രഞ്ജിട്രോഫി: കേരളം പരിശീലിച്ചു തുടങ്ങി
രഞ്ജിട്രോഫി:  കേരളം പരിശീലിച്ചു തുടങ്ങി
Wednesday, September 21, 2016 12:06 PM IST
ആലപ്പുഴ: രഞ്ജിട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള പരിശീലനക്യാമ്പിന് ആലപ്പുഴയിൽ തുടക്കമായി. കേരള ക്രിക്കറ്റ് അസോസിയേഷൻ രാജ്യാന്തര നിലവാരത്തിൽ തയാറാക്കിയിട്ടുള്ള എസ്ഡി കോളജ് മൈതാനത്ത് ചീഫ് കോച്ച് പി. ബാലചന്ദ്രന്റെയും ബൗളിംഗ് കോച്ച് ടിനുയോഹന്നാന്റെയും ഷൈനിന്റെയും നേതൃത്വത്തിലാണ് പരിശീലനം. 21 പേരാണ് ക്യാമ്പിലുള്ളത്.

ഇന്ത്യൻടീമംഗമായിരുന്ന സഞ്ജു സാംസൺ, ഐപിഎൽ താരമായിരുന്ന പ്രശാന്ത് പരമേശ്വരൻ, ഐപിഎൽ താരങ്ങളായ സച്ചിൻബേബി, സന്ദീപ് വാര്യർ, രോഹൻപ്രേം, വി.ആർ. ജഗദീഷ്, നിഖിലേഷ് സുരേന്ദ്രൻ തുടങ്ങിയവർ ക്യാമ്പിലുണ്ട്. സഞ്ജു സാംസൺ ഒഴികെയുള്ളവർ പരിശീലനം ആരംഭിച്ചു. സഞ്ജു രണ്ടുദിവസത്തിനു ശേഷം ഇവരോടൊപ്പം ചേരും. മുംബൈക്കു വേണ്ടി കളിച്ചിരുന്ന ജലജ് സക്സേന(മധ്യപ്രദേശ്), ഭവീൻ ഝാക്കർ(മുംബൈ), ഇക്ബാൽ അബ്ദുള്ള(ഉത്തർപ്രദേശ്) എന്നിവരും അതിഥി താരങ്ങളായി ക്യാമ്പിലുണ്ട്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് മേഖലകളിൽ ഇന്നലെ രാവിലെയും വൈകുന്നേരവുമായി പരിശീലനം നടത്തി. രാവിലെ 8.15 ഓടെ തുടങ്ങുന്ന പരിശീലന സെഷൻ വൈകുന്നേരം 5.45നാണ് സമാപിക്കുക. നാളെയും മറ്റന്നാളുമായി പരിശീലന മത്സരവും ക്രമീകരിച്ചിട്ടുണ്ട്. 30ന് കേരളടീമിനെയും പ്രഖ്യാപിക്കും. ആധുനിക സജ്‌ജീകരണങ്ങളാണ് ക്യാമ്പിനു വേണ്ടി തയാറാക്കിയിട്ടുള്ളത്. ഏഴു സെൻട്രൽ വിക്കറ്റ്, രണ്ടു ഇൻഡോർ വിക്കറ്റ്, ഒരു ആസ്ട്രോ ടർഫ് വിക്കറ്റ്, മൂന്നു ടർഫ് വിക്കറ്റ് എന്നിവ ക്യാമ്പിനായി ഒരുക്കിയിരുന്നു.


ഒക്ടോബർ ആറിനു പശ്ചിമബംഗാളിലെ കല്യാണിൽ നടക്കുന്ന ആദ്യമത്സരത്തിൽ ജമ്മുകാഷ്മീരിനെയാണ് കേരളം നേരിടുന്നത്. ഒക്ടോബർ രണ്ടിന് കേരള ടീം കല്യാണിലേക്ക് യാത്രതിരിക്കും. കോൽക്കത്തയിൽ നടക്കുന്ന അടുത്ത മത്സരത്തിനു ശേഷം ഭുവനേശ്വറിലും ജംഷഡ്പൂരിലുമാണ് തുടർന്നുള്ള മത്സരങ്ങൾ.

കേരളത്തിൽ അഞ്ചുമത്സരങ്ങളാണ് നടക്കുന്നത്. രണ്ടെണ്ണം തിരുവനന്തുപരത്തും മൂന്നെണ്ണം വയനാട്ടിലുമാണ് ചാർട്ട് ചെയ്തിട്ടുള്ളത്. ബിസിസിഐയുടെ പുതിയ രീതി പ്രകാരം ഒരു സംസ്‌ഥാനത്തിന്റെയും മത്സരങ്ങൾ അവരുടെ സംസ്‌ഥാനത്തു നടക്കില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഒരു മത്സരവും ഇവിടെയുണ്ടാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.