റയലിനു വീണ്ടും സമനില
റയലിനു വീണ്ടും സമനില
Wednesday, September 28, 2016 12:08 PM IST
ഡോർട്ട്മുണ്ട്/ലീസ്റ്റർ: എതിരാളികൾക്കെതിരേ ജയിക്കാനാകാതെ സ്പാനിഷ് ഫുട്ബോൾ കരുത്തരായ റയൽ മാഡ്രിഡ് കുഴങ്ങുന്നു. തുടർച്ചയായ മൂന്നു മത്സരങ്ങളിൽ റയൽ മാഡ്രിഡിനു സമനിലയിൽ മത്സരം അവസാനിപ്പിക്കേണ്ടിവന്നു. സ്പാനിഷ് ലീഗിലെ രണ്ടു സമനിലകൾക്കു ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ രണ്ടാം റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിനിറങ്ങിയ റയൽ മാഡ്രിഡ് ജർമൻ ശക്‌തികളായ ബൊറൂസിയ ഡോർട്ട്മുണ്ടിനോടു സമനില വഴങ്ങുകയായിരുന്നു. മറ്റ് മത്സരങ്ങളിൽ യുവന്റസ് ഡൈനാമോ സാഗ്രെബിനെയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലീസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിലെ രണ്ടാം ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്‌ഥാനത്തു തുടരുന്നു.

ബൊറൂസിയ ഡോർട്മുണ്ടിന്റെ തട്ടകം സിഗ്നൽ ഇഡുന പാർക്കിൽ നടന്ന ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ജയം പ്രതീക്ഷിച്ചിറങ്ങിയ റയൽ മാഡ്രിഡിന്റെ വിജയമോഹങ്ങൾ ബൊറൂസിയ തകർത്തു. അത്യന്തം ആവേശകരമായ മത്സരം 2–2ന് സമനിലയിൽ പിരിയുകയായിരുന്നു. റയലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ (17), റാഫേൽ വെറേന (68) എന്നിവർ ഗോൾ നേടിയപ്പോൾ ബൊറൂസിയയ്ക്കുവേണ്ടി പിയറി എമെറിക് ഔബാമെയാംഗ് (43), ആന്ദ്രെ ഷിർലെ (87) എന്നിവർ വലകുലുക്കി. രണ്ടു തവണയും പിന്നിൽനിന്നശേഷം തിരിച്ചടിച്ചാണ് ഡോർട്മുണ്ട് മത്സരം സമനിലയാക്കിയത്.

റൊണാൾഡോ, കരിം ബെൻസെമ, ഗാരത് ബെയ്ൽ കൂട്ടുകെട്ടായിരുന്നു റയലിന്റെ ആക്രമണങ്ങൾ മെനഞ്ഞത്. ഇരു ടീമുകളും തുടക്കം മുതലേ ആക്രമണത്തിലേക്കു കടന്നതോടെ ഏതു സമയവും ഗോൾ വീഴാമെന്ന അവസ്‌ഥയുണ്ടായി. ആദ്യം ഗോൾ നേടാനുള്ള അവസരം റയലിനായിരുന്നു. പതിനേഴാം മിനിറ്റിൽ തന്നെ റയൽ ഗോൾ കണ്ടെത്തുകയും ചെയ്തു. മധ്യനിരയിൽനിന്നു റയൽ താരങ്ങൾ കൈമാറി കൊണ്ടുവന്ന പന്ത് ബോറൂസിയ ഗോൾമുഖത്തു വച്ച് റോഡ്രിഗസ് ഗാരെത് ബെയിലിനു നീക്കികൊടുത്തു. പന്ത് സ്വീകരിച്ച ബെയ്ൽ ബാക്ക് ഹീൽ പാസിലൂടെ ബോക്സിലുണ്ടായിരുന്ന റൊണാൾഡോയ്ക്കു നൽകി. പോർച്ചുഗീസ് താരത്തിന്റെ ഷോട്ട് ഗോൾ കീപ്പർ റോമൻ ബുർക്കിയെ കീഴടക്കി വലയിലെത്തി. നാൽപ്പത്തിമൂന്നാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെ ബൊറൂസിയ സമനില നേടി. കെയ്ലർ നവാസിന്റെ മോശം ഗോൾകീപ്പിംഗാണ് സമനിലയ്ക്കുള്ള വഴിയൊരുക്കിയത്. ബൊറൂസിയയുടെ റാഫേൽ ഗുറേരോയുടെ ഫ്രീകിക്ക് നവാസിനു കൈയിലൊതുക്കാനായില്ല. പന്ത് സഹതാരം റാഫേൽ വെറേനയുടെ മുഖത്ത് തട്ടി പന്ത് ഗോൾപോസ്റ്റിനരുകിൽ പതിച്ചു. ഗോളിനുള്ള അവസരത്തിനു തക്കം പാർത്തിരുന്ന പിയറി എമെറിക് ഔബാമെയാംഗ് സമർഥമായി റയലിന്റെ വലയിലേക്കു തട്ടിയിട്ടു (1–1).

രണ്ടാം പകുതിയിലും ഇരുടീമുകൾക്കും ഗോളിനുള്ള അവസരങ്ങൾ ലഭിച്ചു. അറുപത്തിയെട്ടാം മിനിറ്റിൽ റയൽ വീണ്ടും മുന്നിൽ. വേറേന റയലിന്റെ ലീഡ് തിരിച്ചുപിടിച്ചു. ഇതിനു മുമ്പ് റൊണാൾഡോയുടെ ക്രോസിൽനിന്നു ബെൻസെമയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി വെറേനയുടെ മുന്നിലെത്തി. റയൽ പ്രതിരോധതാരത്തിന്റെ റീബൗണ്ട് ഷോട്ട് ബൊറൂസിയയുടെ വലയിൽ. എൺപത്തിയേഴാം മിനിറ്റിൽ ബൊറൂസിയ ലക്ഷ്യം കണ്ടു. റയൽ ബോക്സിനരികിൽ നിന്ന ഷിർലെയെ തേടി ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ക്രോസ് എത്തി. അവിടെനിന്നും ജർമൻ താരത്തിന്റെ ഇടംകാലൻ അടി പോസ്റ്റിന്റെ ഇടതു മൂലയുടെ മുകളിലായി പായിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പോർട്ടിംഗ് സിപി എതിരില്ലാത്ത രണ്ടു ഗോളിനു ലെഗിയ വാഴ്സോയെ തോൽപ്പിച്ചു.


ലീസ്റ്റർ സിറ്റി 1– എഫ്സി പോർട്ടോ 0

ഇസ്ലാം സ് ലിമാനിയുടെ ഗോളിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ഗ്രൂപ്പ് ജിയിൽ പോർട്ടോയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. സ്വന്തം ഗ്രൗണ്ടിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിറങ്ങിയ ലീസ്റ്റർ അർഹിച്ച ജയമായിരുന്നു പോർട്ടോയ്ക്കെതിരേ നേടിയത്. 25–ാം മിനിറ്റിലായിരുന്നു ലീസ്റ്ററിന്റെ വിജയഗോൾ. റിയാദ് മെഹ്റസിന്റെ ക്രോസിൽനിന്നുമായിരുന്നു ഗോൾ. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ എഫ്സി കോപ്പൻഹേഗൻ മറുപടിയില്ലാത്ത നാലു ഗോളിനു ക്ലബ് ബ്രൂഗിയെ തകർത്തു.

ഡൈനാമോ സാഗ്രബ് 0– യുവന്റസ് 4

ബോസ്നിയൻ പ്ലേമേക്കർ മിറാലെം പ്യാനിച്ചിന്റെ മികവിൽ യുവന്റസ് എവേ പോരാട്ടത്തിൽ ഡൈനാമോ സാഗ്രെബിനെ മറുപടിയില്ലാത്ത നാലു ഗോളിനു തകർത്തു. ഗ്രൂപ്പ് എച്ചിൽ യുവന്റസ് നേടുന്ന ആദ്യ ജയമായിരുന്നു. പ്യാനിച്ചിലൂടെ യുവന്റസ് 24–ാം മിനിറ്റിൽ മുന്നിലെത്തി. 31–ാം മിനിറ്റിൽ ഗോൺസാലോ ഹിഗ്വെയ്ൻ നേടിയ രണ്ടാം ഗോളിനു വഴിയൊരുക്കിയതു ബോസ്നിയൻ താരമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലേ പരിക്കിനെത്തുടർന്ന് പ്യാനിച്ചിനെ പിൻവലിച്ചു. പക്ഷേ പൗളോ ഡയബെല (57), ഡാനി ആൽവ്സ് (85) എന്നിവരുടെ ഗോൾ കൂടി ചേർന്നതോടെ യുവന്റസ് ക്രൊയേഷ്യൻ തലസ്‌ഥാനത്ത് വൻ ജയം സ്വന്തമാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെവിയ്യ ഏകപക്ഷീയമായ ഒരു ഗോളിനു ലിയോണിനെ തോൽപ്പിച്ചു.

ഗ്രൂപ്പ് ഇയിൽ ടോട്ടനം ഹോട്സ്പർ 1–0ന് സിഎസ്കെഎ മോസ്കോയെ തോല്പ്പിച്ചു. ഗ്രൂപ്പിൽ ടോട്ടനം നേടുന്ന ആദ്യ ജയമായിരുന്നു. സിഎസ്കെഎയുടെ പുതിയതായി തീർത്ത സ്റ്റേഡിയത്തിൽ ടോട്ടനമായിരുന്നു പന്തടക്കത്തിൽ ആധിപത്യം പുലർത്തിയത്. എന്നാൽ ഇംഗ്ലീഷ് ക്ലബ്ബിനു ഒരു ഗോൾ നേടാൻ 71–ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. സൺ ഹിയുംഗ് മിൻ ആണ് വിജയ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ കളി തീരാൻ സെക്കൻഡുകൾ ബാക്കിയുള്ളപ്പോൾ എഎസ് മോണക്കോ ബയേർ ലവർകൂസനുമായി സമനില പിടിച്ചു. 73–ാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിന്റെ ഹെഡറിൽ ലെവർകൂസൻ മുന്നിലെത്തിയിരുന്നു. എന്നാൽ ആഡഡ് ടൈമിലെ അവസാന മിനിറ്റിൽ കാമിൽ ഗ്ലിക് (90+4) മോണക്കോയ്ക്കു സമനിലനൽകി.

മത്സര ഫലങ്ങൾ

ബൊറൂസിയ ഡോർട്മുണ്ട് 2 – റയൽ 2

മോണക്കോ 1 – ബയേർ ലവർകൂസൻ 1

സിഎസ്കെഎ മോസ്കോ 0 – ടോട്ടനം 1

ഡൈനാമോ സാഗ്രബ് 0 – യുവന്റസ് 4

എഫ്സി കോപ്പൻഹേഗൻ 4 – ക്ലബ് ബ്രൂഗി 0

ലീസ്റ്റർ സിറ്റി 1 – എഫ്സി പോർട്ട 0

സെവിയ്യ 1 – ലിയോൺ 0

സ്പോർടിംഗ് സിപി 2 – ലെഗിയ വാർസോ 0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.