സ്വന്തം തട്ടകത്തിൽ ഡൽഹി ഇന്ന് മുംബൈക്കെതിരേ
സ്വന്തം തട്ടകത്തിൽ ഡൽഹി ഇന്ന് മുംബൈക്കെതിരേ
Monday, October 17, 2016 12:04 PM IST
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം സ്‌ഥാനക്കാരായ മുംബൈ സിറ്റി ഇന്ന് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നാലാം സ്‌ഥാനത്തുള്ള ഡൽഹി ഡൈനാമോസിനെ നേരിടും. നാല് മത്സരങ്ങളിൽ രണ്ടു ജയം, ഒരു സമനില, ഒരു തോൽവി അടക്കം ഏഴു പോയിന്റാണ് മുംബൈക്കുള്ളത്. മൂന്നു മത്സരങ്ങളിൽനിന്ന് ഒരു ജയം രണ്ട് സമനില എന്നിവയടക്കം അഞ്ച് പോയിന്റ് ഡൽഹിക്കുണ്ട്.

മുംബൈ സിറ്റി ആദ്യമത്സരത്തിൽ പൂന സിറ്റിയെയും രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും 1–0 മാർജിനിൽ തോൽപ്പിച്ചു. അത്ലറ്റിക്കോ ഡി കോൽക്കത്തയോട് സമനിലയും പിടിച്ചു. മുംബൈ സിറ്റിയുടെ ഏക തോൽവി കേരള ബ്ലാസ്റ്റേഴ്സിനോടാണ് (0–1).

ഡൽഹി ഡൈനാമോസ് ആദ്യ മത്സരത്തിൽ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സിയെ 3–1നു തകർത്തുകൊണ്ട് സ്വപ്ന തുല്യമായി തുടങ്ങി. എന്നാൽ, രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് 0–0നും മൂന്നാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് 1–1നും സമനില പിടിച്ചു. ഇതുവരെ തോറ്റിട്ടില്ലെങ്കിലും ആദ്യ ജയത്തിനുശേഷം രണ്ടു സമനിലകളേ ഡൽഹി ഡൈനാമോസിനുള്ളൂ.

നോർത്ത് ഈസ്റ്റിനെതിരെ സമനിലയിൽ പിരിയേണ്ടിവന്നുവെങ്കിലും നന്നായി കളിക്കാൻ കഴിഞ്ഞുവെന്നു ഡൽഹിയുടെ ഇറ്റാലിയൻ കോച്ച് ജിയാൻ ലൂക്ക സാംബ്രോട്ട പറഞ്ഞു. ലീഗിലെ മികച്ച ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. നിരവധി അവസരങ്ങൾ നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ലഭിച്ചു. പക്ഷേ അത് ഗോളാക്കിമാറ്റാൻ കഴിഞ്ഞില്ല. എന്നാൽ, അതുകൊണ്ട് അടുത്ത മത്സരത്തിൽ ടീമിന്റെ തന്ത്രങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒത്തിണക്കം ലഭിച്ച ടീം കോമ്പിനേഷൻ തുടരാനാണ് സാംബ്രോട്ടയുടെ തീരുമാനം.

മറുവശത്ത് മുംബൈ സിറ്റിയുടെ നായകനും ടീമിലെ സൂപ്പർ താരവുമായ ഡിയേഗോ ഫോർലാനെ കൂടാതെയാണ് ഇന്നും മത്സരിക്കേണ്ടി വരുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരം കൂടിയായ ഈ ഉറുഗ്വെൻ മുൻനിര പോരാളിക്ക് കഴിഞ്ഞ മത്സരത്തിലും കളിക്കാനായില്ല. പരിക്ക് ഭേദമായി പൂർണമായി ഫിറ്റ്നസ് നേടിയശേഷം ഗോവയ്ക്കെതിരെ മുംബൈയിലെ സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഫോർലാനെ ഇറക്കാനാണ് കോച്ച് അലക്സാണ്ടർ ഗുയിമെറസ് നിശ്ചയിച്ചിരിക്കുന്നത്. ഫോർലാനു പുറമേ ടീമിലെ മറ്റു ചില കളിക്കാരും പരിക്കിന്റെ പിടിയിലും വിദേശകളിക്കാർ സ്വന്തം രാജ്യത്തിനുവേണ്ടിയുള്ള മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയുമാണ്. എഎഫ്സി കപ്പിൽ ബംഗളൂരു എഫ്സിക്കുവേണ്ടി കളിക്കാൻ ഒരുങ്ങുന്നതിനാൽ മറ്റു ചില കളിക്കാരും മുംബൈ സിറ്റിയിൽ നിന്നും വിട്ടുനിൽക്കുകയാണ്.

എതിരാളികളായ ഡൽഹി ഡൈനാമോസിനെ മുംബൈയുടെ കോസ്റ്റാറിക്കൻ പരിശീലകൻ വിലകുറച്ചു കാണുന്നില്ല. ലീഗിൽ ഡൽഹി നന്നായി കളിച്ച് ആകർഷണീയമായ ഫുട്ബോളും കാഴ്ചവച്ചു. ഡൽഹി കടുപ്പമേറിയ ടീം തന്നെ ആയിരിക്കും എന്നു വിലയിരുത്തിയ അലക്സാണ്ടർ ഗുയിമെറസ് മുംബൈ മികച്ച ഗെയിം കാഴചവെക്കുമെന്നു വിശ്വാസവും പങ്കുവെച്ചു. ഗുയിമെറസ് കരുതുന്നതുപോലെ മുംബൈ സിറ്റിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. നാല് പ്രമുഖ കളിക്കാരുടെ അഭാവം ടീമിനു കനത്ത നഷ്‌ടം തന്നെയാണ്.

എന്നാൽ മൂന്നു കളിക്കാർ ഇല്ലെങ്കിലും പൂനയ്ക്കെതിരേ നേടിയ വിജയം വളരെ നിർണായകമായിരുന്നുവെന്നും അലക്സാണ്ടർ ഗുയിമെറസ് പറഞ്ഞു. ഐഎസ്എലിൽ ഇതിനു മുൻപ് നടന്ന ഡൽഹി– മുംബൈ മത്സരങ്ങളിൽ മുംബൈ സിറ്റി രണ്ടുതവണ ജയിച്ചു. ഡൽഹി ഒരു തവണയും കഴിഞ്ഞ സീസണിൽ ഡൽഹിയിൽ നടന്ന മത്സരം1–1 സമനിലയിൽ കലാശിച്ചു. അവസാന മിനിറ്റിൽ റോബിൻസിംഗിന്റെ ഗോളിലായിരുന്നു ഡൽഹി സമനില പിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.