രസംകൊല്ലിയായി മഴ
രസംകൊല്ലിയായി മഴ
Sunday, August 28, 2016 11:24 AM IST
ഫോർട്ട് ലൗഡർഡേൽ: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ആദ്യ മത്സരം ജയിച്ച വിൻഡീസ് പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് ഒന്നാം ട്വന്റി 20യിൽ റൺസ് വാരിക്കൂട്ടിയതുപോലെ കൂറ്റൻ സ്കോർ ഉയർത്താനായില്ല. നിശ്ചിത 20 ഓവറിൽ വെസ്റ്റ് ഇൻഡീസ്19.4 ഓവറിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ട് ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാത്തെ 15 റൺസ് എന്ന നിലയിൽ നിൽക്കേ മഴയെത്തി.

ടോസ് നേടിയ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി പതിവു പോലെ എതിരാളികളെ ബാറ്റിംഗിനു വിടുകയായിരുന്നു. സ്റ്റുവർട്ട് ബിന്നിക്കു പകരം അമിത് മിശ്ര ടീമിൽ ഇടംപിടിച്ചു. സാവധാനമാണ് വെസ്റ്റ് ഇൻഡീസ് തുടങ്ങിയത്. നാലാം ഓവറിന്റെ രണ്ടാം പന്തിൽ ഒന്നാം ട്വന്റി 20യിലെ സെഞ്ചുറി വീരൻ എവിൻ ലൂയിസിനെ (7) മിശ്രയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷാമി ആദ്യ പ്രഹരമേൽപ്പിച്ചു. എന്നാൽ ജോൺസൺ ചാൾസ് ഒന്നാം ഏകദിനത്തിൽ മികവ് ആവർത്തിക്കുമെന്നു തോന്നിച്ചു. തുടർച്ചയായി ഫോറുകൾ പായിച്ച് ചാൾസ് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു.

ധോണി നടത്തിയ ബൗളിംഗ് ചേഞ്ച് കളിയിൽ മാറ്റമുണ്ടാക്കി. മിശ്രയെ ധോണി പന്തേൽപ്പിച്ചു. ആറാം ഓവറിന്റെ ആദ്യ പന്തിൽ ചാൾസ് (43) വീണു. രഹാനയ്ക്കായിരുന്നു ക്യാച്ച്. 25 പന്തിൽ 43 റൺസ് നേടിയ ഓപ്പണിംഗ് ബാറ്റ്സ്മാൻ അഞ്ചു ഫോറും രണ്ടു സിക്സും ഓപ്പണർ പറത്തിയിരുന്നു. ഇതിനുശേഷം രവീന്ദ്ര ജഡേജയും മിശ്രയും ചേർന്ന് വിൻഡീസിനെ വരിഞ്ഞു മുറുക്കി. ലെൻഡിൽ സിമൺസും മർലോൺ സാമുവൽസും പതുക്കെ ആക്രമണ മൂഡിലേക്കു വരുകയാണെന്നു തോന്നിച്ച അവസരത്തിൽ ധോണി പന്തെറിയാൻ അശ്വിനെ വിളിച്ചു. പത്താം ഓവറിന്റെ അവസാന പന്തിൽ വൈഡ് പോയ പന്തിന്റെ ഗതിയറിയാതെ കയറിക്കളിച്ച സിമൺസിനെ (19) ധോണി സ്റ്റംപ് ചെയ്തു. അടുത്ത ഓവറിലെ ആദ്യ പന്തിൽത്തന്നെ ജസ്പ്രീത് ബുംറ സാമുവൽസിനെ (5) ധോണി കൈകളിലൊതുക്കി.


അടുത്തതായെത്തിയത് വെടിക്കെട്ട് ബാറ്റ്സ്മാൻ കെയ്റോൺ പൊളാർഡ്. ഒരു ഫോറും ഒരു സിക്സറും പറത്തിയ പൊളാർഡിനും ക്രീസിൽ അധികം ആയുസില്ലായിരുന്നു. അശ്വിൻ പൊളാർഡിനെ (13) എൽബിഡബ്ല്യുവിൽ കുരുക്കി. അടുത്ത ഓവറിൽ ആന്ദ്രെ ഫ്ളെച്ചറുടെ (3) വിക്കറ്റ് ബുംറ തെറിപ്പിച്ചു. പിന്നീടെത്തിയ ബാറ്റ്സ്മാന്മാർ കൂറ്റൻ അടികൾക്കു ശ്രമിച്ചെങ്കിലും ഇന്ത്യയുടെ അച്ചടക്കമുള്ള പന്തേറുകാർ അവരെ തടഞ്ഞുനിർത്തി.

ആന്ദ്രെ റസൽ (13), ഡ്വെയ്ൻ ബ്രാവോ (3) എന്നിവരെ പെട്ടെന്നു പുറത്താക്കി വിൻഡീനെ അവസാന ഓവറുകളിൽ വൻ സ്കോർ നേടുന്നതിൽനിന്നും തടഞ്ഞു.

മിശ്ര എറിഞ്ഞ പതിനെട്ടാം ഓവറിന്റെ ആദ്യ രണ്ടു പന്തുകൾ ഫോറും സിക്സും പായിച്ച കാർലോസ് ബ്രാത്വെയ്റ്റ് (13) അവസാന പന്തിൽ വിരാട് കോഹ്ലിയുടെ കൈകളിലെത്തി. സാമുവൽ ബദ്രിയെ ക്ലീൻബൗൾഡാക്കി ഷാമി വിൻഡീസിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.