മുറെ, സെറീന രണ്ടാം റൗണ്ടിൽ
മുറെ, സെറീന രണ്ടാം റൗണ്ടിൽ
Wednesday, August 31, 2016 12:02 PM IST
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ടോപ്സീഡുകൾ കുതിപ്പു തുടരുന്നു. വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ സെറീന വില്യംസും സഹോദരി വീനസ് വില്യംസും രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്. സിമോണ ഹാലെപ്, ആഗ്നീയെഷ്ക റാഡ്വാൻസ്ക എന്നിവരും ആദ്യ മത്സരം വിജയിച്ചു. പുരുഷവിഭാഗത്തിൽ ഒളിമ്പിക് ചാമ്പ്യൻ ആൻഡി മുറെ, സ്റ്റാനിസ്ലാസ് വാവ്റിങ്ക, കെയ് നിഷികോറി, യുവാൻ മാർട്ടിൻ ഡെൽപോട്രോ, ഡൊമിനിക് തൈം, ഇവോ കാർലോവിക് തുടങ്ങിയവരും ആദ്യറൗണ്ടിൽ വിജയം കണ്ടു.

തന്റെ 23–ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന സെറീന റഷ്യൻ താരം ഏകാത്രീന മകറോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് വിജയം കണ്ടത്. സ്കോർ 6–3, 6–3. 2012ലെ ഓസ്ട്രേലിയൻ ഓപ്പണിന്റെ നാലാം റൗണ്ടിൽ തന്ന പരാജയപ്പെടുത്തിയ റഷ്യൻ താരത്തിനെതിരേ 27 വിന്നറുകളാണ് സെറീന പായിച്ചത്. എഴുപത്തിരണ്ടാം ഗ്രാൻഡ്സ്ലാം ടൂർണമെന്റിനിറങ്ങി ചരിത്രംകുറിച്ച വീനസ് 6–2, 5–7, 6–4 എന്ന സ്കോറിന് യുക്രെയ്ൻ താരം കാതറീന കോസ് ലോവയെ തോൽപ്പിച്ചാണ് രണ്ടാം റൗണ്ടിൽ കടന്നത്. അമേരിക്കൻ താരം ജെസീക്ക പെഗുലയെ നിഷ്പ്രഭമാക്കിയാണ് നാലാം സീഡ് അഗ്നീഷ്യ റാഡ്വാൻസ്ക വിജയിച്ചത്. സ്കോർ 6–1, 6–1. അഞ്ചാം സീഡ് റൊമാനിയയുടെ സിമോണ ഹാലെപ് 6–0, 6–2 എന്ന സ്കോറിന് ബെൽജിയൻ താരം ക്രിസ്റ്റ്യൻ ഫ്ളിപ്കെൻസിനെ ആദ്യ റൗണ്ടിൽ മറികടന്നു.

ഓപ്പൺ കാലഘട്ടത്തിൽ കലണ്ടർ വർഷം നാലു ഗ്രാൻഡ്സ്ലാമുകളുടെ ഫൈനലിലെത്തുന്ന നാലാമത്തെ താരമാകാനൊരുങ്ങുന്ന ആൻഡി മുറെ ചെക് താരം ലൂക്കാസ് റൊസോളിനെയാണ് ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയത്. സ്കോർ: 6–3, 6–2, 6–2. 2009ലെ ചാമ്പ്യനും ഒളിമ്പിക് വെള്ളി മെഡൽ ജേതാവുമായ യുവാൻ മാർട്ടിൻ ഡെൽപോട്രോയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. സ്വന്തം നാട്ടുകാരനായ ഡീഗോ ഷ്വാട്സ്മാനെ 6–4, 6–4, 7–6 എന്ന സ്കോറിനാണ് അർജന്റീനിയൻ താരം കീഴടക്കിയത്.


<ആ>ചരിത്രത്തിലേക്ക് കാർലോവിച്ചിന്റെ എയ്സ്

ന്യൂയോർക്ക്: ചരിത്രത്തിലേക്ക് എയ്സ് പായിച്ച ഇവോ കാർലോവിച്ചായിരുന്നു യുഎസ് ഓപ്പൺ രണ്ടാം ദിവസത്തെ താരം. തായ് വാന്റെ യെൻ സൺ ലുവിനെതിരേ നടന്ന മത്സരത്തിൽ 61 എയ്സുകൾ പായിച്ചുകൊണ്ടാണ് ക്രൊയേഷ്യൻ താരം തന്റെ പേര് റിക്കാർഡ് ബുക്കിൽ എഴുതിച്ചേർത്തത്. 4–6, 7–6, 6–7, 7–6, 7–5 എന്ന കടുത്തപോരാട്ടത്തിനൊടുവിലാണ് കാർലോവിച്ച് ജയിച്ചുകയറിയത്. 49 എയ്സുകൾ പായിച്ച ഡച്ചുതാരം റിച്ചാർഡ് ക്രായിച്ചെക്കിന്റെ പേരിലായിരുന്നു മുൻപ് റിക്കാർഡ്. 1999ലെ യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ യെവ്ജെനി കഫൽനിക്കോവിനെതിരായായിരുന്നു ക്രായിച്ചെക്കിന്റെ പ്രകടനം. ഇവോ കാർലോവിച് ഇതിനു മുമ്പ് മൂന്നുതവണ 50ലധികം എയ്സുകൾ ഒരു മത്സരത്തിൽ പായിച്ചിട്ടുണ്ട്. ഏറ്റവുമധികം എയ്സുകൾ തൊടുത്തതിന്റെ റിക്കാർഡും ഈ മുപ്പത്തിയേഴുകാരനു തന്നെയാണ്. ഇതുവരെ 11,277 എയ്സുകളാണ് ആറടി 11 ഇഞ്ച്(2.11 മീറ്റർ) ഉയരമുള്ള ഈ ക്രൊയേഷ്യക്കാരന്റെ റാക്കറ്റിൽ നിന്നും മൂളിപ്പാഞ്ഞത്.ഏറ്റവും കൂടുതൽ എയ്സ് പായിച്ചതിന്റെ റിക്കാർഡ് അമേരിക്കയുടെ ജോൺ ഇസ്നറുടെ പേരിലാണ്, 113 എയ്സുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.