വിൻഡീസ് ജയം കൈവിട്ടു
വിൻഡീസ് ജയം കൈവിട്ടു
Tuesday, October 18, 2016 11:28 AM IST
ദുബായ്: വിൻഡീസ് ക്രിക്കറ്റ് ടീം പടിക്കൽ കലമുടച്ചു. ഏവരും ആഗ്രഹിച്ച ഒരു വിജയമാണ് വിൻഡീസിൽനിന്ന് വഴുതിപ്പോയത്. അവസാനം വരെ വിജയത്തിനായി പൊരുതിയ വെസ്റ്റ് ഇൻഡീസിന് ഒടുവിൽ പാക്കിസ്‌ഥാനോടു പരാജയപ്പെടേണ്ടിവന്നു. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്‌ഥാന് 56 റൺസ് വിജയം. 346 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 289 റൺസിന് ഓൾഔട്ടായി. 116 റൺസ് നേടിയ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാരൻ ബ്രാവോയുടെ മനോഹര ഇന്നിംഗ്സാണ് വിൻഡീസിനെ വിജയത്തിന് അടുത്തെത്തിച്ചത്. 40 റൺസോടെ ക്യാപ്റ്റൻ ജാസൺ ഹോൾഡർ പുറത്താകാതെ നിൽക്കുകയും ചെയ്തു.രണ്ടിന് 95 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു വിൻഡീസ് അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങിയത്. എന്നാൽ, അഞ്ചാം ദിനത്തിലെ ആദ്യ പന്തിൽ തന്നെ മർലോൺ സാമുവൽസ് പുറത്തായത് അവർക്ക് തിരിച്ചടിയായി. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും പതറാതെ പോരാടിയ ബ്രാവോ വിൻഡീസിനെ ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു. ഏഴാം വിക്കറ്റിൽ ബ്രാവേ—ഹോൾഡർ സഖ്യം 69 റൺസ് നേടി വിജയപ്രതീക്ഷ ഉയർത്തിയെങ്കിൽ യാസിർ ഷാ കൂട്ടുകെട്ട് പൊളിച്ചു പാക്കിസ്‌ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.


പാക്കിസ്‌ഥാനു വേണ്ടി മുഹമ്മദ് അമീർ മൂന്നും യാസിർ ഷാ, മുഹമ്മദ് നവാസ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി. ആദ്യ ഇന്നിംഗ്സിലെ ട്രിപ്പിൾ സെഞ്ചുറിയിലൂടെ പാക്കിസ്ഥാന് കൂറ്റൻ സ്കോർ സമ്മാനിച്ച അസ്ഹർ അലിയാണ് മാൻ ഓഫ് ദ മാച്ച്. ഈ പരമ്പരയിൽ വിജയിച്ചാൽ ടെസ്റ്റ് റാങ്കിംഗിൽ പാക്കിസ്‌ഥാന് മുന്നേറാനാകും.

സ്കോർ: പാക്കിസ്‌ഥാൻ ഒന്നാം ഇന്നിംഗ്സ് 579/3 ഡിക്ലയേർഡ്, രണ്ടാം ഇന്നിംഗ്സ് 123. വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സ് 357, രണ്ടാം ഇന്നിംഗ്സ് 28–.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.