ആ മെഡൽ എനിക്കു വേണ്ട: യോഗേശ്വർ ദത്ത്
ആ മെഡൽ എനിക്കു വേണ്ട: യോഗേശ്വർ ദത്ത്
Wednesday, August 31, 2016 12:02 PM IST
ന്യൂഡൽഹി: ഇതാണ് യഥാർഥ സ്പോർട്സ്മാൻ സ്പിരിറ്റ.് ലണ്ടൻ ഒളിമ്പിക്സിലെ വെങ്കലനേട്ടം വെള്ളിയായി ഉയർന്നെങ്കിലും റഷ്യൻ താരത്തിന്റെ വെള്ളി മെഡൽ തിരിച്ചു വാങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നു ഗുസ്തിതാരം യോഗേശ്വർ ദത്ത്. 60 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 2012ൽ ലണ്ടനിൽ വെള്ളി മെഡൽ നേടിയ റഷ്യൻ താരം ബേസിക് കുഡുക്കോവിന്റെ സൂക്ഷിച്ചുവച്ച രക്‌തസാമ്പിൾ പരിശോധിച്ചപ്പോൾ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കുടുക്കോവിനെ അയോഗ്യനാക്കിയതിനെത്തുടർന്നാണ് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായി ഉയർന്നത്. നാലുവട്ടം ലോകചാമ്പ്യനും രണ്ടുതവണ ഒളിമ്പിക്സ് മെഡൽ ജേതാവുമായ കുഡുക്കോവ് 2013ൽ ദക്ഷിണ റഷ്യയിലുണ്ടായ ഒരു കാറപകടത്തിൽ മരണമടഞ്ഞിരുന്നു.


കുഡുക്കോവിന്റെ കുടുംബം തന്നെ ആ മെഡൽ സൂക്ഷിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് യോഗേശ്വർ ട്വിറ്ററിൽ കുറിച്ചു. കുടുക്കോവ് മഹാനായ ഗുസ്തിക്കാരനാണെന്നും അദ്ദേഹം വളരെയധികം ആദരം അർഹിക്കുന്ന താരമാണെന്നും യോഗേശ്വർ പറയുന്നു. കുഡുക്കോവിന്റെ മരണശേഷം സാമ്പിൾ പോസിറ്റീവാണെന്നു തെളിഞ്ഞത് വളരെ ദുഃഖകരമായിപ്പോയെന്നും യോഗേശ്വർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.