കായികപ്രതിഭകളെ കണ്ടെത്താൻ പോർട്ടൽ: വിജയ് ഗോയൽ
കായികപ്രതിഭകളെ കണ്ടെത്താൻ പോർട്ടൽ: വിജയ് ഗോയൽ
Saturday, September 24, 2016 11:36 AM IST
തേഞ്ഞിപ്പലം: അടുത്ത മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യയുടെ മികച്ച പ്രകടനം ഉറപ്പുവരുത്താനായി പ്രത്യേക ടാസ്ക് ഫോഴ്സ് ഉടൻ രൂപവത്കരിക്കുമെന്ന് കേന്ദ്ര സ്പോർട്സ്– യുവജനക്ഷേമ വകുപ്പ് മന്ത്രി വിജയ് ഗോയൽ. അന്താരാഷ്ട്ര അത്ലറ്റുകൾക്കും വിവിധ സായ് പദ്ധതികളിലൂടെ വളരുന്ന യുവതാരങ്ങൾക്കും സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ പുരസ്കാരങ്ങൾ കാലിക്കട്ട് സർവകലാശാലയിൽ സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രത്യേക പോർട്ടൽ ലോഞ്ച് ചെയ്യും. ഗ്രാമ– നഗര ഭേദമില്ലാതെ, ഏതെങ്കിലും സ്പോർട്സ് ഇനങ്ങളിൽ ഏർപ്പെടുന്ന ഏതൊരാൾക്കും അവയുടെ വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാം. ഇവ പരിശോധിച്ച് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) സെന്ററുകൾ അവരെ ബന്ധപ്പെടുത്തുകയും പ്രതിഭാശാലികൾക്ക് സായ് സെന്ററുകളിൽ വിദഗ്ധ പരിശീലനം ഉറപ്പാക്കുകയും ചെയ്യും.

കഴിഞ്ഞ ഒളിമ്പിക്സിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുന്നതിനായി സെമിനാറുകളും സിമ്പോസിയങ്ങളും ചർച്ചകളും സംഘടിപ്പിച്ചുവരികയാണ്. രാജ്യത്ത് നിലവിലുള്ള സ്പോർട്സ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കും. കോർപറേറ്റ് മേഖലയെ സ്പോർട്സുമായി ബന്ധപ്പെടുത്തും. കായിക താരങ്ങൾക്ക് അവരുടെ പിന്തുണ ലഭ്യമാക്കുകയാണ് ലക്ഷ്യം. സിൻഡിക്കറ്റ് അംഗീകരിക്കുകയാണെങ്കിൽ കാലിക്കട്ട് സർവകലാശാലാ കാമ്പസിൽ സായ് സെന്റർ തുടങ്ങാൻ ആഗ്രഹിക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു.


ഇവിടെയുള്ള കായിക താരങ്ങൾക്ക്കൂടി കേന്ദ്ര സഹായത്തോടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും.

കഴിഞ്ഞ ഒളിമ്പിക്സിലെയും പാരാലിമ്പിക്സിലെയും മെഡൽ ജേതാക്കൾക്ക് പത്മ അവാർഡുകൾ സമ്മാനിക്കുന്നതിന് നാമനിർദ്ദേശം നൽകിക്കഴിഞ്ഞതായി വിജയ് ഗോയൽ അറിയിച്ചു. പരിശീലനത്തിന് ഇന്ത്യൻ കോച്ചുമാർക്ക് തന്നെയാണ് മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്‌തമാക്കി. പി.ടി. ഉഷ, ഒ.എം. നമ്പ്യാർ, ഡി. ചന്ദ്രലാൽ, ജോസഫ് ഏബ്രഹാം ഉൾപ്പെടെ അന്താരാഷ്ട്ര അത്ലറ്റുകൾക്കും വിവിധ സായ് പദ്ധതികളിലൂടെ വളരുന്ന യുവതാരങ്ങൾക്കും കേന്ദ്രമന്ത്രി വിജയ് ഗോയൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. സർവകലാശാലാ സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയവും മന്ത്രി സന്ദർശിച്ചു.

പി. അബ്ദുൾ ഹമീദ് എംഎൽഎ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ, പി.ടി. ഉഷ, സഞ്ജീവ് കുമാർ, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ടി.പി. അഹമ്മദ്, കെ.കെ. ഹനീഫ, കോച്ച് ഒ.എം. നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. പ്രോ–വൈസ് ചാൻസലർ ഡോ. പി. മോഹൻ, സിൻഡിക്കറ്റ് അംഗങ്ങളായ കെ. വിശ്വനാഥ്, ഡോ. പി. ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.