മൂന്നാഴ്ചയ്ക്കിടെ രണ്ടു ലോകോത്തര നേട്ടങ്ങൾ; എസ്.എൽ. നാരായണനെ വരവേൽക്കാൻ നാടൊരുങ്ങി
മൂന്നാഴ്ചയ്ക്കിടെ രണ്ടു ലോകോത്തര നേട്ടങ്ങൾ; എസ്.എൽ. നാരായണനെ വരവേൽക്കാൻ നാടൊരുങ്ങി
Sunday, August 21, 2016 11:18 AM IST
<ആ>ഡി. ദിലീപ്

തിരുവനന്തപുരം: മൂന്നാഴ്ചക്കിടെ രണ്ടു ലോകോത്തര നേട്ടങ്ങൾ സ്വന്തം പേരിൽ എഴുതിച്ചേർത്ത ഗ്രാൻഡ് മാസ്റ്റർ എസ്.എൽ. നാരായണനെ വരവേൽക്കാൻ മണ്ണന്തല നിവാസികൾ ഒരുക്കം തുടങ്ങി. നാടിന്റെ അഭിമാനമായി മാറിയ നാരായണനെ വരവേൽക്കുക എന്നത് അവരുടെ സന്തോഷത്തിന് പകരുന്നത് ഇരട്ടിമധുരമാണ്.

ജൂലൈയിലാണു ശ്രീലങ്കയിൽ നടന്ന കോമൺവെൽത്ത് ജൂണിയർ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ നാരായണൻ തിരുവനന്തപുരത്തെ മണ്ണന്തലയിൽ നിന്ന് അച്ഛനോടൊപ്പം വിമാനം കയറിയത്. ചാമ്പ്യൻഷിപ്പിൽ വെള്ളി സ്വന്തമാക്കിയ നാരായണൻ നേരേ പോയതു ഭുവനേശ്വറിൽ നടക്കുന്ന ലോക ജൂണിയർ ചെസ് ചാമ്പ്യൻഷിപ്പിലേക്കാണ്. കഴിവുകൾ മാറ്റുരയ്ക്കാനുള്ള വിശ്രമമില്ലാത്ത യാത്രകൾക്കിടയിലും സൂക്ഷ്മത ചോരാതെ കരുക്കൾനീക്കി നാരായണൻ അവിടെയും സ്വർണത്തിളക്കമുള്ള വെങ്കലം കരസ്‌ഥമാക്കി. ആ വാർത്തയറിഞ്ഞപ്പോൾ സ്വന്തം നാടായ മണ്ണന്തലയിൽ ഉയർന്ന ആഹ്ലാദത്തിന്റെ കരഘോഷങ്ങൾക്ക് അറുതിയില്ലായിരുന്നു. നാളെ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന നാരായണനെ സ്വീകരിക്കാനും വൻ വരവേൽപ് നൽകാനുമുള്ള ഒരുക്കത്തിലാണ് നാട്ടുകാരും മാർ ഈവാനിയോസ് കോളജിലെ സഹപാഠികളും.

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് നാരായണനു ചെസ് കളിയിൽ കമ്പം തോന്നിത്തുടങ്ങിയത്. പട്ടം എൽഐസിയിൽ ഹയർ ഗ്രേഡ് അസിസ്റ്റന്റ് ആയ് അമ്മ ലൈന ചെസ് കളിക്കുമായിരുന്നു. ഓഫീസിൽ നടക്കുന്ന മത്സരങ്ങളിൽ അമ്മ പങ്കെടുക്കുന്നത് കണ്ടുകണ്ടാണ് നാരായണനും ചതുരംഗക്കളത്തിൽ കരുക്കൾ നീക്കിത്തുടങ്ങിയത്. കളിയിലെ അവന്റെ മികവ് തിരിച്ചറിഞ്ഞ അച്ഛനമ്മമാർ അവന് പ്രോത്സാഹനത്തിന്റെ പൊന്നുമ്മകൾ നൽകി. നാരായണൻ കളിച്ചു. കളിച്ചു കളിച്ചു ജയിച്ചു. അവന്റെ ഓരോ ജയവും അവർ സ്നേഹത്തോടെ കൊണ്ടാടിയപ്പോൾ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും അവൻ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. പിന്നെയുള്ള ഓരോ മത്സരം നടക്കുമ്പോഴും അവനേക്കാളേറെ ആധി പേറിയത് അന്നാട്ടുകാരും കുടുംബസുഹൃത്തുക്കളുമായിരുന്നു. തിരുവനന്തപുരത്തെ കപബ്ലാങ്ക ചെസ് സ്കൂൾ പ്രിൻസിപ്പൽ പി. ശ്രീകുമാർ ആണ് നാരായണന്റെ ആദ്യഗുരു.


ഫിഡെ റേറ്റിങ്ങിൽ 2515 ആണ് നാരായണന്റെ പോയിന്റ്. പോയിന്റ് വർധിപ്പിച്ചാലേ ലോക ചെസ് ചാമ്പ്യൻഷിപ്പ് എന്ന നേട്ടം കൈവരിക്കാനാകൂ. പക്ഷേ 100 പോയിന്റ് വർധിപ്പിക്കണമെങ്കിൽതന്നെ 20–25 ലക്ഷം രൂപയോളം ചെലവുവരും. പരിശീലനത്തിനുമാത്രം അഞ്ചുലക്ഷം രൂപയാണ് പ്രതിവർഷം ചെലവ് വരുന്നതെന്നും അച്ഛൻ സുനിൽദത്ത് പറയുന്നു.

ഇത്രയുംതുക സർക്കാരിനോട് അഭ്യർഥിക്കാൻ കഴിയില്ലെന്ന് നാരായണനും കുടുംബത്തിനും അറിയാം. എങ്കിലും സർക്കാരിൽ തന്നെയാണ് അവരുടെ പ്രതീക്ഷ. അതോടൊപ്പം സ്വകാര്യ സ്പോൺസർമാരെ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്.

കറുപ്പും വെളുപ്പും നിറഞ്ഞ കളിക്കളത്തിൽ എതിരാളിയുടെ കരുനീക്കങ്ങളെ വെട്ടിനിരത്തിയ നാരായണന്റെ മുന്നേറ്റങ്ങളിൽ ഒരു ഇടത്തരം കുടുംബം അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളുമുണ്ട്. മുന്നോട്ടുള്ള യാത്ര അതിനേക്കാൾ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്ന് നാരായണന്റെ മാതാപിതാക്കൾ പറയുന്നു. ഇതുവരെയുള്ള മകന്റെ നേട്ടങ്ങൾക്കുവേണ്ടി അരക്കോടിയോളം രൂപ കണ്ടെത്തേണ്ടി വന്നതായി നാരായണന്റെ അച്ഛൻ സുനിൽദത്ത് പറയുന്നു. വിവിധ രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യാത്രയും താമസവും തന്നെ വലിയ ബാധ്യതയാണ്. അതിനും മുകളിലാണ് മത്സരത്തിനുള്ള രജിസ്ട്രേഷൻ ഫീസ്. എങ്കിലും അവൻ രാജ്യത്തിന്റെ അഭിമാനമായി മാറണമെന്നാണ് അവരുടെ ആഗ്രഹവും.

തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ എസ്.എൽ. നാരായണൻ മാർ ഇവാനിയോസ് കോളജിൽ ബിഎ ഒന്നാം വർഷ വിദ്യാർഥിയാണ്. ഗവൺമെന്റ് കരാറുകാരനായിരുന്ന അച്ഛൻ സുനിൽദത്ത് മകനോടൊപ്പം സഞ്ചരിക്കുന്നതിനു വേണ്ടി ആറുവർഷംമുമ്പ് ജോലി ഉപേക്ഷിച്ചു. സഹോദരി പാർവതിയും ദേശീയ ചെസ് താരമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.