ലെറ്റ്സ് ഫുട്ബോൾ
ലെറ്റ്സ് ഫുട്ബോൾ
Thursday, September 29, 2016 12:01 PM IST
ഗോഹട്ടി: രണ്ട് പതിപ്പുകൾകൊണ്ട് ഇന്ത്യൻ കായിക പ്രേമികളുടെ മനസിൽ ആവേശമായ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം പതിപ്പിനു നാളെ തുടക്കം. വടക്കുകിഴക്കൻ സംസ്‌ഥാനമായ ആസാമിനെ ഗോഹട്ടിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റുമുട്ടുന്നതോടെയാണ് പുതിയ സീസണ് തുടക്കമാകുന്നത്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നാളെ രാത്രി ഏഴിനാണ് ഉദ്ഘാടനം. എട്ടു ടീമുകളാണ് ഇത്തവണയും ലീഗിലുള്ളത്. സച്ചിൻ തെണ്ടുൽക്കറുടെ ഉടമസ്‌ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സ്, അത്ലറ്റിക്കോ ഡി കോൽക്കത്ത, പൂന സിറ്റി എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ, ഡൽഹി ഡൈനാമോസ് എന്നിവയാണ് പങ്കെടുക്കുന്ന ക്ലബ്ബുകൾ.

എഫ്സി ഗോവയെ പരാജയപ്പെടുത്തിയ ചെന്നൈയിൻ എഫ്സിയാണ് നിലവിലെ ചാമ്പ്യന്മാർ. ആദ്യ എഡിഷനിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ അത്ലറ്റിക്കോ ഡി കോൽക്കത്തയായിരുന്നു ചാമ്പ്യന്മാരായത്. 65 ദിവസങ്ങളിലായി 56 മത്സരങ്ങളാണ് നടക്കുന്നത്.

ഡിസംബർ 10നും 14നുമാണ് രണ്ടു പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലുകൾ. ഡിസംബർ 18നായിരിക്കും ഫൈനൽ. ഫൈനലിന്റെ വേദി സംബന്ധിച്ച തീരുമാനം പിന്നീടേ ഉണ്ടാകൂ. കഴിഞ്ഞ തവണ അത്ലറ്റികികോ ഡി കോൽക്കത്തയുടെ ഹോം ഗ്രൗണ്ട് സാൾട്ട് ലേക്ക് സ്റ്റേഡിയമായിരുന്നുവെങ്കിൽ ഇത്തവണ അത് രവീന്ദ്ര സരോവർ സ്റ്റേഡിയമാണ്. മുംബൈ സിറ്റിയുടേത് മുംബൈ ഫുട്ബോൾ അരീനയാണ്. ചെന്നൈയിൻ എഫ്സിയുടെ ആദ്യമത്സരം ഒക്ടോബർ രണ്ടിന് കോൽക്കത്തയ്ക്കെതിരേയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വർണാഭമായ ചടങ്ങുകളാണ് ഗോഹട്ടിയിൽ ഒരുക്കിയിരിക്കുന്നത്. സച്ചിൻ തെണ്ടുൽക്കറും സൗരവ് ഗാംഗുലിയുമടക്കമുള്ളവർ ഉദ്ഘാടനച്ചടങ്ങിനെത്തുമെന്നാണ് കരുതുന്നത്.


പ്രഫഷണൽ ഫുട്ബോളിന്റെ മികച്ച ഉദാഹരണമായി ഇതിനോടകം മാറിയ ഇന്ത്യൻ സൂപ്പർ ലീഗ് ലോകത്ത് ഏറെ ആരാധകരുള്ള ലീഗായി മൂന്നു വർഷംകൊണ്ട് മാറി. നിരവധി ലോകോത്തര താരങ്ങൾ വിവിധ ക്ലബ്ബുകൾക്കായി കളിച്ചു. ഇന്ത്യൻ ഫുട്ബോളിന് നവജീവൻ നൽകാൻ ഈ ലീഗ്കൊണ്ടു സാധിക്കുമെന്നാണ് സംഘാടകരുടെയും ആരാധകരുടെയും പ്രതീക്ഷ.

ഓപ്പൺ ടിക്കറ്റ് വില്പന തുടങ്ങി

കൊച്ചി: കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒക്ടോബർ അഞ്ചിനു തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപന തുടങ്ങി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളെല്ലാം നെഹ്റു സ്റ്റേഡിയത്തിലാണു നടക്കുന്നത്. ഒക്ടോബർ അഞ്ചിന് അത്ലെറ്റിക്കോ ഡി കോൽക്കത്തയുമായാണു ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം.

www.bookmyshow.com എന്ന വെബ്സൈറ്റിൽനിന്ന് ഓൺലൈനായി ടിക്കറ്റ് വാങ്ങുന്നതിനും സൗകര്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.