ബ്ലാസ്റ്റേഴ്സിന് ഇന്ന് എവേ പോരാട്ടം
ബ്ലാസ്റ്റേഴ്സിന് ഇന്ന് എവേ പോരാട്ടം
Sunday, October 16, 2016 10:36 AM IST
പൂന : വിജയവഴിയിൽ മടങ്ങിയെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം എവേ മത്സരത്തിന്. ഇന്ത്യൻ സൂപ്പർ ലീഗിൽ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ആതിഥേയരായ പൂന സിറ്റി എഫ്സിയെ നേരിടും. പൂനയ്ക്കെതിരേ മികച്ച റിക്കാർഡുള്ള ബ്ലാസ്റ്റേഴ്സ് അതു തുടരുമെന്ന പ്രതീക്ഷയിലാണ്.

ഇതുവരെ നാലു മത്സരങ്ങളിൽ ഏറ്റുമുട്ടിയതിൽ മൂന്നിലും കേരള ബ്ലാസ്റ്റേഴ്സ് പൂനയ്ക്കെതിരെ വിജയക്കൊടി നാട്ടി. പൂന ജയിച്ചത് ഒരു മത്സരത്തിലും. ആദ്യ സീസണിലെ ആദ്യ മത്സരത്തിൽ 2–1നും കൊച്ചിയിൽ റിട്ടേൺ ലെഗ്ഗിൽ 1–0നും കേരള ബ്ലാസറ്റേഴ്സ് ജയിച്ചു. കഴിഞ്ഞ രണ്ടാം സീസണിൽ കൊച്ചിയിൽ നടന്ന അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2–0നുജയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പൂനയിൽ നടന്ന ആദ്യ പാദത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെതിരായ പൂനയുടെ ഏക ജയം 3–2.
ഇരു ടീമും തമ്മിൽ നടന്ന എല്ലാ മത്സരവും ഫലം കണ്ടിരുന്നു എന്നതാണ് മറ്റൊരു സവിശേഷത.

ഈ സീസണിൽ ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ പൂന സിറ്റി മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു ജയവും രണ്ട് തോൽവിയും അടക്കം മൂന്നു പോയിൻ് നേടി ഏഴാം സ്‌ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് നാല് പോയിന്റോടെ പൂനയുടെ മുകളിൽ ആറാം സ്‌ഥാനത്തും നിൽക്കുന്നു.

പൂനയുടെ മുഖ്യപരിശീലകൻ അന്റോണിയോ ഹബാസിനു കഴിഞ്ഞ സീസണിൽ ലഭിച്ച സസ്പെൻഷന്റെ കാലാവധി ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തോടെ അവസാനിക്കുകയാണ്. അതുകൊണ്ട് ഈ മത്സരത്തിലും സഹപരിശീലകൻ മിഗുവേലിനായിരിക്കും ടീമിന്റെ ചുമതല. പൂനയ്ക്കെതിരെ മികച്ച റിക്കാർഡാണ് കേരള ബ്ലാസറ്റേഴ്സിനുള്ളതെങ്കിലും ഗോവയ്ക്കെതിരെ ഫത്തോർഡയിൽ 2–1നു നേടിയ വിജയം പൂന ഏത് നിമിഷവും ആഞ്ഞടിക്കുമെന്ന സൂചനയാണ് നൽകുന്നത്.

മഹാരാഷ്ട്ര ഡെർബിയിൽ മുംബൈ സിറ്റിക്കെതിരായ മത്സരത്തിലെ തോൽവിയാണ് പൂനയ്ക്ക് ഈ സീസണിലെ ഏറ്റവും വലിയ തിരിച്ചടി. ഈ സീസണിലെ പൂനയുടെ മറ്റൊരു തോൽവി നോർത്ത് ഈസ്റ്റ് യുണൈറ്റിഡിനോടാണ്.

ടീമിന്റെ ഏതെങ്കിലും ഒരു പൊസിഷനിൽ കുറവുണ്ടെന്നു പറയാനാവിലില്ലെന്നു സഹ പരിശീലകൻ മഗുവേൽ ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടീം എല്ലാ മേഖലകളിലും മെച്ചപ്പെടേണ്ടതുണ്ടെന്നും അത് ടീമിന്റെ മൊത്തം ഉത്തരവാദിത്വം ആണെന്നും കഠിനാധ്വാനത്തിലൂടെ അതിനു പരിഹാരം കാണുമെന്നും മിഗുവേൽ വിശ്വാസം പ്രകടിപ്പിച്ചു.



ആത്മവിശ്വാസത്തോടെ ബ്ലാസ്റ്റേഴ്സ്

കൊച്ചിയിലെ കഴിഞ്ഞ അവസാന ഹോം ഗ്രൗണ്ട് മത്സരത്തിൽ മുംബൈ സിറ്റിക്കെതിരായ 1–0നു വിജയത്തിന്റെ ആവേശവുമായാണ് ഇന്ന് കേരള ബ്ലാസറ്റേഴ്സ് ഇറങ്ങുക. ആദ്യ രണ്ട് മത്സരങ്ങളിൽ തോൽവി, അതിനു ശേഷം ഡൽഹിക്കെതിരെ സമനില മോശം ഫോമിൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് മൈക്കിൾ ചോപ്ര വിജയാവേശം തിരിച്ചുനൽകിയിരിക്കുകയാണ്.

ടീമി്ന്റെ മൂഡ് തന്നെ ഒരൊറ്റ വിജയം മൂലം മാറിയിരിക്കുന്നു. ഇതു കാണുമ്പോൾ കോച്ച് സ്റ്റീവ് കോപ്പലിനും വിശ്വസിക്കാൻ കഴിയുന്നില്ല. ഓരോ മത്സരത്തിലും ഓരോ ഗെയിംപ്ലാനും തയാറാക്കിക്കൊണ്ടിരിക്കുകയാണന്നും കോപ്പൽ പറഞ്ഞു. അത്ലറ്റിക്കോ ഡി കോൽക്കത്തയ്ക്ക് എതിരായ ഗോൾ നിർഭാഗ്യം കൊണ്ടാണ് സംഭവിച്ചത്. പ്രതിരോധനിരക്കാരന്റെ കാലിൽ തട്ടിവന്ന ഡിഫ്ളക്ഷൻ ഷോട്ട് വിധിയുടെ ക്രൂരതയായി കാണുവാനാണ് കോപ്പലിനു താത്പര്യം. ഓരോ ഗെയിമും ഓരോ പോയിന്റും നിർണായകമാണ്. പരമാവധി പോയിന്റുകൾ എടുക്കുകയാണ് ആവശ്യം. ടീം വിജയതാളത്തിലേക്ക് എത്തിയിരിക്കുന്നതായും ഇതു തുടരുമെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ടീമിന്റെ വിജയത്തിൽ നെടുംതൂണായ ആരോൺ ഹ്യൂസും സെഡ്രിക് ഹെങ്ബാർട്ടും തമ്മിലുള്ള കോമ്പിനേഷൻ നല്ല ഫോമിലാണെന്നും ഇതു തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി

ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ പൂന സിറ്റി എഫ്.സിയുടെ മൂന്നാമത്തെ മത്സരം ആണിത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റു. ഐഎസ്എൽ ഈ സീസണിൽ പൂനെ സിറ്റിയുടെ നാലാമത്തേതും കേരള ബ്ലാസറ്റേഴ്സിന്റെ അഞ്ചാമത്തെയുമായ മത്സരമാണിത്. അതുകൊണ്ടുതന്നെ ഒരു മത്സരം കൂടുതൽ കളിക്കേണ്ടിവന്ന കേരള ബ്ലാസ്റ്റേഴ്സിനു പോയിന്റ് നേടുക അനിവാര്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.