സബീന പാർക്കിൽ ഇന്ത്യയോ വിൻഡീസോ?
സബീന പാർക്കിൽ ഇന്ത്യയോ വിൻഡീസോ?
Friday, July 29, 2016 1:01 PM IST
കിംഗ്സ്റ്റൺ: ആന്റിഗ്വയിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിൽ സബീന പാർക്കിൽ ഇറങ്ങുന്ന ഇന്ത്യയെ നേരിടാൻ എന്തായുധമാണ് വിൻഡീസിന്റെ കൈയിലുള്ളത്? ക്രിക്കറ്റ് ആരാധകരുടെ ചോദ്യമാണിത്. വിദേശമണ്ണിൽ തങ്ങളുടെ ഏറ്റവും മികച്ച വിജയമാണ് ഒന്നാംടെസ്റ്റിൽ ഇന്ത്യ സ്വന്തമാക്കിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി മുന്നിൽനിന്നു നയിച്ചപ്പോൾ അശ്വിൻ ഓൾറൗണ്ട് പ്രകടനവുമായി കളംനിറഞ്ഞു.

എന്നാൽ, ഇതിൽനിന്നും തീർത്തും വ്യത്യസ്തമാണ് വിൻഡീസിന്റെ കാര്യം. ക്രിസ് ഗെയ്ലിനെയും ഡ്വെയ്ൻ ബ്രാവോയെയും പോലുള്ള പ്രമുഖർ ടീം വിട്ടിട്ട് കാലം കുറേ കഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് ലോക ക്രിക്കറ്റിനെ വിറപ്പിച്ചിരുന്ന വെസ്റ്റ് ഇൻഡീസ് പേസ് ബൗളിംഗും അതിന്റെ പരിതാപകരമായ അവസ്‌ഥയിലാണ്. ആന്റിഗ്വ ടെസ്റ്റിൽ വെറും രണ്ടു വിക്കറ്റ് മാത്രമാണ് വിൻഡീസ് പേസ് ബൗളർമാർക്ക് നേടാനായത്. ക്യാപ്റ്റൻ ജാസൺ ഹോൾഡറുടെ പരിചയ സമ്പത്ത് പരിമിതമാണുതാനും.

ക്രെയിഗ് ബ്രാത്വെയ്റ്റിന്റെ പ്രകടനം മാത്രമാണ് വിൻഡീസ് നിരയിൽ എടുത്തു പറയാവുന്നത്. ബാറ്റിംഗിൽ ആദ്യ ഇന്നിംഗ്സിൽ അർധസെഞ്ചുറി നേടിയ താരം, ഇന്ത്യൻ ഇന്നിംഗ്സിൽ മൂന്നു വിക്കറ്റുകളും നേടിയിരുന്നു. ബാറ്റിംഗിലെ പ്രതീക്ഷകളായ ഡാരൻ ബ്രാവോയും ജർമെയ്ൻ ബ്ലാക്വുഡും പ്രകടനം മെച്ചപ്പെടുത്തേണ്ടത് അനിവാര്യവുമാണ്. ട്വന്റി20 ടീം പോലെ ഓൾറൗണ്ടർമാരെ മാത്രം ഉൾപ്പെടുത്തി ടീം പ്രഖ്യാപിച്ചതു മുതൽ തുടങ്ങി വിൻഡീസിന്റെ പാളിച്ചകൾ. ആദ്യ ടെസ്റ്റിൽ രണ്ടു ദിവസത്തിൽ താഴെ സമയംകൊണ്ട് 550ലധികം റൺസ് ഇന്ത്യ അനായാസം സ്കോർ ചെയ്തു.


20000ൽ താഴെ മാത്രം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയമാണ് കിംഗ്സ്റ്റണിലെ വരണ്ട പ്രദേശത്ത് സ്‌ഥിതിചെയ്യുന്ന സബീനാപാർക്ക്. വെസ്റ്റ് ഇൻഡീസിലെ വേഗമേറിയ ട്രാക്കുകളിലൊന്നാണിത്. എന്നിരുന്നാലും സമീപകാലത്ത് ഇവിടെ പരാജയങ്ങൾ ഏറ്റുവാങ്ങാനായിരുന്നു വിൻഡീസിന്റെ വിധി.

ആദ്യടെസ്റ്റിൽ വൻ പരാജയമേറ്റുവാങ്ങിയത് വിൻഡീസ് ടീമിന്റെ ആത്മവിശ്വാസത്തെയാകെ ബാധിച്ചിരിക്കുകയാണ്. ഗ്രൗണ്ട് മാറിയതുകൊണ്ടോ പിച്ച് മാറിയതു കൊണ്ടോ ഒന്നും ഇന്ത്യക്കെതിരേ പിടിച്ചു നിൽക്കാനാവില്ല എന്ന ആശങ്ക അവരെ അലട്ടുന്നു.

അശ്വിന്റെയും മുഹമ്മദ് ഷാമിയുടെയും ബൗളിംഗ് ഒരു ദുഃസ്വപ്നം പോലെ അവരെ വേട്ടയാടുന്നു. ആറാമനായി ഇറങ്ങി സെഞ്ചുറി നേടിയ അശ്വിൻ ബാറ്റിംഗിലും വിൻഡീസിന്റെ ഉറക്കം കെടുത്തുന്നു. ആദ്യ ടെസ്റ്റിലെ ടീമിനെ ഇന്ത്യ നിലനിർത്തുമ്പോൾ വിൻഡീസ് സ്പിന്നർ റോസ്റ്റൺ ചേസിനു പകരം പേസ് ബൗളർ മിഗ്വേൽ കമ്മിൻസിനെ ഉൾപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.