ബാഴ്സലോണയ്ക്കു തകർപ്പൻ ജയം
Sunday, August 21, 2016 11:18 AM IST
ബാഴ്സലോണ: സ്പാനിഷ് പ്രീമിയർ ഡിവിഷൻ ഫുട്ബോൾ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്കു തകർപ്പൻ ജയത്തോടെ തുടക്കം. കഴിഞ്ഞ സീസണിൽ ഗോളടിച്ചു നിർത്തിയതിൽനിന്നു തുടങ്ങിയ ലൂയിസ് സുവാരസ് ഹാട്രിക്കും ലയണൽ മെസി ഇരട്ട ഗോളുമായി മത്സരത്തിൽ തിളങ്ങി. റയൽ ബെറ്റിസിനെതിരേ 6–2ന്റെ തകർപ്പൻ ജയമാണ് ബാഴ്സ സ്വന്തമാക്കിയത്. 42, 56, 82 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകൾ. 37, 57 മിനിറ്റുകളിൽ മെസിയും വല കുലുക്കി. ഇവർക്കൊപ്പം അർദ ടുറാൻ (6) ഗോൾ പട്ടികയിൽ കടന്നു. ബെറ്റിസിന്റെ രണ്ടു ഗോളുകളും റൂബൻ കാസ്ട്രോ (21, 84) വകയായിരുന്നു. കഴിഞ്ഞ സീസണിൽ മെസിയും സുവാരസും 66 ലീഗ് ഗോളുകളാണ് നേടിയത്. ഇരുവരും പുതിയ ലീഗ് സീസണിലും ഗോളടി തുടങ്ങി. ഈ കൂട്ടുകെട്ടിലെ മൂന്നാമനായ നെയ്മർ ഒളിമ്പിക്സ് ഡ്യൂട്ടിയിലായതിനാൽ മത്സരത്തിൽ ഇല്ലായിരുന്നു. എന്നാൽ നെയ്മറിനു പകരം ഇവർക്കൊപ്പം മുൻ നിരയിൽ അർദ ടുറാനുണ്ടായിരുന്നു. നെയ്മറിന്റെ കുറവ് ഒട്ടും കാണിക്കാതെ കളിച്ച ടുറാൻ ആറാം മിനിറ്റിൽ ബാഴ്സയെ മുന്നിലെത്തിച്ചു. എന്നാൽ 21ാം മിനിറ്റിൽ റൂബൻ കാസ്ട്രോ ബെറ്റിസിനായി സമനില നേടി. 37–ാം മിനിറ്റിൽ പുതിയ സീസണിൽ മെസി ഗോളടി തുടങ്ങി. അർജന്റൈൻ താരത്തിന്റെ ഇടംകാലൻ അടി വലയിൽ. ആദ്യ പകുതി തീരും മുമ്പ് സുവാരസിലുടെ (42) ബാഴ്സ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ കൂടുതൽ ശക്‌തമായി ആക്രമണം നടത്തിയ ബാഴ്സലോണ വീണ്ടും ഗോൾ നില ഉയർത്തി. 56–ാം മിനിറ്റിൽ സുവരാസ് രണ്ടാം ഗോൾ നേടി. തൊട്ടടുത്ത മിനിറ്റിൽ മെസി തന്റെ രണ്ടാം ഗോളിലൂടെ പട്ടിക കൂടുതൽ ഉയർത്തി. 82ാം മിനിറ്റിൽ സുവാരസ് ഹാട്രിക് തികച്ചു. 84–ാം മിനിറ്റിൽ കാസ്ട്രേയ്ക്ക് രണ്ടാം ഗോൾ നേടാനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.