ലണ്ടനിലെ വെള്ളി റിയോയിൽ സ്വർണമാക്കി സെമന്യ
ലണ്ടനിലെ വെള്ളി റിയോയിൽ സ്വർണമാക്കി സെമന്യ
Sunday, August 21, 2016 11:18 AM IST
റിയോ: വിവാദങ്ങൾക്ക് യഥാർഥ പോരാളിയെ തളർത്താനാവില്ലെന്നു കാസ്റ്റർ സെമന്യ തെളിയിച്ചു. 800 മീറ്ററിൽ ലണ്ടനിൽ നേടിയ വെള്ളി മെഡൽ റിയോയിൽ സ്വർണമാക്കിയാണ് തന്നെ സംശയിച്ചവർക്ക് ദക്ഷിണാഫ്രിക്കൻ താരം മറുപടി നൽകിയത്. 1:55.28 എന്ന സമയത്തിൽ ഫിനിഷ് ചെയ്ത സെമന്യ തന്റെതന്നെ പേരിലുള്ള ദേശീയ റിക്കാർഡ് തിരുത്തിക്കുറിക്കുകയും ചെയ്തു. 1:56.49 എന്ന സമയത്തിൽ ഫിനിഷിംഗ് വര കടന്ന ബുറുണ്ടിയുടെ ഫ്രാൻസിൻ നിയോൺസാബയ്ക്കാണ് വെള്ളി. കെനിയയുടെ മാർഗരറ്റ് നയെയ്റാ വാംബു 1:56.89 മിനിറ്റിൽ വെങ്കലം നേടി.

ഒളിമ്പിക്സിൽ ഒരു മെഡൽ നേടുകയെന്നത് എല്ലാ അത്ലറ്റുകളുടെയും സ്വപ്നമാണെന്നായിരുന്നു വിജയിച്ച ശേഷം സെമന്യ പറഞ്ഞത്. ചെക്കോസ്ലൊവാക്യയുടെ ജാർമില ക്രാറ്റോച്ച് വിലോവ 1983ൽ കുറിച്ച 1:53.28ന്റെ ലോകറിക്കാർഡ് ഇത്തവണയും ഭേദിക്കപ്പെട്ടില്ല.

2009ലെ ലോകചാമ്പ്യൻഷിപ്പ് വിജയിക്കുമ്പോൾ സെമന്യയ്ക്കു വെറും 18 വയസ് മാത്രമായിരുന്നു. വനിതയല്ലെന്ന ആരോപണങ്ങൾ അന്നു മുതൽ വിടാതെ പിന്തുടർന്നു. തന്റെ ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അംശം കൂടുതലാണെന്നു കണ്ടെത്തി. അതു കുറയ്ക്കാനുള്ള ചികിത്സയും സെമന്യ നടത്തിയിരുന്നു.


സെമന്യ വനിതകൾക്കൊപ്പം മത്സരിക്കരുതെന്നാണ് ബ്രിട്ടന്റെ മുൻ മാരത്തോൺ ലോക ചാമ്പ്യൻ പൗള റാഡ്ക്ലിഫ് പറയുന്നത്. ഒരുപക്ഷേ സെമന്യ തെറ്റൊന്നും ചെയ്യുന്നുണ്ടാവില്ല പക്ഷേ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പ്രകടനത്തിന് ഉത്തേജനമേകുന്നില്ലെവന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ ചുമതലയാണെന്നും പൗള പറയുന്നു. മരുന്നുപയോഗിക്കുന്നത് അളവുകുറയ്ക്കുമെങ്കിലും അത് പ്രകടനത്തെയും പരിശീലനത്തെയും ബാധിക്കാൻ ഇടയുണ്ട് അതിനാൽ ഓപ്പറേഷൻ നടത്തുകയോ മത്സരിക്കാതിരിക്കുകയോ ആണ് വേണ്ടതെന്നും പൗള പറയുന്നു.

എന്തായാലും സെമന്യയുടെ ഈ മെഡൽ ഇത്തരത്തിൽ വിവേചനമനുഭവിക്കുന്ന അതലറ്റുകൾക്കൊരു പ്രചോദനമാകുമെന്നു തീർച്ചയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.