ജയം തുടരാൻ ഇന്ത്യ
ജയം തുടരാൻ ഇന്ത്യ
Wednesday, October 19, 2016 12:06 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ 901–ാം ഏകദിന മത്സരത്തിന് പല ചരിത്ര മുഹൂർത്തങ്ങൾക്കും വേദിയായ ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഒരുങ്ങുകയാണ്. ന്യൂസിലൻഡിനെതിരേയുള്ള രണ്ടാം ഏകദിന ക്രിക്കറ്റും ജയിച്ച് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ലീഡ് ഉയർത്താനായാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്തുള്ള ന്യൂസിലൻഡാണെങ്കിൽ ഇന്ത്യൻ പര്യടനത്തിലെ ആദ്യജയം തേടിയും. കിവീസ് ടെസ്റ്റിൽ സമ്പൂർണ പരാജയം രുചിച്ചപ്പോൾ ആദ്യഏകദിനത്തിലും ഫലം മറിച്ചായിരുന്നില്ല. ഫിറോസ് ഷാ കോട്ലയിൽ ഇന്ത്യ പന്ത്രണ്ട് ഏകദിനത്തിൽ ജയിച്ചപ്പോൾ അഞ്ചെണ്ണത്തിൽ തോറ്റു. ന്യൂസിലൻഡ് ഇവിടെ കളിച്ച രണ്ട് ഏകദിനത്തിലും പരാജയപ്പെടുകയും ചെയ്തു. ഒന്നാം ഏകദിനം നടന്ന ധർമശാലയിലെ പിച്ചിൽ ഇന്ത്യൻ ബൗളർമാർ തിളങ്ങിയിരുന്നു. പേസർമാർക്കും ഒപ്പം സ്പിന്നർമാർക്കും വിക്കറ്റ് വീഴ്ത്താനായി. കോട്ലയിലെ പിച്ച് സ്പിന്നിനെ അനുകൂലിക്കുന്നതാണ്. ഇത് ന്യൂസിലൻഡിന്റെ സ്പിന്നർമാർക്കും ആശ്വാസം നൽകുന്ന കാര്യമാണ്.


ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെ ടോം ലാഥം, ടിം സൗത്തി എന്നിവരുടെ മികവാണ് കീവിസിനെ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഇവരൊഴിച്ചാൽ കിവീസിന്റെ ബാറ്റിംഗ് നിര തീർത്തും പരാജയമായിരുന്നു. ഇന്ത്യയുടെ ഓപ്പണർമാരായ രോഹിത് ശർമ–അജിങ്ക്യ രഹാനെ സഖ്യം, വിരാട് കോഹ്ലി, നായകൻ മഹേന്ദ്ര സിംഗ് ധോണി എന്നിവർ കഴിഞ്ഞ മത്സരത്തിൽ മികച്ച ബാറ്റിംഗ് കാഴ്ചവച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.