ദിപയ്ക്ക് ഊഷ്മള സ്വീകരണം
ദിപയ്ക്ക് ഊഷ്മള സ്വീകരണം
Saturday, August 20, 2016 12:29 PM IST
ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്തി നാട്ടിലെത്തിയ ദിപ കർമാകർക്ക് ഊഷ്മള സ്വീകരണം. ഇന്ത്യയിൽനിന്ന് ഒളിമ്പിക് ജിംനാസ്റ്റിക്സിനു യോഗ്യത നേടുന്ന ആദ്യ വനിതയാണ് ദിപ. ആ ഒളിമ്പിക്സിൽത്തന്നെ ഫൈനലിൽ കടക്കാനും ദിപ കർമാകർ എന്ന ത്രിപുരക്കാരിക്കായി. ഫൈനലിൽ വെറുതെ പങ്കെടുത്തിട്ടു പോകാതെ മികച്ച പ്രകടനം നടത്തിയ ദിപ ഒരു ഘട്ടം വരെ ആദ്യ മൂന്നു സ്‌ഥാനങ്ങളിൽ ഉണ്ടായിരുന്നു. നേരിയ വ്യത്യാസത്തിലാണ് നാലാം സ്‌ഥാനത്തേക്കു പതിച്ചത്. മെഡൽ കിട്ടിയില്ലെങ്കിലും ഏവരുടെയും, എന്തിന് എതിരാളികളുടെ പോലും പ്രശംസ നേടാൻ ഈ താരത്തിനായി. റിയോയിൽ മികച്ച പ്രകടനം നടത്തിയശേഷം നാട്ടിലെത്തിയ ദിപയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.


വോൾട്ട് ഫൈനലിൽ ദിപ ഏറ്റവും അപകടകാരിയായ പ്രൊഡുനോവയിൽ തന്റെ പ്രകടനം നടത്തുകയും ചെയ്തു. ഒന്നു പിഴച്ചാൽ മരണം വരെ സംഭവിക്കാവുന്നതാണ് പ്രൊഡുനോവയിലെ പ്രകടനം. ഫൈനലിൽ പങ്കെടുത്തവരിൽ പലരും പ്രൊഡുനോവയിൽ പ്രകടനത്തിനു മുതിർന്നിരുന്നില്ല. മരണത്തിന്റെ വോൾട്ട് എന്നാണ് പ്രൊഡുനോവയെ വിളിക്കുന്നത്. എന്നാൽ ദിപ ഇതു സമ്മതിക്കുന്നില്ല. ഇനിയും പ്രൊഡുനോവയിൽ പ്രകടനം നടത്തുന്നത് തുടരുമെന്ന് ദിപ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.