ആൻസിലോട്ടിക്കും ബയേണിനും ഗംഭീര തുടക്കം
Saturday, August 27, 2016 11:57 AM IST
മ്യൂണിക്: ബയേൺ മ്യൂണിക്കിന്റെ പരിശീലകനായുള്ള കാർലോ ആൻസിലോട്ടിയുടെ ആദ്യ ബുണ്ടേസ് ലിഗ ഫുട്ബോൾ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർക്കു ഗംഭീര ജയം. കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക് ഗോൾ മികവിൽ ബയേൺ എതിരില്ലാത്ത ആറു ഗോളിനു വെർഡർ ബ്രെമനെ തകർത്തു. കഴിഞ്ഞ സീസണിൽ 30 ഗോളുമായി വല നിറച്ച ലെവൻഡോവ്സ്കി പുതിയ സീസണിലും ഗോൾവേട്ട തുടങ്ങി. 13, 46, 77 മിനിറ്റുകളിലായിരുന്നു പോളിഷ് താരത്തിന്റെ ഗോളുകൾ. സാബി അലോൻസോ (9), ഫിലിപ്പ് ലാം (66), ഫ്രാങ്ക് റിബറി (73) എന്നിവരാണ് മറ്റു സ്കോറർമാർ.

സ്വന്തം അലയൻസ് അരീന ഗ്രൗണ്ടിൽ ബയേണിനു വലകുലുക്കാൻ എട്ട് മിനിറ്റേ വേണ്ടിവന്നുള്ളൂ. അലോൻസോ ഒരു ഹാഫ് വോളിയിലൂടെ ഗോൾകീപ്പറുടെ മുകളിലൂടെ വലയിലേക്കു തൊടുത്തു. ബ്രെമന്റെ പ്രതിരോധം വീണ്ടും തകർത്തുകൊണ്ട് നാലു മിനിറ്റുകൂടിയായപ്പോൾ റിബറിയുടെ പാസിൽ പ്രതിരോധക്കാരില്ലാതെ നിന്ന ലെവൻഡോസ്കി വലകുലുക്കി. ബയേൺ താരങ്ങൾ മികച്ച നീക്കങ്ങളിലൂടെ ബ്രെമൻ ഗോൾമുഖം വിറപ്പിച്ചെങ്കിലും ഗോൾകീപ്പർ ഫെലിക്സ് വീഡ്വാൽഡിന്റെ രക്ഷപ്പെടുത്തലുകൾ സന്ദർശക ടീമിനെ തുണച്ചു.


രണ്ടാം പകുതിയിലും ബയേൺ ആധിപത്യം തുടർന്നു. ആദ്യ മിനിറ്റിൽതന്നെ തോമസ് മ്യൂളറുടെ ക്രോസ് സ്വീകരിച്ച ലെവൻഡോവ്സ്കി രണ്ടാം ഗോളും ബയേണിന്റെ ലീഡും ഉയർത്തി. മ്യൂളറുടെ അസിസ്റ്റ് വീണ്ടും. 66ാം മിനിറ്റിൽ മ്യൂളറുടെ പാസിൽ ലാം മികച്ചൊരു ഫിനിഷിംഗിലൂടെ ബ്രെമന്റെ വലയിൽ പന്തെത്തിച്ചു. ഗോളടിക്കുന്നതിനേക്കാൾ ഗോളടിപ്പിക്കുന്നതിനു മിടുക്കു കാട്ടിയ മ്യൂളറിൽനിന്ന് മൂന്നാമത്തെ അസിസ്റ്റ് വന്നു. ഇത്തവണ റിബറിയാണ് വലയിലേക്കു നിറയൊഴിച്ചത്. അടുത്തതായി ലഭിച്ച ഒരു പെനാൽറ്റിയിലൂടെ ലെവൻഡോസ്കി ഹാട്രിക് തികച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.