിൽ തിയോ വാൽക്കോട്ട്, 46ാം മിനിറ്റിൽ ഒക്സ്ലാഡേ ചേംബർലെയ്ൻ എന്നിവർ ഗോളുകൾ നേടിയപ്പോൾ 56, 83, 87 മിനിറ്റുകളിൽ ഗോളടിച്ച് മെസ്യൂട്ട് ഓസിൽ ഹാട്രിക് തികച്ചു. പ്രൊഫഷണൽ ഫുട്ബോളിൽ ജർമൻ താരത്തിന്റെ ആദ്യ ഹാട്രിക്കാണിത്. ഇതോടെ ഏഴു പോയിന്റുമായി എ ഗ്രൂപ്പിൽ ആഴ്സണൽ ഒന്നാമതായി.

മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് റോസ്റ്റോവിനെ പരാജയപ്പെടുത്തി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. ഡി ഗ്രൂപ്പിൽ അത്ലറ്റിക്കോയാണ് മുന്നിൽ, ബയേണാണ് രണ്ടാമത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.