റിക്കാർഡ് ട്രെന്റ്ബ്രിജ്
റിക്കാർഡ് ട്രെന്റ്ബ്രിജ്
Wednesday, August 31, 2016 12:02 PM IST
ട്രെന്റ്ബ്രിജ്: ചരിത്രം വഴിമാറും ചിലർവരുമ്പോൾ എന്നു പറഞ്ഞപോലെയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ അവസ്‌ഥ. ടെസ്റ്റിലേതുപോലെ ഏകദിനക്രിക്കറ്റിലെ അസാമാന്യ ടീം ആയിരുന്നില്ല ഇംഗ്ലണ്ട്. എന്നാൽ, സമീപകാലത്ത് അവരുടെ മികവ് അവിശ്വസനീയമാണ്.

ജോസ് ബട്ലറും ജോ റൂട്ടും ഇയോൻ മോർഗനും ഹെയ്ൽസുമടങ്ങുന്ന ഇംഗ്ലീഷ് ടീം ഇന്ന് ഏവരുമൊന്നു ഭയക്കും. ആ ഭയത്തിന് ഒന്നുകൂടി ആക്കംകൂട്ടുന്ന ഒടുവിലത്തെ ഉദാഹരണമായിരുന്നു, പാക്കിസ്‌ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം. ലോകറിക്കാർഡുകൾ പലതും കടപുഴകിയ മത്സരത്തിൽ ഇംഗ്ലണ്ട് പാക്കിസ്‌ഥാനെ 169 റൺസിനു കീഴടക്കി. ആദ്യം ബാറ്റ്ചെയ്ത ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ സ്കോറായ മൂന്നിന് 444 റൺസാണ് പാക്കിസ്‌ഥാനു മുന്നിൽവച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്‌ഥാൻ 42.4 ഓവറിൽ 275 റൺസിന് എല്ലാവരും പുറത്തായി. സ്വന്തം മൈതാനത്ത് ആടിത്തിമിർത്ത ഓപ്പണർ അലക്സ് ഹെയിൽസിന്റെ മികച്ച സെഞ്ചുറിയും (122 പന്തിൽ 171) ജോസ് ബട്ലർ (51 പന്തിൽ 90), ജോ റൂട്ട് (86 പന്തിൽ 85), ഇയോൻ മോർഗൻ (27 പന്തിൽ 57) എന്നിവരുടെ അർധ സെഞ്ചുറിയും നിറം പകർന്ന ഇംഗ്ലീഷ് പടയെ തോൽപ്പിക്കാൻ ഉതകുന്ന ആയുധങ്ങളൊന്നും പാക് പടയുടെ കൈവശമില്ലായിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച് 28 പന്തിൽ 58 റൺസ് നേടിയ ബൗളർ മുഹമ്മദ് ആമിറാണ് പാക്കിസ്‌ഥാന്റെ ടോപ് സ്കോറർ.

30 പന്തിൽ 58 റൺസ് നേടിയ ഷർജീൽ ഖാനും തിളങ്ങി. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്സ് നാലും ആദിൽ റഷീദ് രണ്ടു വിക്കറ്റും നേടി. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പര 3–0നു സ്വന്തമാക്കി. രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. സെഞ്ചുറി നേടിയ ഹെയ്ൽസാണ് മാൻ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ്ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സ്കോർബോർഡിൽ 33 റൺസ് മാത്രമുള്ളപ്പോൾ ജാസൺ റോയിയെ നഷ്‌ടപ്പെട്ടെങ്കിലും ഹെയ്ൽസും റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റി. തുടക്കംമുതൽ ആക്രമിച്ചു കളിച്ച ഹെയിൽസ് പാക് ബൗളർമാരെ കണക്കറ്റു പ്രഹരിച്ചു. 22 ബൗണ്ടറിയും നാലു സിക്സറുമാണ് ഹെയ്ൽസിന്റെ ബാറ്റിൽ പിറന്നത്.

എട്ടു ബൗണ്ടറിയുണ്ടായിരുന്നു റൂട്ടിന്റെ ഇന്നിംഗ്സിൽ. എന്നാൽ, ജോസ് ബട്ലറും ഇയോൻ മോർഗനുമാണ് ഇംഗ്ലണ്ടിനു ലോകറിക്കാർഡ് സ്കോർ സമ്മാനിച്ചത്. ബട്ലർ ഏഴു ബൗണ്ടറിയും ഏഴു പടുകൂറ്റൻ സിക്സറും പായിച്ചപ്പോൾ മോർഗന്റെ ബാറ്റിൽനിന്ന് ഒഴുകിയത് അഞ്ചു സിക്സറും മൂന്നു ബൗണ്ടറിയുമായിരുന്നു.

ടെസ്റ്റിൽ അത്ര ഫോമിലല്ലാതിരുന്ന ഹെയിൽസിന്റെ മികച്ച മടങ്ങിവരവുകൂടിയാണിത്. പാക് നിരയിൽ മുൻനിര ബൗളർ വഹാബ് റിയാസ് മാത്രം വഴങ്ങിയത് 110 റൺസാണ്. ഒരു വിക്കറ്റ് പോലും ലഭിച്ചുമില്ല. ഷോയ്ബ് മാലിക് മൂന്നോവറിൽ വഴങ്ങിയത് 44 റൺസാണ്.


<ആ>ട്രെന്റ്ബ്രിജിൽ പിറന്ന റിക്കാർഡുകൾ

മൂന്നിന് 444

=ഏകദിന ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ഇനി ഇംഗ്ലണ്ടിന്റെ പേരിൽ


2006ൽ ഹോളണ്ടിനെതിരേ ശ്രീലങ്ക നേടിയ ഒമ്പതിന് 443 ആയിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന സ്കോർ

=ഇംഗ്ലണ്ട് ഏകദിനത്തിൽ നേടുന്ന ഉയർന്ന സ്കോർ. ന്യൂസിലൻഡിനെതിരേ ബർമിംഗ്ഹാമിൽ കഴിഞ്ഞ വർഷം നേടിയ ഒമ്പതിന് 408 ആണ് ആയിരുന്നു ഉയർന്ന സ്കോർ.

=പാക്കിസ്‌ഥാനെതിരേ ഒരു ടീം നേടുന്ന ഉയർന്ന സ്കോർ. 2007ൽ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്ക നേടിയ ആറിന് 392 റൺസാണ് ഉയർന്നത്.

=ലിസ്റ്റ് എ ക്രിക്കറ്റിലെ മൂന്നാമത്തെ ഉയർന്ന സ്കോർ. 2007 ഓവലിൽ നടന്ന മത്സരത്തിൽ സറെ നേടിയ നാലിന് 486 എന്ന സ്കോറാണ് ഏറ്റവും ഉയർന്നത്. നോട്ടിംഗ്ഹാംഷയർ ഈ വർഷം നേടിയ എട്ടിന് 445 റൺസാണ് രണ്ടാമത്തേത്.



<ആ>അലക്സ് ഹെയിൽസ് 171

=ഇംഗ്ലണ്ടിനു വേണ്ടി ഒരാൾ നേടുന്ന ഉയർന്ന സ്കോർ. 1993ൽ ബർമിംഗ്ഹാമിൽ ഓസ്ട്രേലിയയ്ക്കെതിരേ റോബിൻ സ്മിത്ത് പുറത്താകാതെ നേടിയ 167 റൺസാണ് ഉയർന്നത്.

=പാക്കിസ്‌ഥാനെതിരേ ഒരു താരം നേടുന്ന രണ്ടാമത്തെ ഉയർന്ന സ്കോർ. മിർപുരിൽ 2012ൽ വിരാട് കോഹ്്ലി നേടിയ 183 ആണ് ഉയർന്നത്.

=ഒരു ഇംഗ്ലീഷ് താരം പാക്കിസ്‌ഥാനെതിരേ നേടുന്ന ഉയർന്ന സ്കോർ. 1987ൽ ഗ്രഹാം ഗൂച്ച് നേടിയ 142 ആയിരുന്നു മുന്നിൽ.

=ട്രെന്റ്ബ്രിജിലെ ഉയർന്ന വ്യക്‌തിഗത സ്കോർ 2005ൽ ആൻഡ്രൂസ്ട്രോസ് ബംഗ്ലാദേശിനെതിരേ നേടിയ 152 ആയിരുന്നു ഉയർന്നത്.

<ആ>ജോ റൂട്ട്– ഹെയിൽസ് 239

=പാക്കിസ്‌ഥാനെതിരേ ഇംഗ്ലണ്ട് നേടുന്ന ഉയർന്ന് കൂട്ടുകെട്ട്. 2001ൽ ലോർഡ്സിൽ ഒവൈസ് ഷാ–ട്രെസ്ക്കോത്തിക് സഖ്യത്തിന്റെ 170 ആയിരുന്നു ഉയർന്നത്

=പാക്കിസ്‌ഥാനെതിരേ ഒരു ടീം നേടുന്ന ഉയർന്ന കൂട്ടുകെട്ട്. 2013ൽ ഹഷിം അംല – എബി ഡിവില്യേഴ്സ് സഖ്യം നേടിയ 250 ആയിരുന്നു ഉയർന്നത്.

=വഹാബ് റിയാസ് 10 ഓവറിൽ വഴങ്ങിയത് 110 റൺസാണ്ഒരു പാക് താരം വഴങ്ങുന്ന ഉയർന്ന റൺസ്. വഹാബ് റിയാസ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ വഴങ്ങിയ 93 ആണ് ഇതിനുമുമ്പുള്ള ഉയർന്നത്. 113 റൺസ് വഴങ്ങിയ മിക് ലൂയിസാണ് മുന്നിൽ.

=719 റൺസാണ് ഇരുടീമും ചേർന്ന് നേടിയത്. 626 ആയിരുന്നു മുമ്പത്തെ ഉയർന്ന സ്കോർ. ദുബായിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് 355ഉം പാക്കിസ്‌ഥാൻ 271 ഉം റൺസ് നേടി.


<ആ>ഉയർന്ന ഏകദിന സ്കോറുകൾ

(ടീം,സ്കോർ, എതിർ ടീം, വേദി, തീയതി എന്ന ക്രമത്തിൽ)

ഇംഗ്ലണ്ട് മൂന്നിന് 444 ,പാക്കിസ്‌ഥാൻ ,നോട്ടിംഗ്ഹാം , ഓഗസ്റ്റ് 30, 2016

ശ്രീലങ്ക ഒമ്പതിന് 443 , ഹോളണ്ട് , ആംസ്റ്റെൽവീൻ , ജൂലൈ 4, 2016

ദക്ഷിണാഫ്രിക്ക രണ്ടിന് 439 , വിൻഡീസ് , ജൊഹാനസ്ബർഗ് ,ജനുവരി 18,2015

ദക്ഷിണാഫ്രിക്ക ഒമ്പതിന് 438 , ഓസ്ട്രേലിയ , ജൊഹാനസ്ബർഗ് ,മാർച്ച് 12, 2006

ദക്ഷിണാഫ്രിക്ക നാലിന് 438 , ഇന്ത്യ , മുംബൈ ,ഒക്ടോബർ25, 2015

ഓസ്ട്രേലിയ നാലിന് 434 , ദക്ഷിണാഫ്രിക്ക ,ജൊഹാനസ്ബർഗ് ,മാർച്ച് 12, 2006
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.