16 ജയങ്ങളുമായി റയൽ
16 ജയങ്ങളുമായി റയൽ
Monday, September 19, 2016 11:36 AM IST
മാഡ്രിഡ്: തുടർച്ചയായ പതിനാറു ലാ ലിഗ മത്സരവും ജയിച്ച റയൽ മാഡ്രിഡ് പുതിയ റിക്കാർഡിനരികിൽ. സ്പാനിഷ് ലീഗ് ഫുട്ബോളിൽ എസ്പാനിയോളിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചാണ് റയൽ തുടർച്ചയായ പതിനാറാം ജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ റയൽ പുതിയ റിക്കാർഡ് സ്‌ഥാപിച്ചു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരത് ബെയൽ എന്നിവരില്ലാതെ കളിച്ച റയലിനു ഹാമിഷ് റോഡ്രിഗസ് (45+2), കരീം ബെൻസേമ (71) എന്നിവർ വലകുലുക്കി. അടുത്ത മത്സരവും ജയിക്കുകയാണെങ്കിൽ റയലിനു 2010–11 സീസണിൽ പെപ് ഗാർഡിയോളയുടെ ബാഴ്സലോണ ലാ ലിഗയിൽ സ്‌ഥാപിച്ച 16 തുടർ ജയങ്ങളുടെ റിക്കാർഡ് കടക്കാനാകും. ജയത്തോടെ റയൽ 12 പോയിന്റുമായി ഒന്നാം സ്‌ഥാനത്തേക്കു തിരിച്ചെത്തി. രണ്ടാമതുള്ള ബാഴ്സലോണയ്ക്ക് ഒമ്പത് പോയിന്റാണുള്ളത്.

അസുഖത്തെത്തുടർന്ന് റൊണാൾഡോയും പരിക്കിനെത്തുടർന്ന് ബെയ്ലും ഇല്ലാതെയുള്ള റയലിന്റെ ആദ്യ ഇലവനിൽ റോഡ്രിഗസ് സ്‌ഥാനം പിടിച്ചു. 133 ദിവസത്തിനുശേഷമാണ് കൊളംബിയൻ താരം റയലിന്റെ ആദ്യ പതിനൊന്നിൽ ഇടംപിടിക്കുന്നത്. ഭാഗ്യത്തിന്റെ ആനുകൂല്യവും റയലിനുണ്ടായിരുന്നു. രണ്ടാം മിനിറ്റിൽ നായകൻ സെർജിയോ റാമോസ് പെനാൽറ്റി ബോക്സിനുള്ളിൽവച്ച് എസ്പാനിയോൾ താരം ഹെർനൻ പെരസിന്റെ ഷോട്ട് കൈകൊണ്ട് തട്ടിയതിനു പുറത്താക്കൽ വക്കിൽനിന്നും മഞ്ഞക്കാർഡ് കൊണ്ട് രക്ഷപ്പെട്ടു.


ഇതിനുശേഷം പെപെയുടെ പ്രതിരോധ പിഴവിൽ ലിയോ ബാപ്റ്റസിറ്റോയ്ക്കു ഗോളിനുള്ള അവസരം ലഭിച്ചു. എന്നാൽ എസ്പാനിയോൾ താരത്തിന്റെ ഷോട്ട് നേരെ റയൽ ഗോൾകീപ്പർ കികോ കാസിയസിന്റെ കൈകളിലായിരുന്നു. 19–ാം മിനിറ്റിൽ റയൽ പരിക്കേറ്റ കസേമിറോയ്ക്കു പകരം ടോണി ക്രൂസിനെ ഇറക്കി. എസ്പാനിയോളിന്റെ ഗോൾ മുഖത്തേക്കു ബെൻസമ പലപ്പോഴും കടന്നെങ്കിലും സഹതാരങ്ങൾക്കു ഗോളിനുള്ള വഴിയൊരുക്കാനായില്ല. 39–ാം മിനിറ്റിൽ മാഴ്സലോയുടെ ക്രോസിൽ ഫ്രഞ്ച് താരം ഹെഡറിലൂടെ വല കുലുക്കി. എന്നാൽ ബെൻസമ ഓഫ് സൈഡിലായതിനാൽ ഗോൾ അനുവദിച്ചില്ല. തൊട്ടടുത്ത മിനിറ്റിൽ എസ്പാനിയോളിന്റെ ബാപ്റ്റിസ്റ്റോ ഗോളിനരികിൽ എത്തിയതാണ്. എന്നാൽ എസ്പാനിയോൾ താരത്തിന്റെ ഹെഡർ പുറത്തേയ്ക്കായിരുന്നു. അഡഡ് ടൈമിന്റെ രണ്ടാം മിനിറ്റിൽ റോഡ്രിഗസ് ക്രൂസിന്റെ പാസിൽ വലകുലുക്കി.

ഒരു ഗോൾ ലീഡ് നേടിയ റയൽ രണ്ടാം പകുതിയിൽ ശക്‌തമായി കളിച്ചു. 59–ാം മിനിറ്റിൽ ബെൻസമയുടെ മികച്ചൊരു ഷോട്ട് ഗോൾകീപ്പർ ഡിയേഗോ ലോപ്പസ് അസാമാന്യ മെയ് വഴക്കത്തോടെ തട്ടിയകറ്റി. മൂന്നാം തവണയും വല ലക്ഷ്യമാക്കി തൊടുത്ത ഫ്രഞ്ച് താരത്തിന്റെ അടി വലയിലെത്തി. ലൂകാസ് വാസ്ക്വസിന്റെ ക്രോസിൽനിന്നും ബെൻസമ റയലിന്റെ ലീഡ് ഉയർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.