ന്യൂകാമ്പിൽ ഗാർഡിയോള വീണ്ടും
ന്യൂകാമ്പിൽ ഗാർഡിയോള വീണ്ടും
Tuesday, October 18, 2016 11:28 AM IST
ബർലിൻ: ചാമ്പ്യൻസ് ലീഗിൽ ഇന്നു കനത്ത പോരാട്ടങ്ങൾ. ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും സ്പാനിഷ് ലീഗ് വമ്പൻ ബാഴ്സലോണ, പ്രീമിയർ ലീഗ് കേമൻ മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾ ഇന്നു കളത്തിലിറങ്ങും. ഹോളണ്ടിലെ പ്രഗൽഭരായ പിഎസ്വി ഐന്തോവനെയാണ് ബയേൺ നേരിടുന്നത്. ചിലിയൻ താരം അർതുറോ വിദാൽ, റോബർട്ടോ ലെവൻഡോവ്സ്കി, ഹാവി മർട്ടിനസ്, ഡഗ്ലസ് കോസ്റ്റ, യുവാൻ ബെർനാറ്റ് എന്നിവർ അരയും തലയും മുറുക്കുമ്പോൾ ഫ്രാങ്ക് റിബറി ഇന്നിറങ്ങില്ല.

ബുണ്ടസ് ലിഗയിൽ ഐൻട്രാഹ്റ്റ് ഫ്രാങ്ക്ഫർട്ടിനോട് 2–1 സമനില വഴങ്ങിയതിന്റെ ആഘാതത്തിൽ നിന്നും മുക്‌തമാവാതെയാണ് ആഞ്ചലോട്ടിയുടെ കുട്ടികൾ ജർമനിയുടെ മണ്ണിൽ ബയേണിന്റെ സ്വന്തം തട്ടകമായ അലിയാൻസ് അരീനയിൽ പൊരുതാനിറങ്ങുന്നത്.

ഗ്രൂപ്പ് ഡിയിൽ ഇതുവരെയായി മൂന്നു പോയിന്റ് സ്വന്തം കീശയിലാക്കിയ ബയേണിന്റെ മുൻപോട്ടുള്ള പാത അത്ര സുഖകരമല്ല. ഗ്രൂപ്പിൽ അത്ലറ്റിക്കോയുടെ മുന്നിൽ ഏകപക്ഷീയമായ ഒരു ഗോളിനു മുട്ടുമടക്കേണ്ടിവന്നതോടെയാണ് ബയേൺ പിന്നോക്കം പോയത്. ആറു പോയിന്റുമായി അത്ലറ്റിക്കോയാണ് മുന്നിൽ. അതേസമയം ഐന്തോവന് ഒരു പോയിന്റ് മാത്രമാണുള്ളത്.

ബാഴ്സ– മാഞ്ചസ്റ്റർ സിറ്റി

ഇവിടെ കഥ വ്യത്യസ്തമാണ്. പെപ് ഗാർഡിയോളയും ലൂയിസ് എൻറിക്കെയും തമ്മിലുള്ള പോരാട്ടമാണ് ഇന്നു നടക്കുന്നത്. ബാഴ്സയ്ക്ക് വളരെയധികം കിരീടങ്ങൾ നേടിക്കൊടുത്ത ഗാർഡിയോളയ്ക്കെതിരേ വിജയം നേടാനുറച്ചാണ് ലൂയിസ് എൻ റിക്കെയുടെ കുട്ടികൾ ഇറങ്ങുന്നത്. ബാഴ്സയുടെ ഇഷ്ടകേന്ദ്രമായ കറ്റാലൻ മണ്ണിലെ ന്യൂകാമ്പിലാണ് പോരാട്ടം.


ഗ്രൂപ്പ് സിയിൽ രണ്ടു ജയത്തോടെ ബാഴ്സയ്ക്ക് ആറു പോയിന്റും മാഞ്ചസ്റ്റർ സിറ്റിക്ക് നാലു പോയിന്റുമാണുള്ളത്. പരിക്കിൽനിന്നു പുറത്തുവന്ന മെസിയും നെയ്മറും സുവാര സും അടങ്ങുന്ന ത്രിമൂർത്തികളുടെ മുന്നിൽ പിടിച്ചു നിൽക്കാനുള്ള കരുത്തും ഗാർഡിയയോളയുടെ പുതുതന്ത്രങ്ങളും ഉരുക്കഴിക്കുന്ന രാത്രിയാവും ഇന്നത്തേത്. സ്പാനിഷ് ലീഗിൽ ഡിപ്പോർട്ടീവോ ലാ കരൂണയ്ക്കെതിരേ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സയുടെ വരവ്. ഈ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മെസി ഗോളും നേടിയിരുന്നു.

ഇന്നത്തെ പോരാട്ടങ്ങൾ

ആഴ്സണൽ – ലുഡോഗോററ്റ്സ്

ബാഴ്സലോണ – മാഞ്ചസ്റ്റർ സിറ്റി

ബയേൺ മ്യൂണിക് – പിഎസ്വി

സെൽറ്റിക് – ബൊറൂസിയ മോൺചൻഗ്ലാഡ്ബാഷ്

ഡൈനാമോ കീവ് – ബെൽഫിക്ക

നാപോളി – ബെസിക്റ്റാസ്

പിഎസ്ജി – ബാസൽ

റോസ്റ്റോവ് – അത്ലറ്റിക്കോ മാഡ്രിഡ്

മത്സരങ്ങൾ രാത്രി 12.15ന് ടെൻ ചാനലുകളിൽ

ജോസ് കുമ്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.