ഫിഫ റാങ്കിംഗിൽ ഇന്ത്യക്കു വൻ മുന്നേറ്റം
ഫിഫ റാങ്കിംഗിൽ ഇന്ത്യക്കു വൻ മുന്നേറ്റം
Thursday, October 20, 2016 11:59 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളിനു വീണ്ടും ശുഭ വാർത്ത. അണ്ടർ 17 ലോകകപ്പും എഫ് സി ബംഗളൂരുവിന്റെ എഎഫ്സി കപ്പ് ഫൈനലിൽ പ്രവേശനവുമൊക്കെ ആവേശം സമ്മാനിക്കുന്നതിനു തൊട്ടു പിന്നാലെ ഫിഫ റാങ്കിംഗിൽ ഇന്ത്യ 11 സ്‌ഥാനം മെച്ചപ്പെടുത്തി വൻ കുതിച്ചു ചാട്ടം നടത്തി. പുതിയ റാങ്കിംഗിൽ ഇന്ത്യ 137 ാം സ്ഥാനത്താണ്. 2010 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് ഇന്ത്യ ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത്. ഇന്ത്യക്ക് നിലവിൽ 230 പോയിന്റാണുള്ളത്. സെപ്റ്റംബറിൽ ലോക റാങ്കിംഗിൽ 114–ാം സ്‌ഥാനത്തുള്ള പ്യൂട്ടോറിക്കോയെ പരാജയപ്പെടുത്തിയതാണ് ഇന്ത്യക്കു നേട്ടമായത്. സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യൻ ടീമിന്റെ പരിശീലകനാകുമ്പോൾ ഇന്ത്യ 171–ാം സ്‌ഥാനത്തായിരുന്നു. അവിടെനിന്നാണ് ടീം ഇത്രത്തോളം ഉയരുന്നത്. ടീമിന്റെ ഒന്നടങ്കമുള്ള വിജയമാണ് റാങ്കിംഗിലെ ഈ നേട്ടമെന്ന് കോൺസ്റ്റന്റൈൻ പറഞ്ഞു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ പ്രഫുൽ പട്ടേലിനും സെക്രട്ടറി കുശാൽ ദാസിനും നേട്ടത്തിൽ പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നതെങ്കിലും അർജന്റീന ഒന്നാം സ്‌ഥാനം നിലനിർത്തി. ബെൽജിയത്തെ പിന്തള്ളി ലോക ചാമ്പ്യൻമാരായ ജർമനി രണ്ടാം സ്ഥാനത്തേക്ക് എത്തി. ബെൽജിയം നാലാം സ്ഥാനത്തേക്ക് പതിച്ചപ്പോൾ ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ബ്രസീൽ നാലാം സ്‌ഥാനത്തായിരുന്നു നേരത്തെ. ആദ്യ അഞ്ചു റാങ്കിൽ മൂന്നും ലാറ്റിൻ അമേരിക്കൽ രാജ്യങ്ങളാണ്. അഞ്ചാം സ്‌ഥാനത്ത് കൊളംബിയയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.