അടിപതറി ചെൽസി
അടിപതറി ചെൽസി
Sunday, September 25, 2016 11:11 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടിപതറി ചെൽസി. സൂപ്പർ പോരാട്ടത്തിൽ അവർ ആഴ്സണലിനോടു തോറ്റു. ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ആഴ്സലിനോട് ചെൽസി അടിയറവു പറഞ്ഞത്. മത്സരത്തിന്റെ ആദ്യപകുതിയിൽത്തന്നെ ആഴ്സണൽ വ്യക്‌തമായി ലീഡ് നേടി വിജയം ഉറപ്പിച്ചിരുന്നു. 11–ാം മിനിറ്റിൽ അലക്സിസ് സാഞ്ചസും 14ാം മിനിറ്റിൽ തിയോ വാൽക്കോട്ടും 42ാം മിനിറ്റിൽ ജർമൻ താരം മെസ്യൂട്ട് ഓസിലും ചെൽസിയുടെ വല തുളച്ചു.

2010 ഡിസംബറിനു ശേഷം ആദ്യമായാണ് ആഴ്സണൽ ചെൽസിയെ മുട്ടുകുത്തിക്കുന്നത്. സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോർഡ് ബ്രജിലുണ്ടായിരുന്ന 60,000 കാണികളും ചെൽസിയുടെ വീഴ്ച ഉൾക്കൊള്ളാനാവാതെയാണ് സ്റ്റേഡിയം വിട്ടിറങ്ങിയത്.


ചെൽസിക്കെതിരേയുള്ള ഈ വിജയത്തോടെ രണ്ടു പതിറ്റാണ്ടായി ആഴ്സണലിനെ നയിക്കുന്ന കോച്ച് വെംഗറിന്റെ കരിയറിൽ ഒരു പൊൻതൂവൽകൂടിയായി.

ലീഗിൽ ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ പട്ടികയിൽ 18 പോയിന്റ് നേടി മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും ടോട്ടനം ഹോട്സ്പർ 14 പോയിന്റോടെ രണ്ടാമതും, ആഴ്സണൽ 14 പോയിന്റോടെ മൂന്നാം സ്‌ഥാനത്തുമാണ്. എഫ്സി ചെൽസിയാകട്ടെ 10 പോയിന്റോടെ എട്ടാം സ്‌ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.