വമ്പുകാട്ടാൻ കൊമ്പന്മാർ
വമ്പുകാട്ടാൻ കൊമ്പന്മാർ
Friday, September 30, 2016 12:06 PM IST
ഫുട്ബോൾ കളിക്കുവാൻ ആർക്കും സാധിക്കും. പക്ഷെ കാൽപ്പന്ത് ഒരു വികാരമായി ഉൾക്കൊണ്ട് കളിക്കുന്നവരും കളികാണുന്നവരും ഒരേ മനസോടെ തോൽവിയും വിജയവും ഏറ്റുവാങ്ങുന്നിടത്താണ് ഫുട്ബോൾ എന്ന മത്സരം അനശ്വരമാകുന്നത്. രണ്ടു സീസണുകളിലായി കാലുകൊണ്ടും ഹൃദയംകൊണ്ടും ഫുട്ബോൾ കളിക്കുന്ന ഒരേയൊരു ടീമേ ഐഎസ്എലിലുള്ളു. നെറ്റിപ്പട്ടം ചാർത്തി പ്രതീക്ഷകളുടെ തിടമ്പുഭാരം ഉയർത്തി തലയെടുപ്പോടെ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ്.

ഒന്നാം സീസണും രണ്ടാം സീസണും തമ്മിലുള്ള വൈരുദ്ധ്യമാണ് കേരളാ ബ്ലാസ്റ്റേഴ്സിന് പകർന്നുകിട്ടിയ വലിയപാഠം. വലിയ താരപ്പൊലിമകളൊന്നുമില്ലാതെ ആദ്യ സീസണിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് രണ്ടാം സീസണിൽ അവസാനസ്‌ഥാനത്തേയ്ക്ക് ദയനീയമായി പിന്തള്ളപ്പെട്ടു. ചെറിയ മുടക്കിൽ വലിയനേട്ടങ്ങൾ എക്കാലത്തും നേടാൻ സാധിക്കില്ല എന്ന അനുഭവപാഠമാണ് മൂന്നാംസീസണിൽ ബ്ലാസ്റ്റേഴ്സിന് തിരുത്തേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ പുതിയൊരു കുതിപ്പിനാണ് ബ്ലാസ്റ്റേഴ്സ് തുടക്കമിടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്കൊപ്പം ചിരഞ്ജീവി, നാഗാർജുന, അല്ലു അർജുൻ എന്നീ സിനിമാ താരങ്ങൾ എത്തിയതോടെ ടീമിന് കരുത്തുറ്റ മാനേജ്മെന്റ്ായി. പീറ്റർ ടെയ്ലറും ടെറി ഫെലാനും പരാജയപ്പെട്ടിടത്താണ് സ്റ്റീവ് കോപ്പൽ എന്ന ഇംഗ്ലീഷ് പരിശീലകന്റെ വരവ്. 32 വർഷത്തെ പരിശീലകപരിചയവുമായി എത്തുന്ന കോപ്പൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച വിങ്ങർമാരിലൊരാളായിരുന്നു. 322 മത്സരങ്ങളിലാണ് സറ്റീവ് കോപ്പൽ മാഞ്ചസ്റ്റർ കുപ്പായമണിഞ്ഞത്. മാഞ്ചസ്റ്റർ സിറ്റി, ക്രിസ്റ്റൽ പാലസ്, റീഡിംഗ്, പോർട്സ്മിത്ത്, ബ്രിസ്റ്റോൾ സിറ്റി എന്നീ ക്ലബുകളെ പരിശീലിപ്പിച്ചു. ഇംഗ്ലീഷ് ക്ലബ് റീഡിംഗിനെ പ്രീമിയർ ലീഗിലേയ്ക്കുയർത്തിയത് കോപ്പലിന്റെ പരിശീലക മികവുകൊണ്ട് മാത്രമാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ടീംഘടന. പ്രതിരോധത്തിൽ തുടങ്ങി മധ്യനിരയിലും മുന്നേറ്റ നിരയിലും മാറ്റങ്ങൾ പ്രകടം. അയർലാൻഡിന്റെ താരമായ ഹാം സ്റ്റാക് ആണ് പ്രധാന ഗോൾകീപ്പറും ഗോൾകീപ്പിംഗ് പരിശീലകനും. സന്ദീപ് നന്തിയും മുഹമ്മദ് മുനീറുസ്മാനും, കുനാൽ സാവന്തും ഗോൾബാറിനുകീഴിൽ ഗ്ലൗസണിയും. ഐഎസ്എലിലെ മികച്ച പ്രതിരോധ നിരയൊരുക്കിയാണ് കേരളത്തിന്റെ ഇത്തവണത്തെ വരവ്. മാർക്വീതാരവും വടക്കൻ അയർലൻഡ് താരവുമായ ആരോൺ ഹ്യൂസിന്റെ സാന്നിദ്ധ്യമാണ് പ്രതിരോധ നിരയിൽ ശ്രദ്ധേയം. വടക്കൻ അയർലൻഡ് മുൻക്യാപ്റ്റനായ ഹ്യൂസ് രാജ്യത്തിനായി 103 മത്സരങ്ങളും പ്രീമിയർതലത്തിൽ 455 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ന്യൂകാസിൽ യുണൈറ്റഡ്, ആസ്റ്റൺവില്ല, ഫുൾഹാം, മെൽബൻ സിറ്റി തുടങ്ങിയ ക്ലബുകൾക്കായും ആരോൺ ഹ്യൂസ് ബൂട്ടുകെട്ടി. മാർക്വീ താരത്തിനൊപ്പം സെനഗൽതാരം എൽഹാദി എൻദോയ, ഫ്രഞ്ച് താരം സിഡ്രിക് ഹെങ്ങ്ബർട്ട് എന്നിവർ പ്രതിരോധത്തിലെ വിദേശ കരുത്താവും. ഇന്ത്യയുടെ മികച്ച പ്രതിരോധതാരമായ സന്ദേശ് ജിംഗനൊപ്പം മലയാളി താരം റിനോ ആന്റോ, പ്രതിക് ചൗദരി, ഗുർവീന്തർ സിംഗ് എന്നിവർകൂടിയെത്തുമ്പോൾ പിടിച്ചുലയ്ക്കാനാവാത്ത കാവൽക്കോട്ടയായി പ്രതിരോധം മാറും. ഇന്ത്യൻ താരങ്ങളാൽ സംമ്പുഷ്‌ടമാണ് മധ്യനിര. 10 പേരുള്ളതിൽ ഏഴുപേരും ഇന്ത്യക്കാർ. ഐവറിക്കോസ്റ്റ് താരം ദിദിയർ കാഡിയോ സ്പാനിഷ് താരം ഹോസു പ്രീറ്റോ, ഛാഡ് താരം അസ്റാക് മഹാമത്ത് എന്നിവരാണ് മധ്യനിരയിലെ വിദേശ സാന്നിദ്ധ്യം. ആദ്യ ഫൈനൽ മത്സരത്തിൽ കേരളത്തിനെതിരേ ഗോളടിച്ച കൊൽക്കത്ത താരം മുഹമ്മദ് റഫീഖ്, മലയാളിത്താരങ്ങളായ സി.കെ. വിനീത്, പ്രശാന്ത് മോഹൻ, മുംബൈ സിറ്റി താരം ഇഷ്ഹാഖ് അഹമ്മദ്, യുവതാരം വിനീത് റായ്, മെഹ്താബ് ഹുസൈൻ എന്നീ ഇന്ത്യൻ താരങ്ങൾ മധ്യനിരയെ അരക്കിട്ടുറപ്പിക്കും. ഇത്തവണ കഴിഞ്ഞ സീസണിലെ പാളിച്ചകൾ തിരുത്തി ഓരോ ഫുട്ബോൾ പ്രേമിയിലും പ്രത്യേകിച്ച് മലയാളികളിൽ പുതിയ ആവേശം നിറയ്ക്കാനാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്.



അനു സെബാസ്റ്റ്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.