ബംഗളൂരു എഫ്സി എഎഫ്സി കപ്പ് ഫൈനലിൽ ; പുതുചരിതം
ബംഗളൂരു എഫ്സി എഎഫ്സി കപ്പ് ഫൈനലിൽ ; പുതുചരിതം
Wednesday, October 19, 2016 12:06 PM IST
ബംഗളൂരു: ഇന്ത്യൻ ഫുട്ബോളിൽ പുതിയ വസന്തം. ഐ ലീഗ് ചാമ്പ്യന്മാരായ ബംഗളൂരു എഫ്സി ചരിത്രംകുറിച്ച് എഎഫ്സി കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. രണ്ടാംപാദ സെമിയിൽ സുനിൽ ഛേത്രിയുടെ ഇരട്ട ഗോൾ മികവിൽ മലേഷ്യൻ ടീമും നിലവിലെ ചാമ്പ്യന്മാരുമായ ജോഹർ ഡാരുൾ തസീമിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്താണ് ബംഗളൂരു എഫ്സി കലാശപ്പോരിന് ടിക്കറ്റെടുത്തത്. രണ്ടു പാദങ്ങളിലുമായി രണ്ടിനെതിരേ നാലു ഗോളുകളുടെ ലീഡാണ് ബംഗളൂരു നേടിയത്. ആദ്യപാദത്തിൽ ഇരുടീമും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞിരുന്നു. സുനിൽ ഛേത്രിയും യുവാൻ അന്റോണിയോയുമാണ് ബംഗളുരുവിന്റെ ഗോളുകൾ നേടിയത്. നവംബർ അഞ്ചിനു നടക്കുന്ന ഫൈനലിൽ ഇറാക്കിൽനിന്നുള്ള ആംഡ് ഫോഴ്സസാണ് ബംഗളൂരു എഫ്സിയുടെ എതിരാളികൾ.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ ടീം എഎഫ്സി കപ്പ് ഫൈനലിൽ കടക്കുന്നത്. നേരത്തേ ഡെംപോ ഗോവയും കോൽക്കത്ത ഈസ്റ്റ് ബംഗാളും സെമി കളിച്ചിരുന്നു.

ഒരു ഗോളിനു പിന്നിൽനിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ആധികാരികമായാണ് ഛേത്രിയും സംഘവും ഫൈനലിലേക്ക് മാർച്ച് ചെയ്തത്.

കണ്ഠീരവയുടെ കണ്ഠം തകർത്ത് മലേഷ്യൻ വെടി

കളിയുടെ തുടക്കത്തിൽ ബംഗളൂരു മികച്ച മുന്നേറ്റം നടത്തി. ഏഴാം മിനിറ്റിൽത്തന്നെ സുനിൽ ഛേത്രിയുടെ ഉശിരൻ അടി മലേഷ്യന് ഗോളി തട്ടിയകറ്റി. എന്നാൽ, ആദ്യം മുന്നിലെത്താനുള്ള ഭാഗ്യം ലഭിച്ചത് മലേഷ്യൻ ടീമിനായിരുന്നു.

ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ അലറിയാർക്കുന്ന കണ്ഠങ്ങളെ നിശബ്ദമാക്കി മുഹമ്മദ് സഫീക് ബിൻ റഹിമാണ് മലേഷ്യയെ മുന്നിലെത്തിച്ചത്. 12–ാം മിനിറ്റിൽ ഗോളി അമരീന്ദർ സിംഗിന്റെ പിഴവാണ് ഗോളിൽ കലാശിച്ചത്. ഗോൾ വീണതിനു ശേഷം ബംഗളുരൂ ഉണർന്നു. നിരന്തരം മലേഷ്യൻ പോസ്റ്റിൽ ബംഗളൂരുവിന്റെ റെയ്ഡ്. ആദ്യം നേടിയത് മലേഷ്യൻ ടീം ആയിരു്ന്നുവെങ്കിലും മികച്ച കളി ബംഗളൂരു എഫ്സിയുടെ ഭാഗത്തുനിന്നായിരുന്നു.

കണ്ഠീരവയിൽ ഛേത്രീരവം

30ാം മിനിറ്റിൽ ബംഗളൂരു ഗോളിന് അടുത്തെത്തി. ഛേത്രിയുടെ ക്ലോസ് റേഞ്ച് ഷോട്ട് ബാറിനു മുകളിലൂടെ പറന്നു. എന്നാൽ, ഒമ്പതു മിനിറ്റിനകം ഛേത്രി പ്രായശ്ചിത്തം ചെയ്തു. യൂജിൻസൺ ലിംഗ്ദാ എടുത്ത കോർണർ പറന്നിറങ്ങിയത് ഛേത്രിയുടെ തലയിൽ തഴുകാൻ വേണ്ടി മാത്രമായിരുന്നു. പോസ്റ്റിൽനിന്ന് ഏതാണ്ട് 12 വാര അകലെനിന്നിരുന്ന ഛേത്രിയുടെ തലയിലെത്തിയ പന്ത് ആവേശത്തോടെ, ആഗ്രഹത്തോടെ മലേഷ്യയുടെ വലയിൽ. കാരണം അത്രയ്ക്കു മികച്ച കളി കാഴ്ചവച്ച ബംഗളൂരു അർഹിച്ച ഗോൾ സ്വന്തമാക്കുകയായിരുന്നു. പന്ത് പോലും ആ ഗോളിനു മോഹിച്ചിട്ടുണ്ടാകും. സ്റ്റേഡിയത്തിലെ നീലക്കടലിൽ ആഹ്ലാദത്തിന്റെ വേലിയേറ്റം. ഛേത്രിയുടെ ഗോളിൽ സമനില സ്വന്തമാക്കിയ ബംഗളൂരു വിശ്രമത്തിനു പിരിഞ്ഞു.


കളി അധിക സമയത്തേക്കു നീട്ടാതെ ജയിക്കാൻ തന്നെ ഉറച്ചാണ് രണ്ടാം പകുതിയിൽ ബംഗളൂരു ഇറങ്ങിയത്. തുടക്കം മുതൽ നീലപ്പട ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, ഗോൾ മാത്രം വന്നില്ല. 67 –ാം മിനിറ്റിൽ ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രം തിരുത്തിയ ആ നിമിഷമെത്തി. ബോക്സിനു പുറത്തു പന്തു ലഭിച്ച ഛേത്രി രണ്ടു പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് വലതുകാലിന് മലേഷ്യയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. റെയിൻബോ ഗോൾ എന്തെന്നു കാണിച്ചു തരുകയായിരുന്നു ഛേത്രി. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ താൻ ആദ്യപേരുകാരിലുണ്ടെന്നു തെളിയിക്കുന്ന ഗോളായിരുന്നു ഛേത്രി സ്വന്തമാക്കിയത്. കളിയിലെ അതിമനോഹരമായ ഗോൾ. സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ബംഗളൂരു ലീഡ് നേടിയതോടെ മലേഷ്യ പ്രത്യാക്രമണം നടത്തിയെങ്കിലും നീലപ്രതിരോധം തകർന്നില്ല. 76 –ാം മിനിറ്റിൽ മലേഷ്യയുടെ പ്രതീക്ഷയിൽ ബംഗളൂരു അവസാന ആണിയും അടിച്ചുകയറ്റി. ഇത്തവണയും ഗോളിനു വഴിയൊരുക്കിയത് ലിഗ്ദോ തന്നെ. ലിംഗ്ദോയുടെ ഫ്രീകിക്കിന് തലവച്ച ജുവാൻ അന്റോണിയോ ബംഗളൂരുവിന്റെ മൂന്നാം ഗോൾ നേടി. മലയാളി താരങ്ങളായ റിനോ ആന്റോയും സി.കെ. വിനീതും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ജോഹർ ടീം നിരയിൽ അർജന്റൈൻ സ്ട്രൈക്കർമാരായ മാർട്ടിൻ ലുസേരോ, ഹോർഹെ ഡയസ് എന്നിവരില്ലാതെ പോയത് ബംഗളൂരുവിന് കാര്യങ്ങൾ എളുപ്പമായി.

ബംഗളൂരു എഫ്സി

*കേവലം മൂന്നു വർഷം മുമ്പ് സ്‌ഥാപിതമായ ഫുട്ബോൾ ക്ലബ്, കൃത്യമായി പറഞ്ഞാൽ 2013 ജൂലൈ 20ന്.

*ഹോംഗ്രൗണ്ട്–ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയം

*ഉടമസ്‌ഥർ–ജെഎസ്ഡബ്ല്യു ഗ്രൂപ്പ്

*പരിശീലകൻ–അൽബർട്ട് റോച്ച

*നായകൻ–സുനിൽ ഛേത്രി

*ഐ ലീഗ് – രണ്ടു തവണ ചാമ്പ്യന്മാർ (2013–14, 2015–16)

*റണ്ണേഴ്സ്അപ്പ്–1 (2014–15)

*ഫെഡറേഷൻ കപ്പ്– 1 (2014–15)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.