മങ്ങിയ ജയവുമായി ബാഴ്സ
മങ്ങിയ ജയവുമായി ബാഴ്സ
Monday, August 29, 2016 11:15 AM IST
ബിൽബാവോ: സ്പാനിഷ് ലീഗിൽ നിലവിലെ ചാമ്പ്യൻ ടീം ബാഴ്സലോണയ്ക്ക് നിറംമങ്ങിയ വിജയം. എവേ പോരാട്ടത്തിനിറങ്ങിയ ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിന് അത്ലറ്റിക് ബിൽബാവോയെ പരാജയപ്പെടുത്തി. ക്രൊയേഷ്യൻ താരം ഇവാൻ റിക്കിട്ടിച്ച് നേടിയ ഗോളാണ് ബാഴ്സയെ കാത്തത്. തുടക്കം മുതൽ ബാഴ്സയ്ക്കു കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബാഴ്സയ്ക്ക് അതൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. മുന്നേറ്റനിരയിൽ ബ്രസീൽ സൂപ്പർസ്റ്റാർ നെയ്മറുടെ അഭാവത്തിൽ ആർഡ ടുറാനായിരുന്നു മെസിക്കും ലൂയിസ് സുവാരസിനുമൊപ്പമുണ്ടായിരുന്നത്. എന്നാൽ, മൂവരുടെയും കൂട്ടുകെട്ട് പലപ്പോഴും പാളി. ഇവരെ മെരുക്കുന്നതിൽ ബിൽബാവോ പ്രതിരോധത്തിനു സാധിച്ചു.

21–ാം മിനിറ്റിൽ സംഭവിച്ച അപ്രതീക്ഷിത പിഴവാണ് ബിൽബാവോയ്ക്കു വിനയായത്. മഴയും മത്സരത്തിന്റെ രസം കളഞ്ഞു.

ഇവാൻ റാക്കിട്ടിച്ചായിരുന്നു ബാഴ്സയുടെ ജയംകുറിച്ച ഗോൾ സ്വന്തമാക്കിയത്. സുവാരസ്, ടുറാൻ നീക്കത്തിനൊടുവിൽ ടുറാൻ നൽകിയ ക്രോസിലായിരുന്നു റാക്കിട്ടിച്ചിന്റെ ഹെഡർഗോൾ. തുടക്കത്തിൽ ബാഴ്സ ആക്രമണം അഴിച്ചുവിട്ടെങ്കിലും ബിൽബാവോ സമർഥമായി പ്രതിരോധിച്ചു. 20–ാം മിനിറ്റിൽ മെസി തകർപ്പൻ മുന്നേറ്റം നടത്തിയെങ്കിലും അതു ഗോളിൽകലാശിച്ചില്ല. കളി പുരോഗമിച്ചതോടെ ഇരുടീമും പരുക്കൻ അടവുകൾ പുറത്തെടുത്തു. 37–ാം മിനിറ്റിൽ ബാഴ്സയുടെ സെർജിയോ ബുസ്കറ്റ്സിനും ലൂയിസ് സുവാരസിനും മഞ്ഞക്കാർഡ് ലഭിച്ചു.


രണ്ടാം പകുതിയിൽ ബാഴ്സയേക്കാൾ തിളങ്ങിയത് ബിൽബാവോയായിരുന്നു. മെസിയുടെ ചില ഒറ്റയാൻ മുന്നേറ്റങ്ങൾ ബിൽബാവോ ഗോൾമുഖത്ത് ഭീതി വിതച്ചു. 81–ാം മിനിറ്റിൽ ബാഴ്സ 2–0നു മുന്നിലെത്തിയെന്ന് തോന്നിയെങ്കിലും സുവാരസ് അതു നഷ്‌ടപ്പെടുത്തി. പിന്നീട് ഇരുടീമും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ പിറന്നില്ല.

രണ്ടു മത്സരങ്ങളിൽനിന്ന് ആറു പോയിന്റുമായി ബാഴ്സ നിലവിൽ രണ്ടാം സ്‌ഥാനത്താണ്. ലാസ് പൽമസ്, റയൽ മാഡ്രിഡ് എന്നിവരും രണ്ടു മത്സരങ്ങളിൽനിന്ന് ആറു പോയിന്റ് വീതവുമായി യഥാക്രമം ഒന്നും മൂന്നും സ്‌ഥാനങ്ങളിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.