നർസിംഗ് കാത്തിരിക്കണം
നർസിംഗ് കാത്തിരിക്കണം
Thursday, July 28, 2016 1:02 PM IST
ന്യൂഡൽഹി : ഉത്തേജക മരുന്നുപയോഗത്തിൽ പിടിക്കപ്പെട്ട ഗുസ്തി താരം നർസിംഗ് യാദവിനെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിലുള്ള തീരുമാനം നീളുന്നു. ഉത്തേജക ഉപയോഗത്തിൽ നർസിംഗിന്റെ വാദം കേൾക്കൽ ഇന്നലെ തീർന്നു. നാഡ അച്ചടക്കസമിതിക്കു മുമ്പാകെ അഭിഭാഷകരുടെ കണ്ടെത്തലുകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നർസിംഗിന് തന്റെ ഗൂഢാലോചനാ വാദം പൂർണമായി തെളിയിക്കാനായിട്ടില്ലെന്നാണ് നാഡയുടെ അഭിഭാഷകൻ പറഞ്ഞു.

ഇക്കാര്യത്തിൽ കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നിലപാടിനെത്തുടർന്നാണ് നർസിംഗിന്റെ കാര്യത്തിൽ തീരുമാനമാകാത്തത്. അതുകൊണ്ടുതന്നെ നർസിംഗിന്റെ റിയോ യാത്ര എന്നാകുമെന്നറിയാൻ കാത്തിരിക്കണം. തിങ്കളാഴ്ചയ്ക്കു മുമ്പ് തീരുമാനമുണ്ടാകുമെന്നാണ് സൂചന.

അതിനിടെ, താൻ നിരപരാധിയെന്ന് നാഡയ്ക്കു മുമ്പിൽ ബോധ്യപ്പെടുത്താനായിട്ടുണ്ടെന്ന് നർസിംഗ് വിശ്വാസം പ്രകടിപ്പിച്ചു. അതു കൊണ്ടുതന്നെ കൂടുതൽ ആത്മവിശ്വാസത്തോടുകൂടി പരിശീലനം തുടരും. ഒളിമ്പിക്സിനു പോകാനാകുമെന്നുതന്നെയാണ് തന്റെ വിശ്വാസമെന്നും നർസിംഗ് പറഞ്ഞു.

“തൂക്കം കൂട്ടുന്ന മരുന്നാണ് എന്നെ പരിശോധിച്ചതിൽ കണ്ടെത്തിയത്. എന്നാൽ, തൂക്കം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഞാൻ. അപ്പോൾ പിന്നെ എന്തിനാണ് ഈ ഉത്തേജകം ഉപയോഗിക്കേണ്ടത് ”നർസിംഗ് ചോദിക്കുന്നു. 74 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് നർസിംഗ് യോഗ്യത നേടിയത്. സായിയിൽ പരിശീലനത്തിലുള്ള ഒരു യുവതാരം തനിക്കുള്ള ഫുഡ് സപ്ലിമെന്റ്സിൽ ഉത്തേജകം ചേർത്തു നൽകിയതായി നർസിംഗ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേർക്കെതിരേ സോനിപത്ത് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. നർസിംഗിനെ അനുകൂലിച്ച് റസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു. നർസിംഗിനെതിരേ വ്യക്‌തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് റസലിംഗ് ഫെഡറേഷന്റെ നിഗമനം.


അതിനിടെ, നർസിംഗിനു പകരം പ്രവീൺ റാണയെ ഉൾപ്പെടുത്തിയത് തെറ്റായി വ്യാഖ്യാനിക്കേണ്ടെന്നും ഉത്തേജകപരിശോധനയിൽ വിജയിച്ചതിനു ശേഷമാണ് റാണയെ ഒളിമ്പിക് ടീമിൽ ഉൾപ്പെടുത്തിയതെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വ്യക്‌തമാക്കി. നർസിംഗ് യാദവ് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു റാണയ്ക്ക് നറുക്കുവീണത്. റാണയെ ഉൾപ്പെടുത്തുന്നതിൽ ദേശീയ ഗുസ്തി ഫെഡറേഷൻ സമ്മതമറിയിച്ചെന്നും അന്താരാഷ്്ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ് റാണയുടെ പേര് അംഗീകരിച്ചെന്നും ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.

നർസിംഗിനെ ഇനി ഒളിമ്പിക്സിനയയ്ക്കണമെങ്കിൽ നാഡയുടെ പാനലിന്റെ അനുകൂലമായ വിധിയും അന്താരാഷ്ര്‌ട ഗുസ്തി ഫെഡറേഷന്റെ സമ്മതവും വേണമെന്നും, പ്രശ്നങ്ങളെല്ലാം തീരുകയാണെങ്കിൽ നർസിംഗിനെ ഒളിമ്പിക്സിനയയ്ക്കുന്നതിൽ തടസമില്ലെന്നും മേത്ത കൂട്ടിച്ചേർത്തു. 124 അത്ലറ്റുകൾ ഉൾപ്പെടെ 211 പേരെ റിയോയിലേക്കയയ്ക്കാനുള്ള നടപടികളെല്ലാം പൂർത്തിയായെന്നും മേത്ത പറഞ്ഞു. 124 അത്ലറ്റുകളിൽ റിസർവ് ഹോക്കിതാരങ്ങളായ നാലുപേർക്ക് ഒളിമ്പിക് വില്ലേജിൽ താമസിക്കാനാവില്ല. നാഡയുടെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഷോട്ട്പുട്ട്താരം ഇന്ദർജീത് സിംഗും റിയോയിലേക്കു പോകുന്ന കാര്യം സംശയമാണ്. ഇന്ത്യൻ കായിക മന്ത്രാലയത്തിന്റെ ക്ലിയറൻസ് ആവശ്യമല്ലെന്നും തങ്ങൾ സർക്കാർ ഫണ്ടുപയോഗിക്കുന്നില്ലെന്നും മേത്ത വ്യക്‌തമാക്കി.

അതിനിടെ, ഉത്തേജക മരുന്നുപയോഗിച്ചു എന്നു തെളിഞ്ഞാൽ അവരെ ഒളിമ്പിക്സിനയയ്ക്കാനാകില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ ലോക്്സഭയിൽ പറഞ്ഞു. എന്നാൽ, നർസിംഗ് യാദവിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടാൽ അദ്ദേഹത്തിന് ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ തടസമില്ലെന്നും ഗോയൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.