ബ്ലാറ്ററുടെ കേസിൽ വാദം: മിഷേൽ പ്ലറ്റീനി നേരിട്ടു ഹാജരായി
ബ്ലാറ്ററുടെ കേസിൽ വാദം: മിഷേൽ പ്ലറ്റീനി നേരിട്ടു ഹാജരായി
Saturday, August 27, 2016 11:57 AM IST
ലോസാൻ: അഴിമതി ആരോപണങ്ങളെത്തുടർന്ന് ഫുട്ബോളിൽ വിലക്കു നേരിടുന്ന മുൻ ഫിഫ പ്രസിഡന്റ് സെപ്ബ്ലാറ്ററുടെ കേസിൽ മുൻ യുവേഫ പ്രസിഡന്റ് മിഷേൽ പ്ലറ്റീനി കായിക കോടതിയിൽ ഹാജരായി.

ഫിഫാ പ്രസിഡന്റായിരിക്കെ 2011ൽ 13.4 കോടി രൂപ അനധികൃതമായി യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ (യുവേഫ) പ്രസിഡന്റ് മിഷേൽ പ്ലറ്റീനിക്ക് നൽകിയെന്നതാണ് ബ്ലാറ്റർക്കെതിരായ പ്രധാന പരാതി. ഈ പരാതിയിൽ നടന്ന വിചാരണയിലാണ് പ്ലറ്റീനി ഹാജരായി വിശദീകരണം നൽകിയത്. ബ്ലാറ്റുടെ ഹർജിയിലാണ് കോടതി വാദം കേട്ടത്.

ഈ കേസിൽ ഞാനും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും കോടതിയിൽ പറഞ്ഞിട്ടുണ്ട്. സത്യം എന്താണെന്നു കോടതിയെ അറിയിക്കാനാണ് നേരിട്ടെത്തിയത്.– പ്ലറ്റീനി മാധ്യമപ്രവർത്തകരോടു പറഞ്ഞു.


ലോകകപ്പ് സംപ്രേഷണാവകാശം വിറ്റതിലായിരുന്നു ആദ്യ അഴിമതി. കോൺകാകാഫ് തലവൻ ജാക് വാർണറുമായി 2005ലാണ് ഫിഫ കരാർ ഒപ്പിട്ടത്. യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയ്ക്കായിരുന്നു വിൽപ്പന. വാർണർ ഇത് ഉയർന്ന വിലയ്ക്ക് മറിച്ചുവിറ്റു. ജാക് വാർണറും വിലക്കു നേരിടുകയാണ്. രണ്ടാമത്തേത് 2011ൽ പ്ലറ്റീനിയുമായി നടത്തിയ പണമിടപാടായിരുന്നു. ഒമ്പതുവർഷംമുമ്പ് നടത്തിയ പ്രവർത്തനങ്ങൾക്കാണ് പണം നൽകിയത്. പ്ലറ്റീനിയെ കുടുക്കിയതും ഈ ഇടപാടായിരുന്നു. 2018, 2022 ലോകകപ്പ് വേദികൾ അനുവദിച്ചതിനു പിന്നിലും അഴിമതിയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.