ഇന്ത്യയുടെ മികച്ച ഹോം വിജയങ്ങൾ
ഇന്ത്യയുടെ മികച്ച ഹോം വിജയങ്ങൾ
Wednesday, September 21, 2016 12:06 PM IST
<ആ>കുംബ്ലെ, ലക്ഷ്മൺ

ഡൽഹി, 1999, 212 റൺസ് ജയം, പാക്കിസ്‌ഥാൻ

അനിൽ കുംബ്ലെയെന്ന ലെഗ്സ്പിന്നർ ചരിത്രമായി മാറിയ മത്സരം. ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റുകളും സ്വന്തമാക്കുക. ഏതൊരു ബൗളറുടെയും വലിയ സ്വപ്നം. അത് സാധിച്ചിട്ടുള്ളവർ രണ്ടു പേർമാത്രം. ഇംഗ്ലണ്ടിന്റെ ജിംലേക്കറും കുംബ്ലെയും. ജിംലേക്കറിന്റെ നേട്ടം 1956 ൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു. ആ നേട്ടം ക്രിക്കറ്റിൽ ചരിത്രം എന്നതിനപ്പുറം അദ്ഭുതമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. അത് തകർക്കപ്പെടില്ലെന്നു വിശ്വസിച്ചിരുന്നവർ ധാരാളം. പക്ഷേ, ആ അദ്ഭുതം വീണ്ടും ആവർത്തിക്കപ്പെട്ടു. 43 വർഷത്തെ നീണ്ട കാലയളവിനു ശേഷം. ഡെൽഹി ഫിറോസ് ഷാ കോട്ലയിൽ പാക്കിസ്‌ഥാനെതിരേയായിരുന്നു കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടം. 74 റൺസ് മാത്രം വിട്ടു കൊടുത്താണ് കുംബ്ലെ 10 വിക്കറ്റുകളും കൊയ്തത്. 420 റൺസിന്റെ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ നേടിയ ഇന്ത്യയുടെ ജയം 212 റൺസിനായിരുന്നു.

<ആ>കോൽക്കത്ത, 2001, 171 റൺസ് ജയം, ഓസ്ട്രേലിയ

ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളിൽ കൂട്ടായ പ്രകടനം കൊണ്ട് ജയിച്ച മത്സരം. അതിൽ കേമൻ വി.വി.എസ്. ലക്ഷമൺ. കോൽക്കത്ത ഈഡൻഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യതോറ്റു. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ബാറ്റിംഗ് 445 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 171 റൺസിനു പുറത്തായി. ഇന്ത്യക്ക് ഫോളോഓൺ. ഫോളോ ഓൺ വഴങ്ങിയ ഇന്ത്യയെ അല്ല രണ്ടാം ഇന്നിംഗ്സിൽ കണ്ടത്. അക്ഷരാർഥത്തിൽ ലക്ഷ്മണും ദ്രാവിഡും ചേർന്ന് ഇന്ത്യയെ തോളിലേറ്റുകയായിരുന്നു. ലക്ഷ്മൺ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ നേടി. പിന്നീട് അത് സെവാഗ് തിരുത്തി. ലക്ഷ്മണും ദ്രാവിഡും പുറത്താകാതെ നിന്നു. ലക്ഷ്മന്റെ ബാറ്റിൽ നിന്നു പിറന്നത് 281 റൺസ്. ദ്രാവിഡ് നേടിയത് 180 റൺസും. ഇന്ത്യ ഡിക്ലയർ ചെയ്തത് 589 റൺസിന്. 75 ഓവർ പിടിച്ചു നിന്നാൽ മത്സരം സമനിലയിലാകും. ഓസ്ട്രേലിയയുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. പക്ഷേ, ഹർഭജൻ സിംഗ് അതിന് ഓസ്ട്രേലിയയെ സമ്മതിച്ചില്ല. ആദ്യ ഇന്നിംഗ്സിൽ 123 റൺസ് വഴങ്ങി ഏഴു വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. അവസാന ഇന്നിംഗ്സിൽ ഭാജി പ്രകടനം ആവർത്തിച്ചു. ആറു വിക്കറ്റ് നേടിയ അദ്ദേഹം ഓസ്ട്രേലിയയുടെ പ്രതീക്ഷകളെ കാറ്റിൽ പറത്തി ഇന്ത്യക്ക് 171 റൺസിന്റെ മികച്ച വിജയം സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.