അച്ഛൻ മകളോടു പറഞ്ഞു, ഉന്നം തെറ്റാതെ കാഞ്ചി വലിച്ചിട്ടു മതി കല്യാണം!
Friday, August 26, 2016 11:54 AM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: മകളെ കെട്ടിച്ചുവിടാൻ കരുതിവച്ചിരുന്ന പണമെടുത്ത് അഞ്ചു ലക്ഷം രൂപയുടെ തോക്കു വാങ്ങുമ്പോൾ മണിലാലിന്റെ മനസു പറഞ്ഞു, അവൾ കാഞ്ചിയിൽ കനകം വിളയിക്കും.

ഒളിമ്പിക്സ് വേദിയിൽ ഇന്ത്യൻ പെൺകുട്ടികൾ കരുത്തറിയിച്ച കാലത്താണ് മണിലാൽ ഗോഹിൽ എന്ന അച്ഛൻ ഈ സാഹസത്തിനു മുതിരുന്നത്. നാലുവർഷങ്ങൾക്കപ്പുറം ടോക്കിയോയിലേക്കാണു മണിലാലിന്റെ മനസും എത്തിനോക്കുന്നത്. കഠിന പരിശീലനത്തിനൊടുവിൽ താൻ ഒരു ദിവസം രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് മണിലാലിന്റെ മകൾ മിത്തൽ ഗോഹിലും പറയുന്നു.

ഗുജറാത്തിൽ നിന്നുള്ള ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് മിത്തൽ ഗോഹിൽ. പരിശീലനത്തിനു സ്വന്തമായി ഒരു റൈഫിളില്ലാതെ വിഷമിക്കുന്ന മകളുടെ വിഷമം കണ്ടപ്പോൾ ആ കുടുംബം പിന്നീടൊന്നും ആലോചില്ല. അവളെ കെട്ടിച്ചയയ്ക്കാൻ പലപ്പോഴായി സ്വരുക്കൂട്ടി വച്ചിരുന്ന അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു ജർമൻ മെയ്ഡ് റൈഫിൾ വാങ്ങി നൽകി.


തോക്കിനു ലൈസൻസ് എടുക്കുന്നതിനായി അച്ഛനും മകളും ഗോമതിപൂരിലെ ലോക്കൽ പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് ഇക്കാര്യം ശ്രദ്ധിക്കപ്പെടുന്നത്. റിക്ഷാ ഡ്രൈവറായിരുന്ന മണിലാലിനെ പരിചയമുള്ള പോലീസുകാർ റൈഫിൾ കണ്ട് അമ്പരന്നു. കാര്യം മനസിലാക്കിയ പോലീസുകാർ എത്രയും വേഗം ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തു കൊടുത്തു. ഈ തോക്കിൽ നിന്നുതിരുന്ന ഒരു വെടിയുണ്ടയ്ക്കു 31 രൂപയാണു വില. ഒരു ടൂർണമെന്റിൽ പങ്കെടുക്കണമെങ്കിൽ ആയിരം റൗണ്ട് തിരകളെങ്കിലും വേണ്ടിവരും. അതുകൊണ്ടാണ് മണിലാലിന്റെ വേവലാതികൾ ഇപ്പോൾ വെടിയുണ്ടകളെക്കുറിച്ചാകുന്നത്.

മിത്തലിന് മറ്റൊരു മോഹം ഇന്ത്യൻ ആർമിയിൽ ചേരണമെന്നാണ്. എന്നാൽ, തന്റെ ഉയരക്കുറവ് ഇതിനു തടസമാകുമെന്ന് മിത്തൽ തന്നെ പറയുന്നു. മിത്തലിന്റെ ഇളയ സഹോദരൻ മിതേഷും ഇപ്പോൾ ഷൂട്ടിംഗ് പരിശീലനം നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.