2026–ലെ ലോകകപ്പ് വേദി യൂറോപ്പിനു കിട്ടില്ല
2026–ലെ ലോകകപ്പ് വേദി യൂറോപ്പിനു കിട്ടില്ല
Sunday, October 16, 2016 10:36 AM IST
ബർലിൻ: 2026ലെ ലോകകപ്പ് വേദി യൂറോപ്യൻ രാജ്യങ്ങൾക്കൊന്നും കിട്ടില്ലെന്ന് ഫിഫ വ്യക്‌തമാക്കി. ഇതോടെ, ലോകകപ്പ് ആതിഥ്യത്തിനുള്ള അമേരിക്കയുടെ പ്രതീക്ഷകൾ കൂടുതൽ സജീവമായി.

2010 മുതലുള്ള ലോകകപ്പ് വേദികൾക്കായി യുഎസ് ശ്രമം നടത്തിവരുകയായിരുന്നു. എന്നാൽ, 2010ൽ ദക്ഷിണാഫ്രിക്ക, 2014ൽ ബ്രസീൽ, 2018ൽ റഷ്യ, 2022ൽ ഖത്തർ എന്നീ രാജ്യങ്ങൾക്കാണ് അവസരം കിട്ടിയത്. ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റർക്കെതിരേ യുഎസ് പക്ഷത്തിന് വിരോധം വർധിക്കാൻ ഇതായിരുന്നു കാരണവും.

എന്നാൽ, ബ്ലാറ്റർ മാറി ജിയാനി ഇൻഫാന്റിനോ വന്നതോടെ അമേരിക്കൻ പക്ഷം ശക്‌തിയാർജിച്ചിരിക്കുകയാണ്. യുവേഫയുടെ ഭാഗമായിരുന്ന് അമേരിക്കൻ അനുകൂല നിലപാടുകൾ സ്വീകരിക്കുന്നതിൽ കുപ്രസിദ്ധനാണ് ഇൻഫാന്റിനോ. 2022നു ശേഷമുള്ള ലോകകപ്പ് വേദിക്കായി ഏഷ്യയോ യൂറോപ്പോ ബിഡ് സമർപ്പിക്കരുതെന്നാണ് ഫിഫ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതത് കോൺഫെഡറേഷനുകൾ ഇതു സമ്മതിക്കുകയും ചെയ്തു കഴിഞ്ഞു.


കിട്ടുന്ന അപേക്ഷകളിൽ ഒന്നും പൂർണമായി തൃപ്തികരമല്ലെങ്കിൽ മാത്രമേ യൂറോപ്പിനേ പരിഗണിക്കൂ എന്നും ഫിഫ വ്യക്‌തമാക്കുന്നു. യുഎസിനൊപ്പം കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് വേദിക്കായി ഇനി ശക്‌തമായ മത്സരത്തിനിറങ്ങാൻ സാധ്യതയുള്ളത്.

ജോസ് കുമ്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.