ഗോൾമഴയിൽ സമനില
ഗോൾമഴയിൽ സമനില
Tuesday, October 18, 2016 11:29 AM IST
ന്യൂഡൽഹി: ഗോൾമഴ പെയ്ത മത്സരത്തിൽ ഡൽഹി ഡൈനാമോസും മുംബൈ സിറ്റി എഫ്സിയും സമനിലയിൽ. ഇന്ത്യൻ സൂപ്പർ ലീഗിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഡൽഹി ഡൈനാമോസും മുംബൈ സിറ്റി എഫ്സിയും മൂന്നു ഗോൾ വീതമടിച്ചു.

ആദ്യപകുതിയിൽ 2–0നും അതിനു ശേഷം ഒരു ഘട്ടത്തിൽ 3–1നും മുംബൈ മുന്നിൽ നിന്ന ശേഷമാണ് മുംബൈയെ ഡൽഹി സമനിലയിൽ തളച്ചത്.

മുംബൈയുടെ ഹംഗേറിയൻ മിഡ്ഫീൽഡർ ക്രിസ്ത്യൻ വാഡോക്സിന്റെ ബൂട്ടിൽ നിന്നാണ് ആദ്യ രണ്ട് ഗോളുകളും. (33, 39) ഡൽഹിക്കുവേണ്ടി 51 ാം മിനിറ്റിൽ ഘാനയിൽ നിന്നുള്ള മുൻനിരതാരം റിച്ചാർഡ് ഗാഡ്സെ ആദ്യ ഗോൾ നേടി. 69 ാംമിനിറ്റിൽ സോണി നോർദെ മുംബൈയ്ക്ക് മൂന്നാം ഗോളും നേടിക്കൊടുത്തു . എന്നാൽ, പിന്നീട് പകരക്കാരനായി വന്ന ബാദ്ര ബാജിയിലൂടെ ഡൽഹി 76–ാം മിനിറ്റിൽ രണ്ടാം ഗോളും 82–ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാഴ്സിലിഞ്ഞോ ഡൽഹിയുടെ സമനില ഗോളും നേടി. ഈ സമനിലയോടെ മുംബൈ സിറ്റിക്ക് എട്ടു പോയിന്റും ഡൽഹിക്ക് ആറു പോയിന്റുമായി. മുംബൈ രണ്ടാം സ്‌ഥാനത്തും ഡൽഹി മൂന്നാം സ്‌ഥാനത്തുമാണ്.


ഡൽഹി ആദ്യ ഇലവനിൽ ഗോൾ കീപ്പറെ അടക്കം നാല് മാറ്റങ്ങൾ വരുത്തി. ഗോൾ വല കാക്കാൻ ഒന്നാം നമ്പർ ഗോളി ഡോബ്ലാസിനു പകരം മണിപ്പൂർ സ്വദേശി സോറാൻ പോയെറിയും ഡിഫൻസിൽ ഡേവിഡ് ആഡി, ഇബ്രാഹിം നാസി , മാർക്വീ താരം ഫ്ളോറന്റ് മലൂദ എന്നിവരും എത്തി. മുംബൈയും മൂന്നു മാറ്റങ്ങൾ വരുത്തി. ആദ്യ ഇലവനിൽ സോണി നോർദെയോടൊപ്പം പ്രണോയ് ഹാൽഡർ, സെന റാൽട്ടെ എന്നിവരും കളിക്കാനിറക്കിയിരുന്നു.

ഐഎസ്എലിൽ ഇന്നു മത്സരമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.