സെവാഗിനോടു കളിച്ചാൽ ഇങ്ങനെയിരിക്കും പിയേഴ്സ് മോർഗനു പറ്റിയ പറ്റേ..!
സെവാഗിനോടു കളിച്ചാൽ ഇങ്ങനെയിരിക്കും പിയേഴ്സ് മോർഗനു പറ്റിയ പറ്റേ..!
Wednesday, August 31, 2016 12:02 PM IST
ന്യൂഡൽഹി: ഒളിമ്പിക്സിൽ രണ്ടു മെഡൽ മാത്രം നേടിയത് ഇന്ത്യക്കാർ അമിതമായി ആഘോഷിക്കുന്നുവെന്ന് പറഞ്ഞ് പരിഹസിച്ച ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനോടുള്ള കലിപ്പ് ഇനിയും ഇന്ത്യൻ ആരാധകർക്കു തീരുന്നില്ല. ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് മോർഗനു കൊടുത്ത മറുപടിക്കു പിന്നാലെ സെവാഗിന്റെ വ്യാജപ്പേരുണ്ടാക്കിയാണ് ഒരു വിരുതൻ മോർഗനു മേൽ പൊങ്കാലയിട്ടത്. ഇംഗ്ലണ്ട് ലോകകപ്പ് നേടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ സെവാഗിന് മോർഗൻ നൽകിയ മറുപടിയും അതിനോടുള്ള സെവാഗിന്റെ വ്യാജന്റെ പ്രതികരണവുമാണ് ട്വിറ്ററിൽ പുതിയ വെടിക്കെട്ടിനു തിരികൊളുത്തിയത്. ഇന്ത്യ ഒളിമ്പിക്സിൽ സ്വർണം നേടുന്നതിന് മുൻപ് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയിരിക്കും എന്നായിരുന്നു മോർഗന്റെ പുതിയ വെല്ലുവിളി. ഇന്ത്യ ഒളിമ്പിക്സ് സ്വർണം നേടിയാൽ 10 ലക്ഷം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് പന്തയം വയ്ക്കുന്നുവെന്നും മോർഗൻ ട്വീറ്റ് ചെയ്തു. എന്നാൽ, ഇന്ത്യ ഇതിനകം ഒമ്പത് ഒളിമ്പിക് സ്വർണം നേടിക്കഴിഞ്ഞുവെന്നും എന്നാൽ, ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലണ്ട് ഇതുവരെ ഒരു ലോകകപ്പും നേടിയിട്ടില്ലെന്നും വ്യാജൻ വീരു തിരിച്ചടിച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞാൽ ഇപ്പോൾ തന്നെ ഞങ്ങളുടെ കോഹിനൂർ രത്നം നിങ്ങൾ കടമായി വച്ചിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു.

സെവാഗിന്റെ വ്യാജന് മുൻപും പിന്നാലെയുമായി പിയേഴ്സ് മോർഗന്റെ ട്വിറ്റർ പേജിൽ ഇന്ത്യക്കാരുടെ വക പൊങ്കാല അരങ്ങുതകർക്കുകയാണ്. 1928ൽ തന്നെ ഇന്ത്യ ഒളിമ്പിക്സിൽ സ്വർണം നേടിയിട്ടുണ്ടെന്നു ചിലർ കുറിച്ചു. റിയോ ഒളിമ്പിക്സിൽ ഒരു വെള്ളിയും വെങ്കലവും നേടിയത് മതിമറന്നാഘോഷിച്ച ഇന്ത്യക്കാരെ പരിഹസിച്ച പിയേഴ്സ് മോർഗന് സെവാഗ് തകർപ്പൻ മറുപടിയാണ് നൽകിയത്്. ഞങ്ങൾ കൊച്ചുകൊച്ച് സന്തോഷങ്ങളും ആഘോഷിക്കുന്നവരാണ്. ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലണ്ടിന് ഇനിയും ഒരു ലോകകപ്പ് വിജയിക്കാനായിട്ടില്ല. എന്നിട്ടും ഇപ്പോഴും അവർ ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരിക്കുന്നു. അത് മോശമാണോ? ഇതായിരുന്നു സെവാഗിന്റെ മറുപടി.സെവാഗിന്റെ വാദം അംഗീകരിച്ച പിയേഴ്സ് മോർഗൻ പിന്നീട് കുറിച്ചു. കെവിൻ പീറ്റേഴ്സൻ കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെയെന്ന്. ട്വന്റി20 ലോകകപ്പ് നേടിയപ്പോൾ പീറ്റേഴ്സനായിരുന്നു പരമ്പരയുടെ താരമെന്നും മോർഗൻ ചൂണ്ടിക്കാട്ടി. കെവിൻ പീറ്റേഴ്സന്റെ ദക്ഷിണാഫ്രിക്കക്കാരനാണെന്നായിരുന്നു വീരുവിന്റെ മറുപടി. ഇതിനെല്ലാം പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാക്കിസ്‌ഥാൻ ബൗളർമാരെ കശാപ്പു ചെയ്ത് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചതിനു പിന്നാലെയായിരുന്നു മോർഗന്റെ ആഹ്ലാദം. എന്തായാലും ട്വിറ്ററിൽ ഈ വിഷയത്തിൽ പൊരിഞ്ഞ പോരാട്ടം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.