കരുത്തർക്കു നിറം മങ്ങിയ ജയം
കരുത്തർക്കു നിറം മങ്ങിയ ജയം
Sunday, August 28, 2016 11:24 AM IST
യൂറോപ്പിലെ പ്രമുഖ ഫുട്ബോൾ ലീഗുകളിൽ കരുത്തർക്കു മങ്ങിയ ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പാനിഷ് പ്രിമോറ ലിഗയിൽ റയൽ മാഡ്രിഡും ഇറ്റാലിയൻ സീരി എയിൽ യുവന്റസും കഷ്‌ടിച്ചു ജയിച്ചു.

<ആ>സൂപ്പർ സബ് റഷ്ഫോർഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന മിനിറ്റിൽ ഗോൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ ജയം തുടർന്നു. ഹൾ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു യുണൈറ്റഡ് പരാജയപ്പെടുത്തി.

ഹൾ സിറ്റിയുടെ കിംഗ്സ്റ്റൺ കമ്യൂണിക്കേഷൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 90+2 മിനിറ്റിൽ മാർകസ് റഷ്ഫോർഡ് വകയായിരുന്നു യുണൈറ്റഡിന്റെ വിജയഗോൾ. രണ്ടാം പകുതിയിൽ യുവാൻ മാട്ടയ്ക്കു പകരമിറങ്ങിയ റഷ്ഫോർഡ് യുണൈറ്റഡിന്റെ സൂപ്പർ സബ് ആയി. വെയ്ൻ റൂണിയുടെ പാസിൽ നിന്നുമാണ് ഗോൾ പിറന്നത്. കരുത്തരായ യുണൈറ്റഡിനെതിരേ ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കു സ്‌ഥാനക്കയറ്റം നേടിയെത്തിയ ഹൾ സിറ്റിയുടെ ആദ്യ തോൽവിയായിരുന്നു. യുണൈറ്റഡിന്റെ ശക്‌തമായ നിരയ്ക്കെതിരേ പ്രതിരോധക്കോട്ട കെട്ടിയ ഹൾ ചുവന്ന ചെകുത്താൻമാരെ പിടിച്ചുകെട്ടി. ഹൾസിറ്റിയുടെ പ്രകടനം അവർ ഒരു പോയിന്റ് അർഹരാണെന്ന് കാണിച്ചു. എന്നാൽ, യുണൈറ്റഡ് അവസാന മിനിറ്റുവരെ തുടർന്ന ആക്രമണത്തിനു മുന്നിൽ ഹൾ സിറ്റി വീഴുകയായിരുന്നു. ജയത്തോടെ യുണൈറ്റഡ് ഒമ്പത് പോയിന്റുമായി രണ്ടാം സ്‌ഥാനത്തെത്തി. ഇതേ പോയിന്റുള്ള ചെൽസിയാണ് ഒന്നാമത്. സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, വെയ്ൻ റൂണി അടങ്ങുന്ന മുന്നേറ്റ നിര തുടക്കം മുതലേ ഹൾ സിറ്റിയുടെ വല ലക്ഷ്യമാക്കി നീങ്ങിയെങ്കിലും ഗോൾ നേടാനായില്ല. ഇരുവരും നടത്തിയ ആക്രമണം കളത്തിൽ അച്ചടക്കം പുലർത്തിക്കളിച്ച ഹൾ സിറ്റി തകർത്തു.

പത്താം മിനിറ്റിൽ ആന്റോണി മാർഷലിന്റെ ക്രോസിൽ ഇബ്രാഹിമോവിച്ചിന്റെ ഹെഡർ ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ഹൾ സിറ്റി കൗണ്ടർ അറ്റാക്കിൽ യുണൈറ്റഡിന്റെ ഭാഗത്തേക്കെത്തി. ഈ മുന്നേറ്റം മൗറെയ്ൻ ഫെല്ലേനിക്കു മഞ്ഞക്കാർഡും നൽകി. ഇതിലൂടെ ലഭിച്ച ഫ്രീകിക്ക് റോബർട്ട് സ്നോഡ്ഗ്രാസ് യുണൈറ്റഡിന്റെ വലയിലേക്കു തൊടുത്തെങ്കിലും പുറത്തേക്കു പോയി. യുണൈറ്റഡ് പന്തടക്കത്തിൽ ആധിപത്യം പുലർത്തി. മാട്ട 33–ാം മിനിറ്റിലെ ഫ്രീകിക്ക് ഗോൾ കീപ്പർ എൽഡിൻ യുകുപോവിച്ച് അനായാസം കൈയിലാക്കി. മറുവശത്ത് ഏബൽ ഹെർണാണ്ടസിന്റെ ഹെഡർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ ഡൈവ് ചെയ്തു തട്ടിയകറ്റി. 36–ാം മിനിറ്റിൽ റൂണി ഗോൾ നേടുമെന്നു തോന്നിച്ചെങ്കിലും ഗോൾ ലൈനരികിൽവച്ച് ഹൾ നായകൻ കുർടിനസ് ഡേവിസ് പന്ത് ബ്ലോക്ക് ചെയ്തു. ആദ്യ പകുതി പിരിയുന്നതിനു തൊട്ടുമുമ്പ് ഇബ്രാഹിമോവിച്ചിന്റെ ബാക്ക് ഹീൽ ഷോട്ട് പുറത്തേക്കായിരുന്നു.

ഗോൾ നേടുകയെന്ന ലക്ഷ്യത്തോടെ മൗറിഞ്ഞോ മാർഷലിനു പകരം ഹെൻറിക് മിഖിത്രായനെ ഇറക്കി. ഈ നീക്കവും ഫലം കൊണ്ടുവന്നില്ല. 71–ാം മിനിറ്റിൽ മാട്ടയ്ക്കു പകരം റഷ്ഫോർഡിനെ ഇറക്കി. ഇതിനു മുമ്പ് പോൾ പോഗ്ബയുടെ ഫ്രീകിക്ക് ഹൾ ഗോൾകീപ്പർ വളരെ ബുദ്ധിമുട്ടി തട്ടിയകറ്റി. വിജയം ലക്ഷ്യമാക്കി കളിച്ച യുണൈറ്റഡ് താരങ്ങൾ ഒന്നടങ്കം ഹൾ സിറ്റിയുടെ ഭാഗത്തായിരുന്നു. തുടർച്ചയായ ആക്രമണത്തിനു ഫലമായാണ് വിജയ ഗോൾ വന്നത്.

<ആ>ടോണി ക്രൂസിന്റെ ഗോളിൽ റയൽ

<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ29േീി്യബരൃൗലെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>മാഡ്രിഡ്: സ്വന്തം സാന്റിയാഗോ ബർണേബു സ്റ്റേഡിയത്തിൽ ലീഗിലെ രണ്ടാം മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് മങ്ങിയ ജയം. 82–ാം മിനിറ്റിൽ ടോണി ക്രൂസ് നേടിയ ഗോളിലൂടെയായിരുന്നു ചാമ്പ്യൻസ് ലീഗ് ജേതാക്കളുടെ വിജയം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് റയൽ സെൽറ്റ ഡി വിഗോയെ തോല്പ്പിച്ചത്. സിനദിൻ സിദാന്റെ ടീം പൊരുതി നേടുകയായിരുന്നു ഈ ജയം. റയലിന്റെ ആദ്യ ഗോൾ ആൽവരോ മൊറാട്ട (60) വകയായിരുന്നു. ഫാബിയൻ ഒറേലന (67) സെൽറ്റയ്ക്കുവേണ്ടി വല കുലുക്കി.


ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻനിരയിലില്ലെങ്കിലും ശക്‌തമായ മുന്നേറ്റനിരയുള്ള റയലിനു സെൽറ്റയുടെ വല കുലുക്കാൻ ഒരു മണിക്കൂർ വേണ്ടിവന്നു. ആൽവരോ മൊറാട്ടയിലൂടെ റയൽ മുന്നിലെത്തി. എന്നാൽ അധികം വൈകാതെ സെൽറ്റ ഫാബിയൻ ഒറേലന മികച്ചൊരു ഷോട്ടിലൂടെ തിരിച്ചടിച്ചു. ഇതിനുശേഷം ഗാരത് ബെയ്ൽ നല്ലൊരു അവസരം നഷ്‌ടമാക്കി. ഇതിനു പിന്നാലെയാണ് ക്രൂസ് വിജയം കുറിച്ച ഗോൾ നേടിയത്.

തുടക്കത്തിൽ ലൂക്ക മോഡ്രിച്ചിലൂടെ റയൽ ഗോളിനടുത്തെത്തിയെങ്കിലും പന്ത് വലയിൽ വീണില്ല. സെൽറ്റ തുടരാക്രമണങ്ങളിലൂടെ റയലിന്റെ പ്രതിരോധക്കാർക്കു പിടിപ്പതു പണിയുണ്ടാക്കിക്കൊണ്ടിരുന്നു. 29–ാം മിനിറ്റിൽ മോഡ്രിച്ച് വീണ്ടും സെൽറ്റയുടെ വല ലക്ഷ്യമാക്കിയെങ്കിലും പന്ത് ബാറിൽ തട്ടി തെറിച്ചു. മൂന്നു മിനിറ്റിനുശേഷം മോഡ്രിച്ച് ഒരിക്കൽക്കൂടി വല ലക്ഷ്യമാക്കി ലോംഗ് റേഞ്ച് ഷോട്ട് വലയിലേക്കു തൊടുത്തു. എന്നാൽ, ഗോൾ കീപ്പർ സെർജിയോ അൽവാരെസ് പന്ത് പുറത്തേക്കു തട്ടിയകറ്റി. ഇതിനെത്തുടർന്ന് ലഭിച്ച കോർണറിൽനിന്നും ഹെഡ് ചെയ്തു വല കുലുക്കാനുള്ള ഗാരത് ബെയ്ലിന്റെ ശ്രമവും പരാജയപ്പെട്ടു. 40–ാം മിനിറ്റിൽ ബെയ്ൽ പായിച്ച ഷോട്ട് ഗോൾകീപ്പർ രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിൽ 52–ാം മിനിറ്റിൽ ബെയ്ലിന്റെ ഫ്രീകിക്ക് വലയ്ക്കു മുകളിലൂടെ പറന്നു. 60–ാം മിനിറ്റിൽ റയൽ കാത്തിരുന്ന നിമിഷമെത്തി. സെൽറ്റയുടെ പ്രതിരോധപിഴവ് മുതലെടുത്ത് മൊറാട്ട വലകുലുക്കി. ഇതിനുശേഷം മൊറാട്ട രണ്ടാം ഗോളിനടുത്തെത്തിയതാണ്. പക്ഷേ വലതു പോസ്റ്റ് വിലങ്ങുതടിയായി. 67–ാം മിനിറ്റിൽ മികച്ചൊരു ഫിനിഷിംഗിൽ ഒറേലന റയൽ വല ചലിപ്പിച്ചു. ജോൺ ഗുഡേറ്റിയാണ് പാസ് നൽകിയത്. 80–ാം മിനിറ്റിൽ ഗാരത് ബെയ്ലിന്റെ ഹെഡർ ഗോൾകീപ്പർ രക്ഷിച്ചു. ലൂകാസ് വാസ്ക്വസാണ് പാസ് നൽകിയത്. ഒരു മിനിറ്റ് കഴിഞ്ഞ് ഒരിക്കൽക്കൂടി വാസ്ക്വസ് ഗോളിനുള്ള സൗകര്യം ഒരുക്കി. ക്രൂസിന്റെ വലം കാൽ ഷോട്ട് വലയിൽ തറച്ചുകയറി.

<ആ>യുവന്റസിനു ജയം

റോം: രണ്ടാം പകുതിയിൽ സാമി ഖദീരയുടെ ഗോളിൽ നിലവിലെ സീരി എ ചാമ്പ്യന്മാരായ യുവന്റസ് ലാസിയോയ്ക്കെതിരേ ജയം സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുവന്റസിന്റെ ജയം. തുടർച്ചയായ രണ്ടാം സീരി എ മത്സരത്തിലും ഖദീരയ്ക്കു ഗോൾ നേടാനായി. ക്ലബ്ബിലേക്കു പുതിയതായെത്തിയ ഗോൺസാലോ ഹിഗ്വെയ്നെ പുറത്തിയിരുത്തിയാണ് മാസ്മില്യേനോ അല്ലെഗ്രി ടീമിനെ ഇറക്കിയത്. സീരി എയിലെ ആദ്യ മത്സരത്തിൽ ഹിഗ്വെയ്ന്റെ ഗോളിലാണ് യുവന്റസ് ജയിച്ചത്. 65–ാം മിനിറ്റിലാണ് അർജന്റൈൻ സ്ട്രൈക്കർ കളത്തിലെത്തിയത്. ഹിഗ്വെയ്ൻ ഇറങ്ങിയതിനു തൊട്ടു പിന്നാലെയായിരുന്നു ഖദീരയുടെ വിജയഗോൾ.

ആദ്യപകുതിയിൽ പ്രതിരോധാത്മക ഫുട്ബോളാണ് രണ്ടു ടീമും പുറത്തെടുത്തത്. അതുകൊണ്ട് മികച്ച ഗോൾ അവസരങ്ങൾ കുറവായിരുന്നു.

രണ്ടാം പകുതിയിൽ യുവന്റസ് പ്രകടനം മെച്ചപ്പെടുത്തി. മരിയോ മാൻസുകിച്ച്, പൗളോ ഡയബല, ഖദീര എന്നിവർ ഗോളവസരങ്ങൾ ഉണ്ടാക്കി. 66–ാം മിനിറ്റിൽ ഖദീര ഗോൾ നേടി. ഇതോടെ യുവന്റസ് പ്രതിരോധം ശക്‌തിപ്പെടുത്തി. അവസാന മിനിറ്റുകളിൽ ലാസിയോ സമനിലയ്ക്കായി പൊരുതിയെങ്കിലും യുവന്റസിന്റെ വലയിൽ പന്തെത്തിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.